റമദാൻ: ഖുർആൻ എഴുത്തിന്റെ മാസം കൂടിയാണ്
പരിശുദ്ധ ഖുർആന്റെ മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ വ്യത്യസ്ത തലങ്ങളിൽ ഖുർആനെ പഠിക്കാനും ആസ്വദിക്കാനും ശ്രമിക്കേണ്ടത് അനിവാര്യമാണ്. ലോകത്ത് വിവിധ ഖത്തുകളിൽ ഖുർആൻ എഴുതപ്പെട്ടിട്ടുണ്ട്. പഴയ കാല എഴുത്ത് ശൈലിയായ കുഫിക് ശൈലി മുതൽ ഓരോ രാജ്യത്തും ഉയർന്നുവന്ന പ്രദേശിക ഖത്തുകളിൽ വരെ ഖുർആൻ മനോഹരമായി എഴുതപ്പെട്ടതായി കാണാം. ഖുർആനിലേക്കുള്ള മനസ്സുകളുടെ അടുപ്പം കേവലം ഖുർആൻ മനോഹരമായി ഓതുന്നതിലൂടെ മാത്രം ലഭിക്കുന്നതല്ല, മറിച്ച് സുന്ദരമായി ഖുർആൻ എഴുതുവാൻ ശ്രമിക്കുന്നതിലൂടെയും കുടുസ്സായ മനസ്സുകളിൽ പരിവർത്തനം നടത്താൻ അറബി അക്ഷരങ്ങൾക്ക് ചരിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. പ്രവാചകന് ആദ്യം അവതരിച്ച സൂക്തങ്ങളിലൂടെ വായനയോടൊപ്പം (اقرا) തന്നെ അറിവന്വേഷണത്തിന്റെ പ്രധാന ഘടകമായി പേനയും എഴുത്തും (الذي علم بالقلم) കടന്നുവന്നതും എഴുത്ത് മേഖലയുടെ പ്രധാന്യത്തെയാണ് ഖുർആൻ വരച്ചിടുന്നത്.
കലാവിഷ്കാരങ്ങളിലൂടെ കുട്ടികൾക്ക് പരിശുദ്ധ ഖുർആനിനെ അടുത്തറിയാനും പഠിക്കാനുമുള്ള പ്രചോദനം അറബി കലിഗ്രഫിയുടെ പ്രത്യേകതയാണ് . കുട്ടികൾക്ക് പരിശുദ്ധ റമദാൻ മാസത്തിൽ കൂടുതലായും ഖുർആനിനെ പഠിക്കാൻ ലോകത്ത് വിവിധ രാജ്യങ്ങൾ അറബി കലിഗ്രഫി എന്ന കലാവിഷ്കാരത്തെ ഉപയോഗപ്പെടുത്താറുണ്ട്. ഖുർആൻ നോക്കി അറബി അക്ഷരങ്ങൾ പകർത്തിയെഴുതുന്ന അനുകരണ (imitation) രീതിയാണ് ഇതിൽ ആദ്യമായി നടക്കേണ്ടത്. പിന്നീട് അക്ഷരങ്ങളിലൂടെ ഖുർആനുമായി ബന്ധം സ്ഥാപിക്കാൻ വിദ്യാർത്ഥിക്ക് കഴിയുന്നു. സ്വന്തമായ കഴിവുപയോഗിച്ച് (creative) പുതുമയുള്ള എഴുത്തുശൈലികളെ വികസിപ്പിച്ചെടുക്കുകയാണ് രണ്ടാമത്തെ ഘട്ടം (experimentation).
മഹല്ലുകൾ, പള്ളികൾ, ലൈബ്രറികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയ സ്ഥാപന സംവിധാനങ്ങളിലൂടെ ഖുർആൻ അടിസ്ഥാനമാക്കിയുള്ള എഴുത്ത് മത്സരങ്ങൾ നടത്തപ്പെടുന്നതും പരിശുദ്ധ റമദാനിനെ കൂടുതൽ ആസ്വദിക്കാൻ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും സാധിക്കും. മാത്രമല്ല ലോകത്തെ വിവിധ അറബി എഴുത്ത് ശൈലികളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന പരിശീലനക്കളരികളും എക്സിബിഷനുകളും പരിശുദ്ധ റമദാനിനെ വ്യത്യസ്തതകളോടെ കുട്ടികൾക്ക് അനുഭവിക്കാൻ അവസരം നൽകുന്ന പ്രധാന ടൂളുകളാണ്. പുതുമുയുള്ള ആശയങ്ങളൂന്നിയുള്ള റമദാൻ പരിപാടികളാണ് കുട്ടികളെ നിരന്തരം പ്രചോദിപ്പിക്കുന്നതും ഇഷ്ട്ടപ്പെടുത്തുന്നതും.
വ്യത്യസ്ത നിറങ്ങൾ നിറഞ്ഞ അഭ്ദുത ലോകത്തെ ആരാണ് ഇഷ്ടപ്പെടാത്തത്? നിറങ്ങൾ ചാലിച്ച അറബി അക്ഷരങ്ങളിലൂടെ ഖുർആനിനെ പ്രണയിക്കാൻ പഠിപ്പിക്കുന്ന പഠന ശാഖ കൂടിയാണ് അറബി കലിഗ്രഫി. ലോകത്ത് വിവിധ രാജ്യങ്ങൾ റമദാനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തപ്പെടുന്ന മത്സരയിനങ്ങളിൽ പ്രധാനപ്പെട്ടതാണ് അറബി കലിഗ്രഫി. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചാണ് സാധാരണ രീതിയിൽ അറബി കലിഗ്രഫി മത്സരങ്ങൾ സംഘടിപ്പിക്കപ്പെടാറുള്ളത്. ഖുർആനോടുള്ള അടുപ്പം ഏറ്റവും കൂടുതൽ കാത്തുസൂക്ഷിക്കുന്ന കലാവിഷ്കാരമാണ് അറബി കലിഗ്രഫി.
പരിശുദ്ധ ഖുർആൻ ജീവിതത്തിലൊരിക്കലെങ്കിലും സ്വന്തം കൈ കൊണ്ട് എഴുതുവാൻ ആഗ്രഹിക്കുന്ന എത്രയോ മനുഷ്യർ ഈ ലോകത്തുണ്ട്. മഖ്റജുകൾ അനുസരിച്ചാണ് അറബി അക്ഷരങ്ങളുടെ ഉച്ചാരണം സാധ്യമാവേണ്ടത് എന്ന് വാശിപിടിക്കും പോലെ തന്നെ ഖത്ത് നിയമങ്ങൾ പാലിച്ച് കൊണ്ട് തന്നെയാണ് അറബി അക്ഷരങ്ങൾ എഴുതേണ്ടതും. ഖുർആൻ മുഴുവൻ നോക്കി വേഗത്തിൽ പാരായണം ചെയ്ത് തീർക്കാൻ കഴിയുന്ന രീതിയിൽ ഖുർആൻ വേഗത്തിൽ പകർത്തിയെഴുതുക എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഖത്ത് നിയമാവലികൾ പാലിച്ച്, സമയബന്ധിതമായി എഴുതാൻ ആരംഭിച്ചാൽ 3, 4 വർഷത്തിനുള്ളിൽ ഒരു വ്യക്തിക്ക് ഖുർആൻ മുഴുവൻ എഴുതി തീർക്കാം. പലരുടെയും ഖുർആൻ എഴുത്തിന് ആരംഭം കുറിക്കുന്ന മാസമാണ് പരിശുദ്ധ റമദാൻ.
ഇന്ന് കേരളത്തിൽ നിരവധി ആളുകൾ ഖുർആൻ സ്വയം എഴുതുവാൻ മുന്നോട്ട് വരുന്നുണ്ട്. അത്തരം താല്പര്യത്തെ അഭിനന്ദിക്കുന്നതോടൊപ്പം ചില വസ്തുതകൾ എഴുതുവാൻ തീരുമാനമെടുത്തവർ മനസിലാക്കേണ്ടത് അനിവാര്യമാണ്.
ഖുർആൻ എഴുത്തിലേക്ക് പ്രവേശിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
1. എഴുതാൻ ശ്രമിക്കുന്ന എഴുത്ത് ശൈലിയുടെ നിയമാവലികളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവുക
2. ഒരു മാസ്റ്ററിന് കീഴിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളോടെ എഴുതാൻ തുടങ്ങുക
3. ജീവിതത്തിലെ ഒരു വലിയ ദൗത്യത്തിലേക്കാണ് ഈ പ്രവേശനം എന്ന് സ്വയം ബോധ്യപ്പെടുക ( നിയ്യത്ത്)
4. ഖുർആൻ നോക്കി, അറബി എഴുത്ത് ശൈലികളിലെ ഏതെങ്കിലും ഒരു ഖത്ത് പൂർണമായും പിൻപറ്റി എഴുതുക.
5. ദിവസവും കൃത്യമായ സമയം എഴുത്തിനായി മാറ്റി വെക്കുക.
6. ക്ഷമ കൈ കൊള്ളുക. പ്രാർത്ഥിക്കുക
7. മനസും ശരീരവും പൂർണമായും എഴുത്തിന് സമർപ്പിക്കുക.