സപ്തമ വ്രത തസ്കരാ:
നോമ്പിലെ നമ്മുടെ നന്മകളെ മോഷ്ടിച്ചു കൊണ്ടുപോവുന്ന ഏഴ് കള്ളന്മാരെ നാം സൂക്ഷിക്കുക.
അതെ,റമദാനിലെ വ്രതത്തിന്റെ സവിശേഷത അത് വയറിനോ നാവിനോ മാത്രമുള്ള നോമ്പല്ല എന്നതാണ്.
നമ്മുടെ കണ്ണിനും കാതിനും കൈകൾക്കുമെല്ലാം നോമ്പ് നിർബന്ധമാണ്. ആ നോമ്പിന്റെ ചൈതന്യത്തെ നാമറിയാതെ തന്നെ ഇല്ലാതാക്കുന്ന ചില കള്ളന്മാരുണ്ട്. നമ്മുടെ കൈവട്ടത്തുള്ള ആ കള്ളന്മാരെ പകൽ വെട്ടത്തിൽ നമുക്ക് പിടിച്ചു കെട്ടാനായാലേ രാത്രിയിലും
അവരുടെ പമ്മിപമ്മി വരൽ അതോടെ നമുക്ക് നിയന്ത്രിക്കാനാവൂ. റമദാനല്ലാത്ത കാലത്ത് അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പരിശീലമാവട്ടെ നിലവിലെ നമ്മുടെ റമദാൻ .
ആ ഏഴ് കള്ളന്മാർ ഇവരാണ്
ഒന്നാം കള്ളൻ : ടെലിവിഷൻ / യൂട്യൂബ് .
നമ്മുടെ സ്വന്തം വീടിന്റെ സ്വീകരണ മുറിയിൽ തന്നെ നമ്മുടെ നോമ്പിനെ ബാധിക്കുന്ന ടി വി കൾ നാം തന്നെ സ്ഥാപിച്ചിരിക്കുന്നു. ഒരുപകാരവുമില്ലാത്ത പരിപാടികൾ, ചാനലുകളുടെ റേറ്റിങ് തന്ത്രങ്ങൾ എന്നിവ കാരണം വിശ്വാസികളുടെ നോമ്പിനാണ് ഏറ്റവും ശോഷണം സംഭവിക്കുന്നത്. ഈ ലോകത്തോ പരലോകത്തോ ഒരുപകാരവുമില്ലാത്ത ഒരു പ്രോഗ്രാമും ടി വി യിലോ യൂട്യൂബിലോ ഞാൻ റമദാൻ മുതൽ കാണില്ല എന്ന് ഓരോരുത്തരും ഉറപ്പു വരുത്തുക.. എങ്കിൽ ഈ തസ്കരനെ ഒരു പരിധിവരെ തടയാൻ കഴിയും.
രണ്ടാമത്തെ കള്ളൻ: മാർക്കറ്റുകളാണ്.
നമ്മുടെ പണവും സമയവും പാഴാക്കുന്നതിൽ ഏറ്റവും വൈദഗ്ദ്ധ്യം നേടിയ ഇടമാണ് ചന്തകൾ . ഷോപ്പിങ് മാളുകൾ എന്ന് ഇക്കാലത്ത് വിളിക്കുന്ന ആ ഇടങ്ങളും നമ്മുടെ ആവശ്യവും അത്യാവശ്യവും അനാവശ്യവും മറപ്പിച്ച് നമ്മെ ഉപഭോഗ സംസ്കാരത്തിന്റെ അടിമകളാക്കി കളയും . അത്യാവശ്യത്തിന് മാത്രം ഷോപ്പിങ് എന്ന് തീരുമാനിക്കുക, അതിനുള്ള കൃത്യമായ ടൈംടേബിൾ ഉണ്ടാക്കുക.
മൂന്നാമത്തെ കള്ളൻ: ഉറക്കമൊഴിക്കലാണ്.
ഇശാ നമസ്കാരവും തറാവീഹും കഴിഞ്ഞാൽ വെടി പറഞ്ഞിരുന്ന് നമ്മുടെ ഏറ്റവും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്. 11-12 മണിവരെ ബഡായി പറഞ്ഞിരിക്കുന്ന കുടുംബങ്ങളിൽ തഹജ്ജുദ് , ഖുർആൻ പാരായണം എന്നിവ പോയിട്ട് സ്വസ്ഥമായി അത്താഴം കഴിക്കൽ പോലുമുണ്ടാവില്ല. നബിയുടെ അത്താഴത്തിന്റേയും സുബ്ഹ് ബാങ്കിന്റെയും ഇടയിൽ അമ്പത് ആയത്തുകൾ ഓതുന്ന സമയമുണ്ടായിരുന്നു എന്ന സംഗതി ബാങ്കു കേൾക്കുമ്പോൾ ആർത്തി പിടിച്ച് അത്താഴം കഴിക്കുന്നവരറിയണം. ഈ ഉറക്കമൊഴിക്കൽ തനി പത്തിരി മറിച്ചിട്ടത് പോലെ പകൽ സമയത്ത് മുഴുവൻ നമ്മെ ഉറക്കിക്കളയാനും നിമിത്തമാവും.
നാലാമത്തെ കള്ളൻ: അടുക്കളകളാണ്.
വിശ്വാസികളുടെ പ്രത്യേകിച്ച് അവരിലെ സ്ത്രീകളുടെ ഏറെ സമയവും നഷ്ടപ്പെടുത്തുന്നത് പാചകമാണ്. നോമ്പുതുറ സമയത്ത് തീൻമേശ നിറയെ നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ വളരെ സമയം അവർ ചെലവഴിക്കുന്നു.അവയിൽ പലതും ഫ്രിഡ്ജിലേക്ക് എടുത്തു വെക്കാനോ വേസ്റ്റിലേക്ക് തള്ളാനോ ആണ് പലപ്പോഴും ഇത്തരം പാചകങ്ങൾ എന്ന് ഉണ്ടാക്കുന്നവരോ അതിനവരെ പ്രേരിപ്പിക്കുന്നവരോ അറിയാതെ പോവുന്നു.
അഞ്ചാമത്തെ കള്ളൻ: ഫോൺ / മൊബൈൽ / ചാറ്റിങ് .
നീണ്ട കോളുകൾ, വാചകമടികൾ ,അവയിൽ നിന്നുള്ള പാപങ്ങൾ, പരദൂഷണം, ഗോസിപ്പ്, രഹസ്യങ്ങൾ വെളിപ്പെടുത്തൽ തുടങ്ങി മറ്റു അയൽകൂട്ട വെടിപറച്ചിലുകളിൽ പണ്ടു കാലത്ത് സംഭവിച്ചിരുന്നതെല്ലാം ഇന്ന് നടക്കുന്നയിടമായി നമ്മുടെ മൊബൈലുകൾ മാറിയിരിക്കുന്നു.
ആറാമത്തെ കള്ളൻ: ലുബ്ധാണ്.
എല്ലാം ഈ മാസം തീർത്താൽ അടുത്ത മാസങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയിലാവുമെന്ന ആശങ്കയുണ്ടാക്കുന്നു ഈ തസ്കരൻ. നമ്മെ നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുന്ന ദാനങ്ങളുടെ പ്രതിഫലം പിശുക്ക് നഷ്ടപ്പെടുത്തിക്കളയുന്നു. റമദാൻ മാസത്തിലെ ദാനധർമ്മത്തിന് പ്രത്യേകം പ്രതിഫലമാണ് റബ്ബ് നിശ്ചയിച്ചിരിക്കുന്നത്. ആഞ്ഞു വീശുന്ന കാറ്റിനേക്കാൾ നബി (സ) ഔദാര്യനാവുമായിരുന്നു എന്നാണ് ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നത്.
ഏഴാമത്തെ കള്ളൻ : ദൈവസ്മരണയില്ലാത്ത സദസ്സുകളാണ്.
ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ദുഃഖമാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ബോധ പൂർവ്വം വിട്ടു നില്ക്കാൻ നമുക്കാവണം. ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഓഫ്ലൈനിൽ മാത്രമല്ല ഓൺലൈനിലും വർധിച്ചിട്ടുണ്ട്. അല്ല , ഓഫ് ലൈനിനേക്കാൾ അത്തരം സദസ്സുകൾ ഇന്ന് ഓൺ ലൈനിലാണെന്ന് സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സഹോദരീ സഹോദരന്മാർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1