നോമ്പ് : ഇതെല്ലാം നാം അറിയണം

പരിശുദ്ധ റമദാൻ അടുത്തു വരികയാണല്ലോ? അതിനാൽ നോമ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ അൽപം വിശദീകരണം നൽകാനാണ് ഉദ്ദേശിക്കുന്നത്. റമദാനിലെ നോമ്പ് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണ്. മന:പൂർവം ഒരാൾ റമദാനിലെ ഒരു നോമ്പുപേക്ഷിച്ചാൽ കൊല്ലം മുഴുവനും നോമ്പു നോറ്റാലും അതിനു പകരമാവില്ല. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. ”അല്ലാഹു അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തിലല്ലാതെ ആരെങ്കിലും റമദാനിൽ ഒരു ദിവസത്തെ നോമ്പുപേക്ഷിക്കുന്ന പക്ഷം ഒരു കൊല്ലം മുഴുവൻ നോമ്പെടുത്താലും അതിനു പകരമാവുകയില്ല.” (അബൂദാവൂദ്, ഇബ്നുമാജ, തിർമുദി)
ഭ്രാന്തൻ, കുട്ടി, രോഗി, യാത്രക്കാരൻ, ഋതുമതി, പ്രസവരക്തമുള്ളവൾ, വയോവൃദ്ധർ, ഗർഭിണി, മുലയൂട്ടുന്നവൾ എന്നിവരൊഴികെയുള്ള ബുദ്ധിയുള്ളവരും പ്രായപൂർത്തിയായവരും സ്ഥിരതാമസക്കാരും ആരോഗ്യമുള്ളവരുമായ എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാർക്കും നോമ്പ് നിർബന്ധമാണ്.
ഭ്രാന്തന് നോമ്പ് തീരെ ബാധകമല്ല. കുട്ടിക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും നോമ്പെടുക്കാൻ ശക്തനായി തുടങ്ങുന്നത് മുതൽ നോമ്പ് ശീലിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നബി (സ)യുടെ കാലത്ത് കുട്ടികളെ നോമ്പെടുത്ത് ശീലിപ്പിക്കാറുണ്ടായിരുന്നുവെന്നും അവർ കരയുമ്പോൾ പാവ കൊടുത്ത് അവരെ സമാധാനിപ്പിച്ചിരുന്നുവെന്നും ഹദീസിൽ വന്നിട്ടുണ്ട്.
വയോവൃദ്ധർ, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗി, ഉപജീവനത്തിന് മറ്റു മാർഗങ്ങളില്ലാത്ത ക്ലേശകരമായ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ എന്നിവർക്ക് നോമ്പെടുക്കാൻ പ്രയാസം നേരിടുകയാണെങ്കിൽ നോമ്പ് ഉപേക്ഷിക്കുവാൻ അനുവാദമുണ്ട്. എന്നാൽ ഓരോ നോമ്പിന്നും പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നൽകണം. സാധനങ്ങളുടെ വില കണക്കാക്കി സാഹചര്യത്തിനനുസരിച്ച് സംഖ്യ കണക്കാക്കിയാൽ മതി. ഇന്നത്തെ വിലനിലവാരമനുസരിച്ച് ഏകദേശം 70, 80 രൂപ എന്ന് കണക്കാക്കാം.
ഇത് റമദാൻ കഴിഞ്ഞയുടൻ തന്നെ നൽകണമെന്നില്ല. സൗകര്യാനുസാരം നൽകാവുന്നതാണ്. അവർക്ക് പിന്നെ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ഇബ്നു അബ്ബാസ് (റ) പറയുന്നു. ”വയോവൃദ്ധർ നോമ്പുപേക്ഷിച്ച ഓരോ ദിവസത്തിനു പകരം ഒരു സാധുവിന് ആഹാരം നൽകാൻ ഇളവ് നൽകപ്പെട്ടിരിക്കുന്നു. അയാൾ അത് പിന്നീട് നോറ്റു വീട്ടേണ്ടതില്ല.” വൃദ്ധന്മാർ, അസുഖം ഭേദമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾ പോലുള്ള നോമ്പെടുക്കാൻ പ്രയാസമുള്ളവർ പകരം ഫിദ്യ നൽകണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് എന്ന് ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കി.
ശമനം പ്രതീക്ഷിക്കുന്ന രോഗിക്ക് രോഗം ഭേദമായാൽ നോമ്പ് നോറ്റു വീട്ടിയാൽ മതിയാവുന്നതാണ്. യാത്രക്കാരനും സൗകര്യാനുസാരം നോറ്റുവീട്ടിയാൽ മതി. അല്ലാഹു പറയുന്നു: ”നിങ്ങളിൽ ഒരാൾ യാത്രക്കാരനോ രോഗിയോ ആയാൽ മറ്റു ദിവസങ്ങളിൽ അത്രയും നോമ്പ് നോറ്റു വീട്ടണം.” രോഗപ്രതിരോധാർഥം കുത്തിവെപ്പ് നടത്തുന്നത് നോമ്പിനെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക ചിലർക്കുണ്ട്. എന്നാൽ സാധാരണ കുത്തിവെപ്പ്്് നോമ്പിനെ ദുർബലപ്പെടുത്തുകയില്ല എന്നാണ് പണ്ഡിതമതം. ഡോക്ടർ യൂസുഫുൽ ഖറദാവി ഈ വിഷയകമായി പറഞ്ഞതെത്ര വ്യക്തം. ‘കുത്തിവെപ്പ് പലവിധമുണ്ട് ചിലത് രോഗ ചികിത്സാർഥമുള്ള ഔഷധങ്ങളുടെ കുത്തിവെപ്പാണ്. അത് പേശിയിലോ തൊലിക്ക് താഴെയോ ആവാം. ഈ കുത്തിവെപ്പ്് നോമ്പിനെ ദുർബലപ്പെടുത്തുകയില്ല എന്ന കാര്യത്തിൽ അഭിപ്രായഭേദമില്ല. അത് ആമാശയത്തിലേക്കെത്തുകയോ ഭക്ഷണമായിത്തീരുകയോ ഇല്ല. അതുകൊണ്ടു അത്തരം കുത്തിവെപ്പുകൾ നോമ്പിന് ദോഷവും ചെയ്യുന്നതല്ല. മറ്റൊരു തരം കുത്തിവെപ്പുണ്ട്. ഗ്ലൂക്കോസ് കുത്തിവെപ്പ് പോലെ ശരീരത്തിൽ ആഹാരത്തിന്റെ രീതിയിൽ പ്രവർത്തിക്കുന്നവ. ഇത്തരം കുത്തിവെപ്പ് അനുവദനീയമാണോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. റമദാനിലെ പകലിൽ അതൊഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അസ്തമയത്തിനു ശേഷവും അതിനു സമയമുണ്ടല്ലോ (ഖറദാവിയുടെ ഫത്വകൾ പേജ് :290) ഋതുമതിയും പ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്.
സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ് ഋതുമതിയാവുന്നതെങ്കിൽപോലും അവരുടെ നോമ്പ് അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല. എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്. ആയിശ (റ) പറയുന്നു, ”നബി (സ)യുടെ കാലത്ത് ഞങ്ങൾ ഋതുമതികളാവാറുണ്ടായിരുന്നു. അപ്പോൾ നോമ്പ് ഖളാ വീട്ടാൻ ഞങ്ങളോടാജ്ഞാപിക്കുമായിരുന്നു. എന്നാൽ നമസ്കാരം ഖളാഅ് വീട്ടാൻ ഞങ്ങളോട് കൽപിക്കാറുണ്ടായിരുന്നില്ല.
തങ്ങളെക്കുറിച്ചോ തങ്ങളുടെ കുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പുപേക്ഷിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. അവർ പ്രായശ്ചിത്തം നൽകണമെന്നും മറ്റു ദിവസങ്ങളിൽ പകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ ഇബ്നു ഉമറിന്റെയും ഇബ്നു അബ്ബാസിന്റെയും അഭിപ്രായം.” യാത്രക്കാരന് നോമ്പും നമസ്കാരത്തിന്റെ പകുതിയും ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നോമ്പും അല്ലാഹു വിട്ടു കൊടുത്തിരിക്കുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഹനഫികളുടെ അഭിപ്രായത്തിൽ ഗർഭിണിയും മുലയൂട്ടുന്നവളും നോമ്പ് ഖളാ വീട്ടിയാൽ മതി. ഫിദ്യ നൽകേണ്ടതില്ല. എന്നാൽ ഗർഭിണികളും മുലയൂട്ടുന്നവരും കുട്ടിയെ സംബന്ധിച്ച ആശങ്കയുടെ പേരിൽ നോമ്പുപേക്ഷിച്ചാൽ അവർ പകരം നോമ്പനുഷ്ഠിക്കുകയും പ്രായശ്ചിത്തം നൽകുകയും വേണമെന്നാണ് ഇമാം ശാഫിഈയുടെയും ഇമാം അഹ്്മദിന്റെയും പക്ഷം. ഇനി സ്വദേഹത്തെക്കുറിച്ച് മാത്രമോ അല്ലെങ്കിൽ കുട്ടിയെയും സ്വദേഹത്തെയും സംബന്ധിച്ചോ ഉള്ള ആശങ്കയിലാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കിൽ അവർ പകരം നോമ്പനുഷ്ഠിച്ചാൽ മതി. പ്രായശ്ചിത്തം വേണ്ടതില്ല എന്നും അവർ അഭിപ്രായപ്പെടുന്നു.
ഈ വിഷയകമായി ഖറദാവിയുടെ അഭിപ്രായം താഴെ കൊടുക്കുന്നു. ഗർഭസ്ഥ ശിശുവിന്റെയോ പാൽ കുടിക്കുന്ന കുട്ടിയുടെയോ കാര്യത്തിലാണ് ആശങ്കയെങ്കിൽ അവർക്ക് നോമ്പുപേക്ഷിക്കാമെന്ന് ഏകകണ്ഠമായി സമ്മതിക്കുന്ന പണ്ഡിതർ അവരത് നോറ്റുവീട്ടേണ്ടതുണ്ടോ അതോ അഗതിക്ക് ആഹാരം നൽകിയാൽ മതിയോ അതോ രണ്ടും വേണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം പുലർത്തുന്നു. ഇബ്നു ഉമർ, ഇബ്നു അബ്ബാസ് തുടങ്ങിയവർ അഗതിക്ക് ആഹാരം നൽകിയാൽ മതിയെന്ന് അഭിപ്രായമുള്ളവരാണ്. എന്നാൽ ഭൂരിപക്ഷവും നോറ്റുവീട്ടുകയാണു വേണ്ടത് എന്ന് കരുതുന്നു. രണ്ടും വേണമെന്ന് വാദിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാരുണ്ട്. എന്റെ അഭിപ്രായത്തിൽ ഗർഭവും മുലയൂട്ടലും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അഗതിക്ക് ആഹാരം നൽകിയാൽ മാത്രം മതിയാകും. കാരണം നോറ്റുവീട്ടാനുള്ള അവസരം അവർക്കുണ്ടാവില്ല. ഗർഭധാരണം, മുലയൂട്ടൽ രണ്ടും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീക്ക് നോമ്പ് നോറ്റുവീട്ടുക ക്ലേശകരമാണ്. ഗർഭധാരണവും മുലയൂട്ടലും നിലച്ച ശേഷം വർഷങ്ങളോളം നോമ്പ് ഖദാഅ് വീട്ടേണ്ടി വരും. അതും ക്ലേശകരമാണ്. അല്ലാഹു തന്റെ ദാസന്മാർക്ക് ക്ലേശമുണ്ടാക്കാനുദ്ദേശിക്കുന്നില്ല. (ഖറദാവിയുടെ ഫത്വകൾ : പേജ് നമ്പർ 287)
നോമ്പ് നിർബന്ധമാവുന്ന മുസ്ലിംസ്ത്രീ പുരുഷന്മാർ താഴെ പറയുന്ന അതിന്റെ റുക്നുകൾ അഥവാ അടിസ്ഥാന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. നിയ്യത്ത്: നോമ്പെടുക്കാനുദ്ദേശിക്കുന്നുവെന്ന് മനസ്സിൽ കരുതുകയാണ് നിയ്യത്ത്. വാക്കാൽ ഉച്ചരിക്കണമെന്നില്ല. നോമ്പുദ്ദേശിച്ച് ഒരാൾ അത്താഴമുണ്ടാൽ അത് നിയ്യത്താണ്. ”പ്രഭാതത്തിന് മുമ്പായി നോമ്പെടുക്കാൻ തീരുമാനമെടുക്കാത്തവന് നോമ്പില്ല എന്ന നബി തിരുമേനിയുടെ തിരുവചന പ്രകാരം റമദാനിലെ ഓരോ രാത്രിയും പ്രഭാതത്തിനു മുമ്പായി നിയ്യത്ത് നിർബന്ധമാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. റമദാനിന്റെ ആദ്യരാത്രിയിൽ റമദാൻ മാസം മുഴുവൻ നോമ്പെടുക്കാൻ തീരുമാനമെടുക്കാമെന്നാണ് മാലികികളുടെ അഭിപ്രായം. നോമ്പെടുക്കുന്നുവെന്ന് മനസ്സിൽ നിയ്യത്തുണ്ടാവൽ നിർബന്ധമാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. നോമ്പിനെയും പട്ടിണിയെയും തമ്മിൽ വേർതിരിക്കുന്ന അടിസ്ഥാന ഘടകം നിയ്യത്താണ്.
2. പ്രഭാതോദയം മുതൽ സൂര്യാസ്തമനം വരെ നോമ്പിനെ ദുർബലപ്പെടുത്തുന്ന താഴെ കൊടുത്ത കാര്യങ്ങൾ വർജിക്കണം.
നോമ്പ് ദുർബലപ്പെടുത്തുകയും ഖദാഅ് മാത്രം നിർബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങൾ ബോധപൂർവം തിന്നുക, കുടിക്കുക, മന:പൂർവം ഛർദിക്കുക, ഋതുരക്തവും പ്രസവരക്തവും പുറത്തു വരിക, ചുംബനം കൊണ്ടോ കരസ്പർശം കൊണ്ടോ ശുക്ലസ്ഖലനം സംഭവിക്കുക, ശരീരത്തിലുള്ള ഏതെങ്കിലും പ്രവേശന മാർഗങ്ങളിലൂടെ ഭക്ഷണ വസ്തുക്കൾ അകത്ത് പ്രവേശിക്കുക. സൂര്യാസ്തമനത്തിനു മുമ്പോ പ്രഭാതോദയത്തിനു ശേഷമോ സമയമായെന്ന് ധരിച്ച് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുക എന്നിവയാണ്.
എന്നാൽ നോമ്പ് ദുർബലപ്പെടുത്തുകയും പകരം നോമ്പനുഷ്ഠിക്കലും പ്രായശ്ചിത്തവും നിർബന്ധമാവുകയും ചെയ്യുന്ന ഒരേയൊരു കാര്യം റമദാനിൽ പകൽസമയത്ത് സംഭോഗത്തിലേർപ്പെടുക മാത്രമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതമതം. അതിന്റെ കാര്യത്തിൽ തികഞ്ഞ ജാഗ്രത ആവശ്യമാണ്. അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ നബി (സ)യുടെ അടുത്തു വന്ന് പറഞ്ഞു. ”അല്ലാഹുവിന്റെ ദൂതരേ, ഞാൻ നശിച്ചു.” നബി(സ) ചോദിച്ചു. ”നിന്നെ നശിപ്പിച്ചത് എന്താണ്?” അദ്ദേഹം പറഞ്ഞു. ”റമദാനിൽ എന്റെ ഭാര്യയുമായി ഞാൻ സംഭോഗത്തിലേർപ്പെട്ടു”. നബി (സ) ചോദിച്ചു ”നിനക്ക് ഒരടിമയെ മോചിപ്പിക്കാനുള്ള കഴിവുണ്ടോ?” അയാൾ പറഞ്ഞു. ”ഇല്ല” നബി (സ) ചോദിച്ചു ”രണ്ടു മാസം തുടരെ നോമ്പനുഷ്ഠിക്കുവാൻ കഴിയുമോ?” ”ഇല്ല” നബി ചോദിച്ചു ”അറുപത് സാധുക്കൾക്ക് ആഹാരം നൽകാനാകുമോ?” ”ഇല്ല” അദ്ദേഹം പറഞ്ഞു. നബി (സ) യുടെ അടുക്കൽ ഒരു കുട്ട കാരക്ക ആരോ കൊണ്ടുവന്നു. നബി (സ) അതു കൊണ്ടുപോയി സാധുക്കൾക്ക് വിതരണം ചെയ്യാനാവശ്യപ്പെട്ടു. ഞങ്ങളേക്കാൾ സാധുക്കൾക്കോ? മദീനയുടെ രണ്ടു ഭാഗത്തുമുള്ള ചരൽഭൂമികൾക്കിടയിൽ ഞങ്ങളേക്കാൾ ഇതിനാവശ്യമുള്ള ഒരു വീട്ടുകാരുമില്ല. നബി (സ) ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ നീ ഇതുകൊണ്ടുപോയി നിന്റെ വീട്ടുകാരെ ഭക്ഷിപ്പിക്കുക.
ഇതിൽനിന്ന് റമദാനിൽ സംഭോഗം ചെയ്യുന്നത് ഗൗരവാവഹമായ കാര്യമാണെന്ന് മനസ്സിലാക്കാം.
നോമ്പിന്റെ മര്യാദകൾ
അത്താഴം കഴിക്കുക.
നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്. അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല. അത് വർജിക്കുന്നത് പാപവുമല്ല എന്ന കാര്യത്തിൽ മുസ്ലിം സമുദായത്തിൽ ഒരാൾക്കും ഭിന്നാഭിപ്രായമില്ല. ‘നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്.” എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം. ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചക ചര്യയാണ്. അത്താഴം വൈകിക്കുന്നതാണുത്തമം. അത്താഴത്തിന്റെയും സുബ്ഹി നമസ്കാരത്തിന്റെയുമിടയിൽ 50 ആയത്തുകളോതുന്ന സമയമാണുണ്ടായിരുന്നതെന്ന് സഹാബികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക് വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്. നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ”പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല.” അതിന്റെ കാര്യത്തിൽ അനാവശ്യമായ വസ്വാസ് ഒഴിവാക്കണം. എന്നാൽ ബാങ്ക് കൊടുത്തിട്ടും അവധാനത കൈകൊള്ളുന്നതും ശരിയല്ല.
നോമ്പു തുറക്കൽ
നോമ്പു തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്. ജനങ്ങൾ നോമ്പ്തുറക്കൽ വേഗമാക്കും കാലമ്ര്രതയും നന്മയിലായിരിക്കും’ എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. നബി (സ) തിരുമേനി മഗ്രിബ് നമസ്കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക, അതില്ലെങ്കിൽ വെള്ളം. നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്. നോമ്പ് തുറക്കുമ്പോഴുള്ള പ്രാർഥന ഒരിക്കലും തള്ളപ്പെടുകയില്ല. ‘അല്ലാഹുമ്മ ലക സുംതു വ അലാ രിസ്കിക്ക അഫ്തർതു.’ അല്ലാഹുവേ, നിനക്കു വേണ്ടി നോമ്പെടുത്തു, നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു. ശേഷം ‘ദഹബള്ളമഅു, വബ്തല്ലത്തിൽ ഉറൂഖു വസബതൽ അജ്റു ഇൻശാഅ് അല്ലാഹ്.’ ദാഹം പോയി. ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പായി” എന്നും പറയുന്നത് സുന്നത്താണ്.
മറ്റാരെങ്കിലും നോമ്പ് തുറക്കാൻ ക്ഷണിച്ചാൽ താഴെ പറയും പ്രകാരം പ്രാർഥിക്കാവുന്നതാണ്. ‘അഫ്ത്വറ ഇൻദകുമുസ്വാഇമൂൻ, വ അകലത്വആമുകുമുൽ അബ്റാർ വസ്വല്ലത്ത് അലൈകുമുൽ മലാഇക” ‘നോമ്പുകാർ നിങ്ങളുടെ അടുക്കൽ നോമ്പുതുറന്നു. നല്ലവർ നിങ്ങളുടെ ഭക്ഷണം ഭക്ഷിച്ചു. മലക്കുകൾ നിങ്ങൾക്ക് ദൈവാനുഗ്രഹത്തിനായി പ്രാർഥിച്ചിരിക്കുന്നു.’
അനാവശ്യ കാര്യങ്ങൾ വർജിക്കുക
അന്നപാനീയങ്ങൾ വർജിച്ചതു കൊണ്ടു മാത്രം നോമ്പാവില്ല. അസത്യമായ വാക്കും പ്രവർത്തിയും ഒഴിവാക്കിയാലേ നോമ്പ് സ്വീകാര്യമാവൂ. ഒരാൾ വ്യർഥമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അന്ന പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല.” എന്ന് നബി തിരുമേനി (സ) അരുളിയിരിക്കുന്നു: നോമ്പ് കാലത്ത് പകൽ സമയം ടെലിവിഷൻ പ്രക്ഷേപണം ചെയ്യുന്ന വൃത്തികെട്ട പരിപാടികൾ കാണുന്നത് ഈ ഗണത്തിൽ പെടുന്നു. മറ്റു മാസങ്ങളിലെന്നപോലെ അസഭ്യം പറയുന്നതും പരദൂഷണം പറയുന്നതും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ദന്തശുദ്ധി വരുത്തൽ
നോമ്പുകാലത്ത് പല്ലു വൃത്തിയാക്കുന്നത് സുന്നത്താകുന്നു. നബി (സ) അറാക്കിന്റെ കൊള്ളി ഉപയോഗിച്ചു എന്നതിനാൽ ബ്രഷും പേയ്സ്റ്റും ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഉച്ചക്ക് ശേഷം പേയ്സ്റ്റ് ഒഴിവാക്കാവുന്നതാണ് ഉത്തമമെന്ന് ഖറദാവി അഭിപ്രായപ്പെടുന്നു.
ഖുർആൻ പാരായണവും ദിക്റ് ദുആകളും
ദാനധർമ്മങ്ങളും ഖുർആൻ പരായാണവും റമദാനിൽ പ്രത്യേകം പുണ്യമുള്ള കാര്യങ്ങളാണ്. അതുപോലെ ദിക്്റുകൾ വർധിപ്പിക്കുന്നതും സുന്നത്താണ്. പ്രത്യേകിച്ചും റമദാൻ മാസത്തിലെ ഓരോ പത്തിലും പ്രവാചകൻ(സ) ചൊല്ലാൻ പഠിപ്പിച്ച ദിക്റ് ദുആകൾ. ഖുർആൻ കേവല പാരായണത്തിലൊതുക്കാതെ ആശയം മനസ്സിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഖുർആൻ പരിഭാഷകളും അർഥസഹിതമുള്ള വീഡിയോകളും സുലഭമായ ഇക്കാലത്ത്് ഖുർആൻ ആശയം മനസ്സിലാക്കാതിരിക്കുന്നതിന് ന്യായീകരണമില്ല. റമദാനിലെ പകലിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയിട്ട് രാത്രി ക്ഷീണം തീർക്കാൻ കൂർക്കം വലിച്ചുറങ്ങുകയും ചെയ്യുന്നത് തീരാനഷ്ടമായിരിക്കും.
തറാവീഹ്
നോമ്പിന്റെ വളരെ പ്രബലമായിട്ടുള്ള ഒരു സുന്നത്താണ് തറാവീഹ് നമസ്കാരം. വിത്റ് മൂന്ന് അടക്കം 11 എന്നും 23 എന്നും ആളുകൾ വിവിധ എണ്ണം റക്് അത്തുകൾ നമസ്കരിക്കാറുണ്ട്. നമസ്കാരത്തിന്റെ എണ്ണത്തിലല്ല, ഭയഭക്തിയിലും ഏകാഗ്രതയിലുമാണ് അതിന്റെ പ്രസക്തി. എന്നാൽ നബി (സ) 11 റക്അത്തിൽ കൂടുതൽ നോമ്പിലും അല്ലാത്തപ്പോഴും നമസ്കരിച്ചിട്ടില്ലായെന്ന് പ്രബലമായ ഹദീസ് ഉണ്ട്.
പള്ളികളിൽ നടത്തപ്പെടുന്ന തറാവീഹ് നമസ്കാരത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാം. അതിന് സൗകര്യമില്ലാത്തവർ വീടുകളിൽ വെച്ചെങ്കിലും അത് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. നബി (സ) തിരുമേനി പറഞ്ഞു: ‘വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ഒരാൾ രാത്രി നിന്ന് നമസ്കരിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും.’
ഇഅ്തികാഫ്
റമദാനിന്റെ അവസാനത്തെ പത്തിൽ നബി (സ) തിരുമേനി പുണ്യം പ്രതീക്ഷിച്ച് ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിമാരും ഇഅ്തികാഫ് ഇരുന്നുവെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതിനാൽ സൗകര്യപ്പെടുന്നവർക്ക് അവസാനത്തെ പത്ത് മുഴുവൻ ഇഅ്തികാഫ് ഇരിക്കുന്നത് പുണ്യകരമാണ്. പത്ത് ദിവസം മുഴുവൻ ഇരിക്കാൻ സൗകര്യമില്ലെങ്കിൽ കഴിയുന്നത്ര ദിവസം ഇഅ്തികാഫ് ഇരിക്കാം. സ്ത്രീകൾക്കും സൗകര്യാനുസാരം ഇഅ്തികാഫ് ഇരിക്കുന്നതും അഭിലഷണീയമാണ്.
ശരീരശുദ്ധി
റമദാനിൽ ശരീരശുദ്ധി വരുത്തണം. കുളത്തിൽ മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. രാത്രി കാലത്ത് ഭാര്യാഭർതൃ സംഭോഗം നടന്നാൽ അത്താഴം കഴിഞ്ഞ് സുബ്ഹിബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലും മതിയാവുന്നതാണ്. നബി (സ) ജനാബത്തുകാരനായിരിക്കെ പ്രഭാതമാവാറുണ്ട്. അങ്ങനെ അദ്ദേഹം കുളിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. അഥവാ നോമ്പ് തുടങ്ങിയ ശേഷം കുളിച്ചാൽ മതി. ഋതുമതിക്കും ഈ വിധി ബാധകമാണ്. സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്.