തിരുനബി(സ) പതിവാക്കിയ ഇഅ്തികാഫ്
ഇസ്ലാമിക ചരിത്രത്തില്‍ തിരുചര്യയോട് ഏറ്റവും അടുത്ത് ചേര്ന്നുനില്ക്കാന് ശ്രമിച്ച നിരവധി സൂഫികളുണ്ടായിരുന്നു. ഫുളൈല്‍ ബ്നു ഇയാള്‍, അബ്ദുല്ലാഹ് ബ്നു മുബാറക് തുടങ്ങിയവരെല്ലാം തങ്ങളുടെ ആരോഗ്യത്തപ്പോലും മറന്ന് അതിനായി പരിശ്രമിച്ചവരായിരുന്നു. തിരുചര്യയുമായുള്ള ബന്ധം പുതുക്കാനുള്ള മാസം കൂടിയാണ് റമദാന്. റമദാനില്‍ ഒരിക്കലും ഉപേക്ഷിക്കാനാകാത്ത തിരുചര്യയാണ് ഇഅ്തികാഫെന്നതില് തെല്ലും സംശയിക്കാനില്ല. തിരുനബിയെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജീവിതം മുഴുവന്‍ സമരമായിരുന്നെന്നും അതില്‍ ബദ്റും ഫത്ഹു മക്കയും റമദാനിലായിരുന്നെന്നും പിന്നെ എപ്പോഴാണ് നബി(സ്വ) ഇഅ്തികാഫിരുന്നതെന്ന് ചോദിക്കുന്നവരുണ്ട്. റമദാന് മാസത്തിലെ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നത് ഹിജ്റ രണ്ടാം വര്‍ഷമാണ്. ശേഷം ഒമ്പത് റമദാനിനാണ് പ്രവാചകന് സാക്ഷിയായത്.
ആദ്യ റമദാന്- ഹിജ്റ രണ്ടാം വര്‍ഷം
ഹിജ്റ രണ്ടാം വര്‍ഷം റമദാന് പതിനേഴിനായിരുന്നു മഹത്തായ ബദ്ര് യുദ്ധം നടക്കുന്നത്. ഈ വര്‍ഷത്തേക്കാണോ വ്രതം നിര്‍ബന്ധമാക്കപ്പെട്ടത് അതോ ശേഷമുള്ള വര്‍ഷത്തേക്കാണോ എന്ന് ഉറപ്പില്ല. രണ്ടാം വര്‍ഷത്തേക്ക് ആയിട്ടുതന്നെയാണ് നിര്ബന്ധമാക്കപ്പെട്ടതെന്ന അഭിപ്രായമനുസരിച്ച് ആ വര്‍ഷം അവിടുന്ന് ഇഅ്തികാഫ് ഇരുന്നില്ലെന്ന് പറയേണ്ടി വരും. മഹാനായ ഇബ്നു ഇസ്ഹാഖ് പറയുന്നു: ബദറിന് നിന്നും നബി(സ്വ) വരമിക്കുന്നത് റമദാന് കഴിഞ്ഞ ഉടനെയോ ശവാലിലോ ആണ്.(1)
രണ്ടാം റമദാന്- ഹിജ്റ മൂന്നാം വര്‍ഷം
ഈ വര്‍ഷം റമദാന് മാസം യുദ്ധങ്ങളൊന്നും നടന്നിട്ടില്ല. ഉഹ്ദ് യുദ്ധം നടക്കുന്നത് ശവാല്‍ മാസത്തിലാണെങ്കിലും കൃത്യമായ നാളിനെക്കുറിച്ച് ചരിത്ര പണ്ഡിതന്മാര്ക്കിടയില് അഭിപ്രായഭിന്നതകളുണ്ട്. ശവാല്‍ പകുതി ശനിയാഴ്ചയാണ് നടന്നതെന്നാണ് അതില്‍ പ്രബലാഭിപ്രായമെങ്കിലും അതിന് ഉപോത്ഭലകമായ തെളിവുകളൊന്നുമില്ല.(2) ഈ വര്‍ഷം റമദാനില്‍ ഒരു യുദ്ധവും നടക്കാത്തതിനാലും ശവാലിലെ യുദ്ധത്തിന് വേണ്ടിയുള്ള റമദാന് ഒടുക്കത്തിലായിരിക്കുമെന്നതിനാലും നബിയുടെ ഇഅ്തികാഫിന് ഇത് തടസ്സമായി വരുന്നില്ല.
മൂന്നാം റമദാന്- ഹിജ്റ നാലാം വര്‍ഷം
ഈ വര്‍ഷം ഒരു യുദ്ധം പോലും നടന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ പ്രവാചകന് ഇഅ്തികാഫിന് പൂര്‍ണ സൗകര്യം ലഭിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
നാലാം റമദാന്- ഹിജ്റ അഞ്ചാം വര്‍ഷം
ഈ വര്‍ഷമാണ് ഖന്ദഖ് യുദ്ധം നടന്നത്, ശവാല്‍ മാസം. കിടങ്ങ് കുഴിക്കാന്‍ ഒരു മാസം എടുത്തിരുന്നുവെന്നതിനാല് ഖന്ദഖിന് വേണ്ടി സ്വഹാബികള്‍ കിടങ്ങ് കീറിയിരുന്നത് റമദാനിലായിരുന്നെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അത് ബാലിശമാണ്. കാരണം, കിടങ്ങ് കുഴിച്ചവരുടെ അവസ്ഥയും ക്ഷീണവും വിശപ്പുമെല്ലാം ഉദ്ധരിച്ച് ഇമാം ബുഖാരി ഹദീസ് നിവേദനം ചെയ്തിടത്ത് നോമ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. അനസ്(റ) പറയുന്നു: മുഹാജിറുകളും അന്‍സ്വാറുകളും ചേര്‍ന്ന് മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചു. കുഴിക്കുന്നതിനിടയില്‍ അവരിങ്ങനെ പാടുമായിരുന്നു:
മുഹമ്മദിനോട് ബൈയ്അത്ത് ചെയ്തവര്‍ ഞങ്ങള്‍
ശിഷ്ടകാലം ഇസ്ലാമിലായി കഴിയുന്നവര്‍
അവര്‍ക്ക് മറുപടിയായി റസൂല്‍(സ്വ) പാടും:
പരലോകത്തേത് മാത്രമാണ് തമ്പുരാനേ നന്മ
അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഗുണം ചെയ്യുക നീ
കുറച്ച് ബാര്‍ലി മാത്രമായിരിക്കും അവര്‍ക്ക് ലഭിക്കുന്നത് അതതുന്നെ ചിലര്‍ക്ക് മാത്രം ലഭിക്കും. ബാക്കിയുള്ളവര്‍ വിശന്നിരിക്കും.(3) ഇമാം ബുഖാരി നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ മഹാനായ ജാബിര്‍(റ) നബി തങ്ങള്‍ക്കും സ്വഹാബികള്‍ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതായി പറയുന്നുണ്ട്. അവിടെയൊന്നും വ്രതത്തെയോ റമദാനിനെയോ പരാമര്‍ശിക്കുന്നില്ല.(4)
അഞ്ചാം റമദാന്- ഹിജ്റ ആറാം വര്‍ഷം
ഇതേ വര്‍ഷവും യുദ്ധങ്ങളൊന്നും സംഭവിച്ചിട്ടില്ല. നബി തങ്ങള്‍ക്ക് ഈ വര്‍ഷവും ഇഅ്തികാഫ് സാധ്യമാകുമായിരുന്നു.
ആറാം റമദാന്- ഹിജ്റ ഏഴാം വര്‍ഷം
മേല്വര്ഷത്തിന് സമാനമായിരുന്നു ഹിജ്റ ആറാം വര്‍ഷത്തിലെ റമളാനും. നബിക്ക് ഇഅ്തികാഫിന് സൗകര്യമുണ്ടായിരുന്നുവെന്ന് ചുരുക്കം.
ഏഴാം റമദാന്- ഹിജ്റ എട്ടാം വര്‍ഷം
ഈ വര്‍ഷമാണ് ഫത്ഹു മക്ക നടന്നത്. നബി(സ്വ) റമദാന് മാസത്തിലാണ് ഫത്ഹ് മക്ക യുദ്ധം നടത്തിയതെന്ന് ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്നുണ്ട്.(5) ഈ വര്‍ഷത്തെ റമദാനില്‍ പ്രവാചകന് ഇഅ്തികാഫിരുന്നിരിക്കാന് സാധ്യതയില്ലെന്നര്‍ഥം.
എട്ടാം റമദാന്- ഹിജ്റ ഒമ്പതാം വര്‍ഷം
തബൂക്ക് യുദ്ധവുമായി വ്യാപൃതനായിരുന്നതിനാല്‍ ഈ വര്‍ഷം റമദാനില്‍ ഇഅ്തികാഫിരിക്കാന്‍ നബിക്ക് സാധ്യമായില്ലെന്ന ബലഹീനമായൊരു സാധ്യതയുണ്ട്. തബൂക്ക് യുദ്ധം കഴിഞ്ഞ് റമദാനിലാണ് തിരുനബി(സ്വ) മദീനയിലേക്ക് മടങ്ങിയതെന്ന അഭിപ്രായ പ്രകാരമാണിത്. ഇബ്നു ഇസ്ഹാഖ് പറയുന്നു: തബൂക്ക് യുദ്ധം കഴിഞ്ഞ് റമദാനിലാണ് റസൂല്‍(സ്വ) മദീനയിലേക്ക് വരുന്നത്.(6)
ഈ സാധ്യത പരിഗണിച്ചാല്‍ തന്നെ തിരുനബി(സ്വ) വഫാത്തായ വര്‍ഷം ഇരുപത് ദിവസം ഇഅ്തികാഫിരുന്നെന്നും അതില്‍ പത്തു ദിവസം മുന്വര്ഷത്തേതായിരുന്നുവെന്നും ഹദീസുകളില്‍ കാണാം. ഉബയ്യ് ബ്നു കഅബ്(റ) നവേദനം ചെയ്യുന്നു: റമദാനിന്റെ അവസാന പത്തില്‍ അവിടുന്ന് ഇഅ്തികാഫ് ഇരിക്കുമായിരുന്നു. ഒരു വര്‍ഷം അങ്ങനെ ഉണ്ടായില്ല. പകരം അടുത്ത വര്‍ഷം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു.(7)
ഒമ്പതാം റമദാന്- ഹിജ്റ പത്താം വര്‍ഷം
ഈ വര്‍ഷവും കാര്യമായ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഇതേ വര്‍ഷം പ്രവാചകന്(സ്വ) ഇരുപത് ദിവസത്തോളം ഇഅ്തികാഫിരുന്നിരുന്നു. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) ഓരോ റമളാനും പത്ത് ദിവസം ഇഅ്തികാഫിരിക്കുമായിരുന്നു. അവിടുത്തെ വഫാത്ത വര്‍ഷം ഇരുപത് ദിവസം ഇഅ്തികാഫിരുന്നു.(8)
മഹാനായ ഇബ്നു ഹജര്‍ പറയുന്നു: അതിനുള്ള കാരണം, തന്റെ അവസാന നാളില്‍ കര്‍മങ്ങള്‍ അധികരിപ്പിക്കാന്‍ റസൂല്‍(സ്വ) ആഗ്രഹിച്ചതാണ്. കഴിയുന്നത്രയും കര്‍മങ്ങള്‍ ചെയ്താല്‍ അതിനനുസരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടാനാകും എന്ന് ഉമ്മത്തിനെ പഠിപ്പിക്കാന്‍ വേണ്ടിയിട്ടു കൂടിയാണ്. ഇബ്നു അറബി പറയുന്നു: ഭാര്യമാരുമായി ബന്ധപ്പെട്ട് വല്ല കാരണത്താല്‍ അവസാന പത്തിലെ ഇഅ്തികാഫ് നഷ്ടമാവുകയും പകരം ശവാലില് നിന്നും പത്ത് ദിവസം ഇഅ്തികാഫ് ഇരുന്നിരിക്കുകയുമാകാം. നഷ്ടപ്പെട്ട പത്ത് ദിവസത്തെ ഇഅ്തികാഫ് പിന്നീടുള്ള വര്‍ഷം അവിടുന്ന് ഇരിക്കുകയും ചെയ്തതാകാം.
രത്നച്ചുരുക്കം: ഫത്ഹ് മക്ക, ബദ് ർ യുദ്ധത്തിനല്ലാതെ നബി(സ്വ) റമദാന് മാസം യാത്ര ചെയ്തതായി സ്വീകാര്യയോഗ്യമായ വിവരണം വന്നിട്ടില്ല.(9) വഫാത്താകുന്നത് വരെ റമദാനിലെ അവസാന പത്തില്‍ തിരുനബി(സ്വ) ഇഅ്തികാഫ് ഇരുന്നിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. യാത്ര പോലെയുള്ള കാരണങ്ങളാല്‍ അത് നഷ്ടപ്പെട്ടാല്‍ ശവാല്‍ മാസം ഖളാഅ് വീട്ടുകയും ചെയ്യുമായിരുന്നു.
അവലംബം:
1- സീറത്തു ഇബ്നു ഹിഷാമുസ്സഖാ, 2/43.
2- അസ്സീറത്തുന്നബവിയ്യ, 2/378.
3- സ്വഹീഹുല്‍ ബുഖാരി, ഹദീസ് ന. 4100.
4- സ്വഹീഹുല്‍ ബുഖാരി, ഹദീസ് ന. 4101.
5- സ്വഹീഹുല്‍ ബുഖാരി, 5/145.
6- സാദുല്‍ മആദ് ഫീ ഹദ്യി ഖൈരില്‍ ഇബാദ്, 3/436.
7- മുസ്നദു അഹ്മദ്, 35/199.
8- സ്വഹീഹുല്‍ ബുഖാരി, ഹദീസ് ന. 2044.
9- ഇബ്നു ഹജര്‍, ഫത്ഹുല്‍ ബാരി, 4/197.