മദീനയിലെ പെരുന്നാൾ

ഒരു മാസത്തെ റമദാൻ ഇബാദത്തുകൾക്കു ശേഷം ഈദുൽ ഫിത്വറിൻ്റെ ആമോദത്തിലും ആഹ്ലാദത്തിലുമലിഞ്ഞ് ചേർന്ന തിളങ്കളിലാണ് മദീന മുനവ്വറ. ലോകത്തിൻ്റെ പൂർണ തിങ്കളായ, ആറ്റൽ നബി (സ) യുടെ നഗരിയിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നെത്തി ചേർന്നിരിക്കുന്നത് ലക്ഷങ്ങളാണ്. മസ്ജിദുന്നബവിയിൽ നിന്ന് മുഴങ്ങുന്നത് തക്ബീർ ധ്വനികൾ. അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. ,അല്ലാഹു അക്ബർ കബീറ:, വൽഹംദുലില്ലാഹി കസീറ:, വ സുബ്ഹാനല്ലാഹി ബുക്റതൻ വ അസീല:, വസ്സല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് വ അലാ ആലിഹി വ സഹ്ബിഹി വസല്ലമ തസ് ലീമൻ കസീറ: എന്ന തക്ബീർ ധ്വനികളാണ് അന്തരീക്ഷത്തിൽ മുഴങ്ങികൊണ്ടിരിക്കുന്നത്. ജനങ്ങൾ പുലർച്ചെ രണ്ട് മണിയോടെ തന്നെ സുബ്ഹ് നമസ്ക്കാരത്തിനും സൂര്യോദയ ശേഷം ആരംഭിക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിനും ഒന്നിച്ച് കരുതി വന്നുകൊണ്ടിരിക്കുന്നു. 4.25 ന് സുബ്ഹി ബാങ്ക്. അഞ്ച് മണിയോടെ പ്രമുഖ ഇമാം ശൈഖ് ഹുദൈഫിയുടെ നേതൃത്വത്തിൽ സുബ്ഹ് നമസ്ക്കാരം. ഇനി പെരുന്നാൾ നമസ്ക്കാരത്തിന്ന് ഒരു മണിക്കൂർ ബാക്കി. തക്ബീറുകൾ മുഴങ്ങുന്നു. വിശ്വാസിക്കൂട്ടo അതേറ്റ് ചൊല്ലുന്നു.6.01 ആയപ്പോൾ എഴുന്നേറ്റ് സ്വഫ് ശരിയാക്കുവാൻ അറിയിപ്പ്.നമസ്കാരത്തിൽ ആദ്യ റ ക്അത്തിൽ ഏഴും രണ്ടാമത്തേതിൽ അഞ്ചും തക്ബീറുകൾ. സൂറ അഅലായും, രണ്ടാം റക്അത്തിൽ ഗാശിയ: യുമാണ് പാരായണം ചെയ്തത്.തുടർന്ന് പെരുന്നാൾ പ്രഭാഷണം.തഖ് വയാണ് ജീവിതത്തിൽ നന്മ വരുത്തുന്നത്, തിന്മ തടയുന്നത്. റമദാനിൽ ഇബാദതുകളിൽ മുഴുകിയവർക്കുള്ള സമ്മാനമാണ് പെരുന്നാൾ സുദിനം. പുതുവസ്ത്രം, ഹസ്തദാനം, ആലിംഗനം, ബന്ധം പുതുക്കൽ എല്ലാം അതിൻ്റെ ഭാഗമാണ്. ഒരു ശരീരത്തിലെ അവയവങ്ങൾ കണക്കെ പരസ്പരം ബന്ധമുള്ളവരാണ് വിശ്വാസികൾ. നോമ്പ് നമ്മിൽ നിന്ന് തിന്മകൾ തടഞ്ഞിട്ടുണ്ട്. അത് നിലനിർത്താൻ നമുക്ക് സാധിക്കണം. തിന്മ തടയുവാൻ ഏറെ നോമ്പ് നോറ്റവരായിരുന്നു പ്രവാചകന്മാർ. പിശാചിന്ന് വഴങ്ങി കൊടുക്കരുത് നാം. തുടങ്ങിയ കാര്യങ്ങളിയിരുന്നു ഖുത്ബയുടെ ഉള്ളടക്കം. 6.35ന് തക്ബീർ വർധിപ്പിച്ച് കൊണ്ട് ഇമാമിൻ്റെ പ്രഭാഷണം അവസാനിക്കുന്നു. തുടർന്ന് ആളുകൾ ആശംസകൾ കൈമാറി. വിവിധ തരം ഉടുപ്പുകളാണവർ ധരിച്ചിരിക്കുന്നത്. എന്തൊരു വൈവിധ്യം, മനസ്സൊന്ന്.പാറി നടക്കുന്ന കുഞ്ഞുങ്ങൾ. അവരുടെ കയ്യിൽ ബലൂണുകൾ. തലയിൽ പലയിനം മുടികുത്തികൾ. മദീന മുറ്റത്ത് പെരുന്നാൾ ചന്തം നെറുകയിലെത്തിയിരിക്കുന്നു.
എൻ്റെ തൊട്ടടുത്ത് ഇടതു വശത്ത് പാകിസ്താന്നിയായ ഹുമായൂൺ ഉണ്ട്. പെശാവറിൽ ഫാർമസിക്യൂട്ടിക്കൽ കമ്പനിയിലാണ് ജോലി. ഒരാഴ്ചത്തെ പുണ്യഭൂമി സന്ദർശനം. വലതു ഭാഗത്ത് ബംഗ്ലൂരിൽ ജെ.പി.നഗറിലെ അബ്ദുസ്സലാം എന്ന ഉർദു വാല. ഞങ്ങളുടെ ഒരു ടീം മടങ്ങുന്ന ഇൻറി ഗോ വിമാനത്തിൽ കോഴിക്കോട്ടേക്കും തുടർന്ന് ഏഴ് മണിക്കൂർ ശേഷം വിമാനത്തിൽ ബാംഗ്ലൂരിലേക്കുമാണ് കക്ഷിയുടെ മടക്കം. മദീനയിൽ നിന്ന് ജിദ്ദയിലെക്ക് രണ്ട് മണിക്കൂറിൽ ഇത്തിരി സമയം കുറവ് വരുന്ന വിധം എത്തിച്ചേരുന്ന ട്രയിൻ യാത്രക്കാണ് അദ്ദേഹം ടിക്കറ്റെടുത്തിരിക്കുന്നത്. 190 സൗദി റിയാലാണ് ഓൺലൈൻ ബുക്കിംഗ് ചാർജ്. ട്രയിൻ ജിദ്ദയിൽ പുതിയ എയർപോർട്ടിൻ്റെ അകത്താണ് ട്രിപ് അവസാനിപ്പിക്കുന്നത്. ഗംഭീര മാണ് സജ്ജീകരണം.ട്രാവൽസ് ഉടമയാണ് അദ്ദേഹം. എല്ലാവർക്കും ഒരേ ആഹ്ലാദം. പിന്നീട് എല്ലാവരും ഭക്ഷണം കഴിക്കാനായി പിരിഞ്ഞു. ചിലർ പ്രവാചകന്ന് സലാം പറയാൻ മുമ്പോട്ട് നീങ്ങുകയാണ്. ചിലർ പെരുന്നാൾ നമസ്ക്കാരം കഴിഞ് നാട്ടിലേക്ക് മടക്കമാരംഭിച്ചിട്ടുണ്ട്.കൂട്ടത്തിൽ ഞങ്ങളും ധന്യതയോടെ നാളെ മടങ്ങുകയാണ് ‘ഇൻ ശാ അല്ലാഹ്. അല്ലാഹു മാത്രമാണ് വലിയവൻ. അവന്നൊരായിരം ഹംദും ശുക് റും.വസ്സലാം.
( 2-5-2022, മദീന )