റമദാൻ മാസത്തിലെ ആസൂത്രണങ്ങൾ

ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളും നമുക്ക് രണ്ട് വിധത്തിൽ ചെയ്യാൻ കഴിയും. ഒന്ന് വ്യക്തമായ ആസൂത്രണത്തോടെയാണെങ്കിൽ, മറ്റൊന്ന് യാതൊരു ആസൂത്രണവുമില്ലാതെ, മുൻ പിൻ നോക്കാതെ ചെയ്യുകയാണ്. ആസൂത്രണമില്ലാതെ ചെയ്താൽ ചിലത് വിജയിക്കുമെങ്കിലും, അധികവും പരാജയമാണ് സംഭവിക്കുക. ആസൂത്രണം ചെയ്താൽ വിജയ സാധ്യത കൂടുകയും പരാജയം കുറയുകയും ചെയ്യും. പരാജയപ്പെട്ടാൽ പോലും അത് നൽകുന്ന പഠം അനർഘമാണ്.
ബി.സി.അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു യവന തത്വശാസ്ത്രജ്ഞനായ ഹിപ്പോഡമസ് Hippodamus നെയാണ് ആദ്യ നഗര ആസൂത്രകനായി കണക്കാക്കുന്നത്. അരിസ്റ്റോട്ടിൽ അദ്ദേഹത്തെ നഗര ആസൂത്രണത്തിൻറെ പിതാവ് എന്ന് വിളിച്ചു. ഫ്രഞ്ച് പദമായ Plan നിൽ നിന്നാണ് ഡ്രോയിംഗ്, ഡയഗ്രം എന്നീ അർത്ഥങ്ങളിൽ ഇംഗ്ലീഷിലേക്കും Plan എന്ന പദം കടന്ന് വന്നത്. എന്ത്, എങ്ങനെ, എപ്പോൾ, ആര്, എവിടെ എന്നെല്ലാം മുൻകൂട്ടി നിശ്ചയിക്കലാണ് പ്ലാനിംഗ് അഥവാ ആസൂത്രണം എന്ന് പറയുന്നത്. കൃത്യമായ ലക്ഷ്യം നിർണ്ണയിക്കലാണ് ആസൂത്രണത്തിലെ ആദ്യചുവട്.
പുണ്യമാസമായ റമദാനിനെ കുറിച്ച് ആലോചിക്കുമ്പോൾ, ഏറെ ആസൂത്രണത്തോടും അതിലേറെ ഒരുക്കങ്ങളോടെയുമായിരുന്നു പ്രചീനകാലം മുതൽ തന്നെ മുസ്ലിംങ്ങളിൽ ഒരു വിഭാഗം റമദാനിനെ സ്വീകരിച്ചിരുന്നത്. മറ്റൊരു വിഭാഗമാകട്ടെ യാതൊരു ആസൂത്രണവുമില്ലാതെ വന്ന രൂപത്തിൽ തന്നെ വരവേൽക്കുന്നു. കാര്യക്ഷമമായ ജീവിതം നയിക്കാനും പരലോകത്ത് പ്രതിഫലം കൊയ്തെടുക്കാനും റമദാനിൽ ആസൂത്രണം അനിവാര്യമാണ്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ അതുള്ളത്.
ഇക്കാര്യം പരിഗണിച്ച്, പൂർവ്വസൂരികളായ നമ്മുടെ പണ്ഡിതശിരോമണികൾ ആറു മാസം മുമ്പ് തന്നെ റമദാനിനെ സ്വീകരിക്കാൻ തയ്യാറാകുമായിരുന്നു. വളരെ ചുരുങ്ങിയത് രണ്ട് മാസം മുമ്പ് ഇന്നും മുസ്ലിം ഉമ്മത്ത് റമദാനിനെ സ്വീകരിക്കുന്നത് പതിവാണ്. റജബ്, ശഅ്ബാൻ മാസങ്ങളിൽ അനുഗ്രഹത്തിനായും റമദാനിനെ ഞങ്ങൾക്ക് എത്തിച്ചുതരുവാനും മുസ്ലിംങ്ങൾ പ്രാർത്ഥിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതുമെല്ലാം റമദാനിനെ ആസൂത്രണത്തോടെ സ്വീകരിക്കുന്നതിൻറെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ല. കാത്തിരുന്ന ആ ദിവസം ഇതാ സമാഗതമായിരിക്കുകയാണ്.
മന:സാനിധ്യത്തോടെയുള്ള നോമ്പനുഷ്ടിക്കാനുള്ള തയ്യാറെടുപ്പാണ് ആദ്യം ഉണ്ടാവേണ്ടത്. പ്രവർത്തനങ്ങൾ പരിഗണിക്കപ്പെടുക നിയ്യത്തിൻറെ അടിസ്ഥാനത്തിലാണ് എന്ന നബി തിരുമേനിയുടെ വചനമാണ് ഇതിന് അടിസ്ഥാനം. നമ്മുടെ ജീവിതം അടിമുടി മാറുകയാണ്. ഉറക്ക് മുതൽ ഭക്ഷണം വരേയും തൊഴിൽ മുതൽ വ്യായാമം വരേയും എല്ലാം പൂർണ്ണമായും മാറ്റത്തിന് വിധേയമാക്കപ്പെടുന്നു. ജീവിത പരിവർത്തനത്തിൻറെ ഒരു മാസമാണ് മുമ്പിലുള്ളതെന്ന ബോധ്യത്തോടെ അതിനെ സ്വീകരിക്കുക.
ചിന്തകളാണ് സ്വഭാവത്തേയും വാക്കുകളേയും പ്രവൃത്തികളേയും നിയന്ത്രിക്കുന്ന കടിഞ്ഞാൻ. ദേഷ്യപ്പെടുന്ന സ്വഭാവമുള്ള ആളുകൾ റമദാനിൽ കൂടുതൽ കോപിഷ്ടനാവുക സ്വാഭാവികമാണ്. അത്തരക്കാർ തങ്ങളുടെ സ്വഭാവത്തെ നിരന്തരമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്.. ഒരു നബി വചനം ഇങ്ങനെ: അനാവശ്യ വർത്തമാനങ്ങളും അതുമൂലമുള്ള പ്രവർത്തികളും വർജ്ജിക്കുന്നില്ലെങ്കിൽ, അവൻ ഭക്ഷണം ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിർബന്ധവുമില്ല.
ഖുർആൻ അവതരിച്ച് മാസമെന്ന നിലയിൽ ഖുർആൻ പാരായണത്തിനും മനനത്തിനും കൂടുതൽ ഊന്നൽ നൽകേണ്ട സമയമാണത്. റമദാനിൽ ഖുർആൻ ഒരാവർത്തി എങ്കിലും വായിക്കാൻ ആസൂത്രണം ചെയ്യാത്തവർ വളരെ വിരളമായിരിക്കും. പക്ഷെ അത് മനസ്സിലാക്കി പാരായണം ചെയ്യുന്നവരാകട്ടെ തുലോം കുറവുമാണ്. ഖുർആൻ പഠനത്തിന് എല്ലാ സൗകര്യങ്ങളും ലഭ്യമായ ഈ കാലഘട്ടത്തിൽ, ഏതാനും അധ്യായങ്ങളെങ്കിലും ഗ്രാഹ്യതയോടെ പാരായണം ചെയ്യാൻ റമദാനിലെ ആസൂത്രണത്തിൽ ഉൾപ്പെടുത്തുക.
രാത്രി നമസ്കാരം, ദാനധർമ്മം ചെയ്യൽ, ഇഅ്തികാഫ്, നോമ്പ് തുറപ്പിക്കൽ, ജനസേവന പ്രവർത്തനങ്ങൾ, ഉംറ ചെയ്യൽ, സൗഹൃദ ബന്ധങ്ങൾ, തസ്ബീഹ്, തഹ്ലീൽ, തഹ്മീദ് എല്ലാം റമദാനിലെ ആസൂത്രണത്തിൽ ഉൾപ്പെടുത്തി ചെയ്യാൻ പരമാവധി ഉൽസാഹിക്കുന്നത് വലിയ പുണ്യം ലഭിക്കുന്ന കാര്യമാണ്. അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്റിനെ സ്വീകരിക്കാൻ നമുക്ക് പ്രത്യേകം തയ്യാറെടുക്കാം. അങ്ങനെ റമദാനിന് മറ്റു മാസങ്ങൾക്കില്ലാത്ത പദവിയും ആദരവും നൽകി അതിനെ പരിഗണിക്കുന്നത് നമ്മുടെ ഇഹ പര വിജയങ്ങൾക്ക് നിദാനമായിത്തീരുന്നതാണ്.