അല്ലാഹുവുമായിട്ടൊരു കരാർ – 3

اللهمَّ فاطرَ السموات والأرض، عالم الغيب والشهادة، إني أعهد إليك في هذه الحياة الدنيا، إنك إن تكلني إلى نفسي تقربني من الشرٍ وتباعدني من الخير، وإني إن أثق إلا برحمتك. فاجعله لي عندك عهدًا تؤده إليّ يوم القيامة إنك لا تخلف الميعاد
“ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവും അദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ… നീ എന്നെ എന്നിലേക്കു തന്നെ ഏൽപ്പിക്കുന്ന പക്ഷം എന്നെ തിന്മയിലേക്ക് അടുപ്പിക്കുകയും നന്മയിൽ നിന്ന് അകറ്റുകയും ചെയ്യുന്നുവെന്ന് ഈ ലോകത്ത് വെച്ച് ഞാൻ സാക്ഷ്യം വഹിച്ചു കൊള്ളുന്നു. നിന്റെ കാരുണ്യത്തിലല്ലാതെ മറ്റൊന്നിലും എനിക്ക് പ്രതീക്ഷയില്ല തന്നെ. അതിനാൽ, നിന്റെ കാരുണ്യത്തെ അന്ത്യനാളിൽ എനിക്ക് പൂർത്തീകരിച്ചു തരുന്ന ഒരു കരാറാക്കി തീർക്കേണമേ. നീ വാഗ്ദാനങ്ങൾ ഒരിക്കലും ലംഘിക്കാത്തവനല്ലോ..”
അല്ലാഹുവിനോട് നാം നടത്തുന്ന ചില പ്രാർത്ഥനകൾ അവനുമായുള്ള കരാറുകളാണ്. മേൽ ഉദ്ധരിച്ച പ്രാർത്ഥന അങ്ങനെയുള്ള ഒന്നാണ്. കരാറുകളായതിനാൽ തന്നെ അവൻ്റെ മേലുള്ള പ്രതിജ്ഞകൾ കൂടിയാണത്. പ്രതിജ്ഞകൾ നമ്മിൽ ഗൗരവം ഉണർത്തുകയും ആ പ്രാർത്ഥനയിലുള്ള നമ്മുടെ ആത്മാർത്ഥ വർധിപ്പിക്കുകയും ചെയ്യുന്നു.
അസ് വദ് ബിൻ യസീദ് (റ) റിപ്പോർട്ട് ചെയുന്ന അബ്ദുല്ലാഹിബിനു മസ്ഊദ് (റ)മായി ബന്ധപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്.
لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَٰنِ عَهْدًا
“അന്ന് ആര്ക്കും ശിപാര്ശാധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്ക്കൊഴികെ” (19:87)
സൂറത്തു മറിയമിലെ പ്രസ്തുത ആയത്ത് പാരായണം ചെയ്തതിന് ശേഷം അബ്ദുല്ലാഹിബിനു മസ്ഊദ് (റ) പറയുന്നു. വിചാരണ നാളിൽ അല്ലാഹു ഇങ്ങനെ പറയുമത്രേ: “ഞാനുമായി കരാറിൽ ഏർപ്പെട്ടവർ എന്നിൽ ആശ്രയം അർപ്പിച്ചു കൊള്ളട്ടെ.” അദ്ദേഹം ഇത് പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും അങ്ങനെയൊരു അവസരത്തിൽ എന്താണ് പറയണ്ടത് എന്നും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചോദിക്കുകയും ചെയ്തു. ഇബ്നു മസ്ഊദിനെ പോലൊരു സ്വാഹാബി തന്റെ ശിഷ്യന്മാരുടെ ചോദ്യത്തിന് മറുപടിയായി മേൽ ഉദ്ധരിച്ച പ്രാർത്ഥന പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. ആ നിലക്ക് കൂടി ഈ പ്രാർത്ഥന വളരെ പ്രാധാന്യം അർഹിക്കുന്നു.
വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചോദ്യം, അതിലെ സൂക്തങ്ങളോടുള്ള നമ്മുടെ പെരുമാറ്റത്തെ കുറിച്ചാണ്.
ഇബ്നു മസ്ഊദ് (റ)വിനെ കുറിച്ച് റസൂൽ (സ്വ)പറയുന്നത് ഇങ്ങനെയാണ്: “വിശുദ്ധ ഖുർആൻ അവതരിപ്പിക്കപെട്ട അതേ തനിമയിൽ പാരായണം ചെയ്യുന്നത് ആർക്കെങ്കിലും സന്തോഷം നൽകുന്നുവെങ്കിൽ അവൻ ഇബ്നു മസ്ഊദിന്റെ പാരായണം പോലെ പാരായണം ചെയ്യട്ടെ.” ഖുർആനിക സൂക്തങ്ങളോട് ഇബ്നു മസ്ഊദ് (റ)വിന്റെ സമീപനം അപ്രകാരമായിരുന്നു. അല്ലാഹുവുമായിട്ടുള്ള കരാറിലേക്കാണ് അദ്ദേഹം പ്രസ്തുത സൂക്തത്തെ ബന്ധിപ്പിച്ചത്. ആത്മാർത്ഥമായി തന്നിലേക്ക് കൈകൾ ഉയർത്തിയ അടിമയെ വെറും കയ്യോടെ പറഞ്ഞു വിടാൻ അല്ലാഹു ഏറെ ലജ്ജിക്കുന്നു. അതു കൊണ്ടാണ് അവനിലേക്ക് കൈകൾ ഉയർത്തുമ്പോൾ തന്നെ
فاجعله لي عندك عهدًا تؤده إليّ يوم القيامة إنك لا تخلف الميعاد…
“അല്ലാഹുവേ… നീ വാഗ്ദാനങ്ങൾ ലംഘിക്കാത്തവനാണ്, നീ ഞങ്ങൾക്ക് കാരുണ്യം വാഗ്ദാനം ചെയ്തിരിക്കുന്നു. ഞങ്ങളുടെ മേൽ കരുണ കാണിക്കേണമേ…” എന്ന് പറയാൻ ഈ പ്രാർത്ഥന പഠിപ്പിക്കുന്നത്.
വിശ്വസിക്കുകയും അല്ലാഹുവിലേക്ക് മുഖം തിരിക്കുകയും കഴിവിന്റെ പരമാവധി അവനെ അനുസരിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു അവന്റെ കാരുണ്യം വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ കാരുണ്യം നമുക്ക് മേൽ വിരിച്ചു തരികയും ശാശ്വതമായ സ്വർഗീയ ആരാമങ്ങളിൽ നമ്മെ പ്രവേശിപ്പിക്കുയും ചെയ്യുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1