അല്‍ഖസ്സാമിന്റെ റമദാന് വിശേഷങ്ങള്‍
ഒരു കൈയ്യിലെ വിരലുകളില്‍ തസ്ബീഹ് മന്ത്രണങ്ങളാണ്, മറു കൈവിരലുകള്‍ തോക്കിന് കാഞ്ചിയിലും, ഹൃദയങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിയെ കാക്കുന്നു, കണ്ണുകള്‍ പതിസ്ഥലങ്ങളില് നിന്നും അധിനിവേശകരെ സദാ നിരീക്ഷിക്കുന്നു. ഒരു മണിക്കൂര്‍ നമസ്കാരം, ബാക്കി സമയം അതിര്‍ത്തികാവല്‍. ഇതാണ് അല്‍ഖസ്സാം പോരാളികളുടെ ഒരു രാത്രി. ഒരേ സമയം അല്ലാഹുവുമായി സന്ധിക്കുന്നതിനും, ശത്രുവിനെ എതിരിടുന്നതിനും ഇവിടെ അവര്‍ ഒരുങ്ങിയിരിപ്പാണ്.
ഇസ്രായേല്‍ സൈന്യത്തിന്റെയോ മറ്റേതെങ്കിലും സംഘങ്ങളുടെയോ കടന്നു കയറ്റം തടയുന്നതിനും, മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഗസ്സ സിറ്റിയുടെ തെക്കു-കിഴക്കായി സ്ഥിതി ചെയ്യുന്ന സൈത്തൂനിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സിന്റെ പോരാളികള്‍ വന്നിറങ്ങിയത്. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പോരാളി സംഘത്തിലെ എല്ലാ അംഗങ്ങളും ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചുകൂടുകയും, എത്തിച്ചേരാനിരിക്കുന്ന സംഘത്തിലെ മറ്റു അംഗങ്ങള്‍ക്ക് വേണ്ടി എല്ലാവിധ സുരക്ഷാസന്നാഹങ്ങളും ഒരുക്കി തയ്യാറായി നിന്നു.
തങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നെന്നും, ആകാശത്ത് കൂടി നിരീക്ഷണ പറക്കല്‍ നടത്തുന്ന ചില ഇസ്രായേല്‍ വിമാനങ്ങള്‍ ഉണ്ടെന്നൊഴിച്ച് അന്തരീക്ഷം വളരെ ശാന്തമാണെന്നും അല്‍ഖസ്സാം കമാണ്ടര്‍ വയര്‍ലെസ്സ് വഴി കണ്ട്രോള് റൂമിനെ അറിയിച്ചു.
‘ഫലസ്തീന് ജനതയെയും, ഈ ജനതയുടെ യശ്ശസിനെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത്. അതുവഴി ഞങ്ങളെ ആദരിച്ചതിനും, ഈ പരിശുദ്ധ ഭൂമിയില്‍ ഞങ്ങളെ പോരാളികളാക്കി മാറ്റിയതിനും അല്ലാഹുവിന് സ്തുതി’ സംഘത്തിന്റെ കമാണ്ടര്‍ അബൂ അലി പറഞ്ഞു.
പരിശുദ്ധ റമദാന് മാസത്തില്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ മണിക്കൂറുകളോളം അതിര്ത്തികാവലില് സമയം ചെലവഴിക്കുന്നത് അല്‍ഖസ്സാം പോരാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ആവേശം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ‘അനേകമടങ്ങ് പ്രതിഫലം ലഭിക്കും എന്നത് തന്നെയാണ് അതിന് കാരണം’.
‘പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും മാസമാണ് റമദാന്. മഹത്തായ പ്രതിഫലം കരസ്ഥമാക്കുന്നതിന് വേണ്ടി അതിര്‍ത്തി കാവലില്‍ ദിവസങ്ങളോളം ചെലവിടാന്‍ ചെറുത്തുനില്‍പ്പ് പോരാളികള്‍ തമ്മില്‍ മത്സരമാണ്’, മുഖം മൂടി അണിഞ്ഞ്, കലാഷ്നിക്കോവ് തോക്കേന്തി നിന്നിരുന്ന അബൂ അലി കൂട്ടിച്ചേര്‍ത്തു.
കുറച്ച് നിമിഷത്തെ നിശബ്ദതക്ക് ശേഷം, കഴിഞ്ഞ വര്‍ഷത്തെ പരിശുദ്ധ റമദാന് മാസത്തിലെ ഓര്‍മകള്‍ അബൂ അലി ഓര്‍ത്തെടുക്കാന്‍ തുടങ്ങി. അന്നാണ് രണ്ടായിരത്തില്‍ പരം ഫലസ്തീനികള്‍ രക്തസാക്ഷികളാവുകയും, പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇസ്രായേല്‍ നരനായാട്ട് ഗസ്സയില്‍ അരങ്ങേറിയത്. ‘അതേസമയം, അല്‍ഖസ്സാമും, മറ്റു മിലിറ്ററി വിംഗുകളും വര്‍ദ്ധിതവീര്യത്തോടെ എല്ലാ അതിര്‍ത്തിപ്രദേശങ്ങളിലും പോരാടി.’
‘ഗസ്സക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തെ റമദാന് കഠിനമായിരുന്നു. ഒരുപാട് സാധാരണക്കാരും നേതാക്കളും രക്തസാക്ഷികളായി. ഞങ്ങളുടെ വീടുകള്‍ തകര്‍ന്നു. അടുത്തുള്ളവരും അകലങ്ങളിലുള്ളവരും ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തി ഞങ്ങളെ ചതിച്ചു. പക്ഷെ ആ അതിക്രൂരമായ ആക്രമണത്തിന്റെ മുന്നിലും പ്രതിരോധത്തിന്റെയും, അടിയുറച്ച് നില്‍ക്കലിന്റെയും വീരചരിതങ്ങള്‍ ഞങ്ങള്‍ രചിച്ചു’.
അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് എന്നതും, ഇതിനുള്ള പ്രതിഫലം അല്ലാഹുവിന്റെ അടുക്കലാണ് എന്നതുമാണ് ചെറുത്ത് നില്പ്പിനെ കൂടുതല്‍ ആയാസരഹിതമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു, ‘അതു തന്നെയാണ് ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കുന്നത്.’
‘എന്റെ ഭാര്യയാണ് എന്നെ സൈനികവസ്ത്രങ്ങള്‍ അണിയിക്കുന്നതും, എന്റെ ആയുധങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത്. ‘ഭര്ത്താക്കന്മാരുടെ അഭാവത്തില്‍ വീട് സംരക്ഷിക്കുന്ന ക്ഷമാശീലകളായ പോരാളികളുടെ ഭാര്യമാരെ’ വാഴ്ത്തി കൊണ്ട്, പോര്‍ക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവള് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.’ അഞ്ച് മക്കളുടെ പിതാവായ അബൂ അലി പറഞ്ഞു.
അതിര്‍ത്തി കാവല്‍ ഒരു മണിക്കൂര്‍ പിന്നിടുന്നതോടു കൂടി സംഘത്തെ രണ്ടു വിഭാഗങ്ങളായി വിഭജിക്കും. ഒരു വിഭാഗം അതിര്‍ത്തി സംരക്ഷണത്തിലും നിരീക്ഷണത്തിലും ഏര്‍പ്പെടുമ്പോള്‍, രണ്ടാമത്തെ വിഭാഗം രാത്രി നമസ്കാരവും, ഖുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനയും ആരംഭിക്കും. നിശ്ചിത സമയം കഴിഞ്ഞാല്‍ ആദ്യം നമസ്കരിച്ചവര്‍ അതിര്‍ത്തി കാവലിലേക്ക് മടങ്ങുകയും മറ്റുള്ളവര്‍ നമസ്കാരം ആരംഭിക്കുകയും ചെയ്യും.
ആരാധനാനുഷ്ഠാനങ്ങള്‍ മുറപോലെ നിര്‍വഹിച്ചും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, രാത്രി നമസ്കാരത്തില്‍ ഏര്‍പ്പെട്ടും, അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദിലൂടെ അവനിലേക്ക് കൂടുതല്‍ അടുത്തും റമദാന് മാസത്തെ കര്‍മ്മനിരതമാക്കേണ്ടത് അനിവാര്യമാണെന്ന് അല്‍ഖസ്സാം പോരാളിയായ അബൂ അംജദ് വ്യക്തമാക്കി.
ഗസ്സയില്‍ കഴിഞ്ഞ തവണ നടന്ന യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചവരോടൊത്തുള്ള മധുരസ്മരണങ്ങള്‍ അദ്ദേഹം അയവിറക്കി. ‘ആ നിമിഷങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും, അവരുടെ മേല്‍ കാരുണ്യം ചൊരിയാനും പ്രാര്‍ത്ഥിക്കുന്നു. അല്ലാഹുവേ, ഞങ്ങളെ നീ അവരോടൊത്ത് ഒരുമിച്ചു കൂട്ടണേ.. അവര്‍ക്ക് നല്കിയ വാക്ക് ഞങ്ങള്‍ പാലിക്കുക തന്നെ ചെയ്യും.’
തങ്ങള്‍ പോരാട്ടത്തിന്റെ പാതയില്‍ തുടരുമെന്ന് അബൂ ഔനി തറപ്പിച്ച് പറഞ്ഞു. അധിനിവേശ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ട മസ്ജിദുല്‍ അഖ്സയില്‍ അടുത്ത വര്‍ഷം നമസ്കരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അത്താഴത്തിന്റെ നേരമായതോടെ, പോരാളികള്‍ തങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. പാല്, ബ്രഡ്, ജ്യൂസ്, ഈത്തപ്പഴങ്ങള്‍ എന്നിവ അടങ്ങിയതാണ് അവരുടെ അത്താഴ ഭക്ഷണം. സുബ്ഹി നമസ്കാരം നിര്‍വഹിച്ചതിന് ശേഷം മടക്കത്തിനായുള്ള ഒരുക്കങ്ങളില്‍ സംഘം ഏര്‍പ്പെട്ടു തുടങ്ങി. മറ്റൊരു സംഘത്തെ അതിര്ത്തകാവല് ഏല്‍പ്പിച്ചു കൊടുത്തതിന് ശേഷം സൂര്യന് ഉദിക്കുന്നതിന് മുമ്പ് തന്നെ അവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങും.
എല്ലാ സൈനിക ഘടകങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ഫലസ്തീന് ചെറുത്തു നില്‍പ്പ് പോരാളികള്‍ ഏകോപിത സ്വഭാവത്തില്‍ ഒരോ ദിവസവും ഗസ്സ മുനമ്പിന്റെ കിഴക്കും വടക്കുമുള്ള അതിര്‍ത്തികളില്‍ ജാഗരൂകരായി നില്‍ക്കുന്നുണ്ട്.
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍