റമദാന്റെ ശ്രേഷ്ഠത

റമദാൻ വ്രതം കിതാബ് കൊണ്ടും സുന്നത്ത് കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട നിർബന്ധ കർത്തവ്യമത്രേ .
വിശുദ്ധ ഖുർആൻ പറയുന്നു.
يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون (البقرة ١٨٣)
(സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടിരുന്നപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരായെങ്കിൽ.)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു.
شهر رمضان الذي الزل فيه القرآن هدى للناس وبينات من الهدى والفرقان فمن شهد منكم الشهر فليصمة (البقرة ١٨٥)
(മനുഷ്യവർഗത്തിന് സൻമാർഗമായും മാർഗദർശനത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വ്യക്ത മായ ദൃഷ്ടാന്തങ്ങളായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാൻ. അതിനാൽ ആ മാസത്തിൽ നിങ്ങളിൽ വല്ലവരും ഹാജറുണ്ടെങ്കിൽ അതിൽ അവർ നോമ്പനുഷ്ഠിക്കട്ടെ.)
ഇനി സുന്നത്ത് നോക്കുക: നബി(സ) തിരുമേനി ഇങ്ങനെ അരുൾ ചെയ്തതായി കാണാം: “ഇസ്ലാം അഞ്ചു കാര്യങ്ങളിൻമേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലു ല്ലാഹ്’ എന്ന ശഹാദത്ത് (അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൽ), നമസ്കാരം നിലനിർത്തൽ, സകാത്ത് നല്കൽ, റമദാനിൽ വ്രതമനുഷ്ഠിക്കൽ, ഹജ്ജ് നിർവഹിക്കൽ.
ത്വൽഹത്തുബ്നു ഉബൈദില്ല നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: “ഒരാൾ റസൂലി(സ)ന്റെ അടുത്തുവന്ന് ആവശ്യപ്പെട്ടു. ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു എന്റെ മേൽ നിർബന്ധമാക്കിയ നോമ്പിനെ ക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും. തിരുമേനി പ്രതിവചിച്ചു: “റമദാൻ മാസം.’ അദ്ദേഹം ചോദിച്ചു: ‘അതല്ലാത്ത മറ്റു വല്ല നോമ്പും എന്റെ മേൽ നിർബന്ധമുണ്ടോ? നബി(സ) പറഞ്ഞു: “ഇല്ല, നീ ഐഥൃഛിക മായി ചെയ്യുന്നതൊഴികെ“.
റമദാൻ വ്രതം നിർബന്ധമാണെന്ന കാര്യത്തിൽ മുസ്ലിം സമുദായം ഏകോപിച്ചിരിക്കുന്നു. ദീനിൽ അനിവാര്യമായി അറിയപ്പെടുന്ന ഇസ്ലാമിക സ്തംഭങ്ങളിൽ ഒന്നാണതെന്ന കാര്യത്തിലും അതിനെ നിഷേധിക്കുന്നവൻ ഇസ്ലാമിൽനിന്നു ഭ്രഷ്ടനായ കാഫിറാണെന്ന കാര്യത്തിലും മുസ്ലിം സമുദായത്തിന് ഏകാഭിപ്രായമുണ്ട്.
ഹിജ്റ രണ്ടാം വർഷം ശബാൻ മാസം 2-ാം തിയ്യതി തിങ്കളാഴ്ചയാണ് റമദാനിലെ നോമ്പ് നിർബന്ധമാക്കപ്പെട്ടത്.
ശ്രേഷ്ഠത
1. അബൂഹുറയ്റ(റ) പ്രസ്താവിക്കുന്നു: റമദാൻ മാസമായപ്പോൾ റസൂൽ(സ) പറഞ്ഞു: “അനുഗൃഹീ തമായ ഒരു മാസമിതാ നിങ്ങൾക്ക് സമാഗതമായിരിക്കുന്നു. ഇതിലെ വ്രതാനുഷ്ഠാനം അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. ഇതിൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ കവാടങ്ങൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇതിൽ ആയിരം മാസ ത്തേക്കാൾ ഉത്തമമായ ഒരു രാവുണ്ട്. അതിന്റെ പുണ്യം ആർക്കെങ്കിലും നഷ്ടപ്പെട്ടാൽ അവന് എല്ലാം നഷ്ടപ്പെട്ടതുതന്നെ.” (അഹ്മദ്, നസാഇ, ബൈഹഖി)
2. അർഫജയിൽ നിന്നു നിവേദനം. അദ്ദേഹം പറയുന്നു: “ഞാൻ ഉത്ത്ബത്തുബ്നു ഫർഖദിന്റെ അടുത്തായിരുന്നു. അദ്ദേഹമാകട്ടെ റമദാൻ മാസത്തെ സംബന്ധിച്ച് സംസാരിക്കുകയാണ്. അപ്പോൾ നബി(സ) യുടെ സഹാബിമാരിൽപ്പെട്ട ഒരാൾ ഞങ്ങളുടെ അടുത്ത് കടന്നുവന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഉത്ത്ബത്ത് ബഹുമാനാദരത്താൽ മൗനം ദീക്ഷിച്ചു. ആഗതൻ റമദാനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: റസൂൽ(സ) തിരുമേനി റമദാനെ സംബന്ധിച്ച് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. അതിൽ നരകത്തിന്റെ കവാടങ്ങൾ അടയ്ക്കപ്പെടുകയും സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യും. നബി(സ) തുടർന്നു: “അതിൽ ഒരു മലക്ക് വിളിച്ചു പറയും: “ഹേ, നൻമകാംക്ഷിക്കുന്നവനേ, നീ സന്തോഷിച്ചുകൊള്ളുക. അല്ലയോ തിൻമകാംക്ഷിക്കുന്നവനേ, വിരമിക്കുക. റമദാൻ കഴിയുവോളം ഇത് തുടരുകയും ചെയ്യും.” (അഹ്മദ്, നസാഇ) ഇതിന്റെ പരമ്പര കൊള്ളാവുന്നത്.
3. നബി(സ) തിരുമേനി പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു.
الصلوات الخمس والجمعة إلى الجمعة ورمضان إلى رمضان مكفرات لما بينهن إذا اجتنبت الكبائر
(അഞ്ചു നമസ്കാരങ്ങൾ, ഒരു ജുമുഅയും അടുത്ത ജുമുഅയും ഒരു റമദാനും അടുത്ത റമദാനും അവയ്ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുന്നവയാണ്. മഹാപാപങ്ങൾ വർജിക്കപ്പെട്ടാൽ, (മുസ്ലിം) 4. നബി(സ) പറഞ്ഞതായി അബൂസഈദിൽ ഖുദ്രി നിവേദനം ചെയ്യുന്നത് കാണുക: “ആർ റമദാനിൽ നോമ്പനുഷ്ഠിക്കുകയും അതിന്റെ പരിധികൾ പാലിക്കുകയും സൂക്ഷ്മത വേണ്ട കാര്യങ്ങളെക്കുറിച്ചു സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവോ അവന്റെ മുൻപാപങ്ങൾ അത് പൊറുപ്പിക്കുന്നതാണ്.” (അഹമ്മദ് , ബൈഹഖി എന്നിവർ മെച്ചപ്പെട്ട പരമ്പരയോടെ ഉദ്ധരിച്ചത്.)
5. റസൂൽ(സ) പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: “വിശ്വാസത്തോടും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും ഒരാൾ റമദാൻ വ്രതമനുഷ്ഠിച്ചാൽ അവന്റെ പൂർവ പാപങ്ങൾ പൊറുക്ക പ്പെടുന്നതാണ്.” (അഹ്മദും സുനനുകാരും ഉദ്ധരിച്ചത്.)
വ്രതമുപേക്ഷിക്കൽ
1. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്നു: “ഇസ്ലാമിന്റെ കൈപിടിയും ദീനിന്റെ അടിത്തറയും മൂന്നു കാര്യങ്ങളാകുന്നു. അവ യിൽ ഏതെങ്കിലുമൊന്ന് വല്ലവനുമുപേക്ഷിച്ചാൽ അവൻ അതിന്റെ നിഷേധിയും രക്തം അനുവദനീയ മായവനും ആയിത്തീരും. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കൽ, നിർബന്ധ നമസ്കാരങ്ങൾ, റമദാൻ വ്രതം എന്നിവയാണത്.” (അബൂയഅ്ല, ദൈലമി)
ദഹബി ഇത് സ്വഹീഹാണെന്ന് പറഞ്ഞിരിക്കുന്നു.
2. റസൂൽ(സ) അരുളിയതായി അബൂഹുറയ്റ ഉദ്ധരിക്കുന്നു: “അല്ലാഹു അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തിലല്ലാതെ ആരെങ്കിലും റമദാനിൽ ഒരു ദിവസത്തെ നോമ്പുപേക്ഷിക്കുന്ന പക്ഷം, ഒരു കൊല്ലം മുഴുവൻ നോമ്പെടുത്താലും അതിന് പകരമാവുകയില്ല.“ (അബൂദാവൂദ്, ഇബ്നുമാജ, തിർമിദി)
“തടസ്സമോ രോഗമോ കൂടാതെ ആരെങ്കിലും റമദാനിലെ ഒരു ദിവസം നോമ്പുപേക്ഷിക്കുന്നുവെങ്കിൽ ഒരു വർഷം നോമ്പനുഷ്ഠിച്ചാലും അത് പരിഹരിക്കപ്പെടുകയില്ല” എന്ന് അബൂഹുറയ്റ(റ) തിരുമേനിയിലേക്ക് ചേർത്ത് പറഞ്ഞിട്ടുണ്ടെന്ന് നിവേദനം ചെയ്യപ്പെടുന്നതായി ബുഖാരിയും പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദിന്റെ അഭിപ്രായവും അതത്രെ.
ദഹബി പറയുന്നു: “ഒരാൾ രോഗം കൂടാതെ റമദാൻ വ്രതമുപേക്ഷിക്കുന്നപക്ഷം അവൻ വ്യഭിചാരിയെക്കാളും നിത്യമദ്യപാനിയെക്കാളും നീചനാണെന്ന കാര്യം സത്യവിശ്വാസികൾക്കിടയിൽ സ്ഥിരപ്പെട്ട വസ്തുതയാണ്. അവന്റെ ഇസ്ലാമിനെക്കുറിച്ചുതന്നെ അവർക്ക് സംശയമാണ്. അവൻ നിർമതനും താന്തോന്നിയുമാണെന്നത്രെ അവരുടെ വിശ്വാസം.“
മാസപ്പിറവി സ്ഥിരപ്പെടുത്തൽ
വിശ്വസ്തനായ ഒരാളെങ്കിലും മാസപ്പിറവി കാണുന്നതു കൊണ്ടോ അല്ലെങ്കിൽ ശഅ്ബാൻ മുപ്പത് ദിവസം പൂർത്തിയാവുന്നതുകൊണ്ടോ റമദാൻ മാസം സ്ഥിരപ്പെടുന്നതാണ്.
1. ഇബ്നു ഉമർ(റ) പ്രസ്താവിക്കുന്നു: “ആളുകൾ മാസപ്പിറവി നോക്കുകയുണ്ടായി. അങ്ങനെ ഞാൻ അത് കണ്ടുവെന്ന് റസൂൽ(സ) തിരുമേനിയെ ഞാനറിയിച്ചു. അതിനെ തുടർന്ന് അവിടന്ന് നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാൻ കല്പിക്കുകയും ചെയ്തു.” (അബൂദാവൂദ്, ഹാകിം, ഇബ്നു ഹിബ്ബാൻ)
അവസാനത്തെ രണ്ടുപേർ ഇത് സ്വഹീഹാണെന്ന്കൂടി പറയുന്നു.
2. റസൂൽ(സ) ഇങ്ങനെ പറഞ്ഞതായി അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു
صوموا لرؤيته وأفطروا لرؤيته فان غم عليكم فأكملوا عدة شعبان ثلاثين يوما (بخاری، مسلم)
(മാസപ്പിറവി കണ്ടാൽ നിങ്ങൾ വ്രതാനുഷ്ഠാനം തുടങ്ങുകയും അത് കണ്ടാൽ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി അത് നിങ്ങൾക്ക് അവ്യക്തമായാൽ ശഅ്ബാനിലെ എണ്ണം മുപ്പത് പൂർത്തിയാക്കുക.)
തിർമിദി പറയുന്നു. അധിക പണ്ഡിതൻമാരുടെയും പ്രവർത്തനം ഇതനുസരിച്ചാണ്. അതായത് നോമ്പിന്റെ വിഷയത്തിൽ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിക്കപ്പെടുമെന്നാണ് അവരുടെ അഭിപ്രായം. ഇബ്നുൽ മുബാറക്, ശാഫിഈ, അഹ്മദ് എന്നിവരുടെ അഭിപ്രായം അപ്രകാരമാണ്. അതാണേറ്റവും ശരിയെന്നാണ് നവവി പറയുന്നത്.
എന്നാൽ ശവ്വാൽ മാസപ്പിറവി സ്ഥിരപ്പെടുന്നതാകട്ടെ ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ റമദാൻ മുപ്പത് പൂർത്തിയാവുന്നതു കൊണ്ട്. അതിന് വിശ്വസ്തനായ ഒരാളുടെ സാക്ഷ്യം സ്വീകാര്യമല്ലെന്നും വിശ്വസ്തൻമാരായ രണ്ട് വ്യക്തികൾ തന്നെ അതിനു സാക്ഷ്യം വഹിക്കണമെന്നും അവർ നിബന്ധന നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, അബൂസൗർ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. റമദാനും ശവ്വാലും തമ്മിൽ ഈ വിഷയത്തിൽ വ്യത്യാസമില്ലെന്നും രണ്ടിലും വിശ്വസ്തനായ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിക്കപ്പെടുമെന്നുമത്രെ അദ്ദേഹത്തിന്റെ പക്ഷം.
ഇബ്നുറുശ്ദ് പറയുന്നു: അബൂബക്കറുബ്നുൽ മുൻദിറിന്റെ അഭിപ്രായം അബൂസൗറിന്റെ അഭിപ്രായം തന്നെയാണ്. അതുതന്നെയാണ് ളാഹിരി മദ്ഹബുകാരുടെയും അഭിപ്രായമെന്നുകൂടി ഞാൻ വിചാരിക്കുന്നു. ഒരാളുടെ വാക്കുകൊണ്ടു തന്നെ നോമ്പു തുറക്കലും ഭക്ഷണം നിർത്തലും നിർബന്ധമാവുമെന്ന വിഷയത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണെന്ന വസ്തുത അബൂബക്കറുബ്നുൽ മുൻദിർ തന്റെ വാദത്തിന് തെളിവാക്കിയിരിക്കുന്നു. അപ്പോൾ മാസം തുടങ്ങുന്ന കാര്യവും അപ്രകാരം തന്നെ ആയിരിക്കേണ്ടത് നിർബന്ധമാണെന്ന് അദ്ദേഹം വാദിക്കുന്നു. എന്തുകൊണ്ടെന്നാൽ മേൽപറഞ്ഞ രണ്ടിനങ്ങളിലും ഒരു വ്യക്തിയുടെ വാക്ക് നോമ്പനുഷ്ഠിക്കേണ്ട സമയത്തെയും അവസാനിപ്പിക്കേണ്ട സമയത്തെയും തമ്മിൽ വേർതിരിക്കുന്നതിനുള്ള അടയാളമാവുകയാണ് ചെയ്യുന്നത്.
ശൗക്കാനി പറയുന്നു: “നോമ്പവസാനിപ്പിക്കാനുള്ള സാക്ഷ്യത്തിന് രണ്ടാൾ വേണമെന്ന് തെളിയിക്കുന്ന ശരിയായ തെളിവുകളൊന്നുമില്ലെങ്കിൽ നോമ്പനുഷ്ഠിക്കുന്നേടത്തെന്നപോലെത്തന്നെ അതിന് ഒരാളുടെ സാക്ഷ്യം മതിയാവുമെന്നാണ് വ്യക്തമാവുന്നത്.“
ഖബറുൽ വാഹിദ് (ഒരാളുടെ റിപ്പോർട്ട് ) സ്വീകരിക്കണമെന്ന ശരീഅത്തിന്റെ വിധി, സാമ്പത്തിക ഇടപാടിനുള്ള സാക്ഷികളെപ്പോലെ ഖബറുൽവാഹിദ് സ്വീകാര്യമല്ലെന്ന് പ്രത്യേകം നിർദേശിക്കാത്ത എല്ലായിടത്തും അത് സ്വീകരിക്കണമെന്നതിന് തെളിവ്. അതിനാൽ അബൂസൗറിന്റെ അഭിപ്രായമാണ് അംഗീ കാരയോഗ്യമായി തോന്നുന്നത്.
ഉദയാസ്തമയങ്ങളുടെ വ്യത്യാസം
മാസപ്പിറവിയുടെ വിഷയത്തിൽ ഉദയാസ്തമയങ്ങളുടെ വ്യത്യാസം പരിഗണനീയമല്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനാൽ ഒരു നാട്ടുകാർ മാസപ്പിറവി കണ്ടാൽ എല്ലാ നാട്ടുകാർക്കും നോമ്പ് നിർബന്ധമാവുന്നതാണ്.
صوموا لرؤيته وأفطروا لرؤيته (മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക; അത് കണ്ടാൽ നോമ്പവസാനിപ്പിക്കുകയും ചെയ്യുക. എന്ന് നബി(സ) തിരുമേനിയുടെ വചനമാണവർക്ക് തെളിവ്.
ഇത് സമുദായത്തോടാകമാനമുള്ള സംബോധനയാണ്. അതിനാൽ അവരിലാരെങ്കിലും എവിടെവച്ചങ്കിലും മാസപ്പിറവി കാണുന്നപക്ഷം അത് അവരിൽ എല്ലാവർക്കും ബാധകമായ കാഴ്ചയാണെന്നത്രെ അവർ പറയുന്നത്.
എന്നാൽ ഇക് രിമ, ഖാസിമുബ്നു മുഹമ്മദ്, സാലിം, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായത്തിലും ഹനഫികളുടെ അടുക്കൽ ശരിയായ അഭിപ്രായത്തിലും ശാഫിഈകളുടെ അടുക്കൽ കൂടുതൽ പരിഗണനീയമായ അഭിപ്രായപ്രകാരവും ഓരോ നാട്ടുകാർക്കും അവരുടെ കാഴ്ചയാണ് പരിഗണിക്കപ്പെടേണ്ടത്. മറ്റു ദേശക്കാരുടെ കാഴ്ച അവർ സ്വീകരിക്കേണ്ടതില്ല.
കുറൈബി നിവേദനം ചെയ്യുന്ന സംഭവമാണ് ഇവർക്ക് തെളിവ്. അദ്ദേഹം പറയുന്നു: ഞാൻ സിറിയ യിൽ പോയതായിരുന്നു. അവിടെയായിരിക്കുമ്പോഴാണ് റമദാൻ മാസപ്പിറവി ഉദിച്ചത്. ഞാൻ മാസപ്പിറവി കണ്ടത് വ്യാഴാഴ്ചയായിരുന്നു. പിന്നീട് മാസാവസാനത്തിൽ ഞാൻ മദീനയിൽ ചെന്നു, അങ്ങനെ ഇബ്നു അബ്ബാസ് മാസപ്പിറവിയെപ്പറ്റി സംസാരിക്കുകയും “നിങ്ങൾ മാസപ്പിറവി കണ്ടതെപ്പോഴാണ് എന്നെന്നോട് ചോദിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: വ്യാഴാഴ്ചയാണ് ഞങ്ങൾ കണ്ടത്.’ അദ്ദേഹം ചോദിച്ചു: “താങ്കൾ കണ്ടുവോ? ഞാൻ: “അതെ, ജനങ്ങളും കണ്ടു. അവർ നോമ്പെടുക്കുകയും ചെയ്തു. മുആവിയയും നോമ്പെടുത്തു. ഇബ്നു അബ്ബാസ് “പക്ഷേ, ഞങ്ങൾ കണ്ടത് വെള്ളിയാഴ്ചയാണ്. അതി നാൽ മുപ്പത് പൂർത്തിയാവുകയോ മാസപ്പിറവി കാണുകയോ ചെയ്യുന്നതുവരെ ഞങ്ങൾ നോമ്പെടുത്തുകൊണ്ടിരിക്കും.” “മുആവിയ കണ്ടതും നോമ്പെടുത്തതും നിങ്ങൾക്ക് മതിയാവുകയില്ലേ?” ഇബ്നു അബ്ബാസ്. “പോരാ, റസൂൽ (സ) ഇപ്രകാരമാണ് ഞങ്ങളോട് കല്പിച്ചിട്ടുള്ളത്.” (അഹ്മദ്, മുസ്ലിം, തിർമിദി).
ഇത് ഹസനും സ്വഹീഹും ഗരീബുമാണെന്നും ഇതനുസരിച്ചാണ് പണ്ഡിതൻമാരുടെ പ്രവർത്തനമെന്നും അതായത് ഓരോ നാട്ടുകാർക്കും അവരവരുടെ കാഴ്ചയാണ് പരിഗണനീയമെന്നും തിർമിദി തുടർന്ന് പറയുന്നു.
ബുലൂഗുൽ മറാമിന്റെ വ്യാഖ്യാനമായ ഫത്ഹുൽ അല്ലാമിൽ പറയുന്നു: “ഒരിടത്ത് മാസപ്പിറവി കണ്ടാൽ അത് കണ്ട നാട്ടുകാർക്കും അതിന്റെ നേർക്ക് അതിനോട് ചേർന്നുള്ള സ്ഥലങ്ങൾക്കും അത് ബാധകമാവുമെന്ന അഭിപ്രായമാണ് കൂടുതൽ യുക്തമായിട്ടുള്ളത്.“
മാസപ്പിറവി കണ്ടാൽ
ഒരാൾ ഏകനായി റമദാൻ മാസപ്പിറവി കാണുന്ന പക്ഷം അയാൾ നോമ്പെടുക്കേണ്ടത് നിർബന്ധമാണന്നതിൽ പ്രമുഖ കർമശാസ്ത്ര പണ്ഡിതൻമാർ ഏകോപിച്ചിരിക്കുന്നു. പക്ഷേ, അത്വാഇന് ഇതിൽ എതിരഭി പ്രായമാണുള്ളത്. തന്റെ കൂടെ മറ്റാരെങ്കിലും മാസപ്പിറവി കണ്ടില്ലെങ്കിൽ അയാൾ നോമ്പ് നോക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ശവ്വാൽ മാസപ്പിറവി ഒരാൾ മാത്രം കണ്ടാലുള്ള നിയമത്തെ സംബന്ധിച്ച് പണ്ഡിതൻ മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പക്ഷേ, ശാഫി ഈയും അബൂ സൗറും പറഞ്ഞത് പോലെ ഒരാൾ മാത്രം കണ്ടാൽ അയാൾ നോമ്പവസാനിപ്പിക്കണമെന്നതാണ് വാസ്തവം. എന്തുകൊണ്ടെന്നാൽ നബി(സ) വ്രതം അനുഷ്ഠിക്കുന്നതും അവസാനിപ്പിക്കുന്നതും നിർബന്ധമാക്കിയിട്ടുള്ളത് മാസം കാണുന്നതിനെ ആസ്പദമാക്കിയാണ്. ആ കാഴ്ചയാകട്ടെ ഉറപ്പായും ഇയാൾക്ക് സിദ്ധിക്കുകയും ചെയ്തിരിക്കുന്നു. മാസ പിറവി കാണുകയെന്നത് അനുഭവത്തെ ആസ്പദമാക്കിയുള്ള ഒരു കാര്യമാണ്. അതിനാൽ അതിൽ പങ്കാളിത്തത്തിന്റെ ആവശ്യമില്ലതന്നെ.
വ്രതത്തിന്റെ ഘടകങ്ങൾ
വ്രതത്തിന് രണ്ട് ഘടകങ്ങളുണ്ട്. അവ കൂടിച്ചേർന്നാണ് അതിന്റെ അസ്തിത്വം രൂപംകൊള്ളുന്നത്.
1. പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പു മുറിക്കുന്ന കാര്യങ്ങൾ വർജിക്കുക.
അല്ലാഹു പറയുന്നു.
فَٱلْـَٰٔنَ بَٰشِرُوهُنَّ وَٱبْتَغُواْ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُواْ وَٱشْرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيْلِ ۚ (البقرة ١٨٧)
(അതുകൊണ്ട് ഉഷസ്സിന്റെ വെള്ളനൂലിൽ രാത്രിയുടെ കറുപ്പുനൂലിൽ നിന്ന് നിങ്ങൾക്ക് തിരിച്ചറിയാവുന്നതു വരെ ഇനി മുതൽ ഭാര്യമാരുമായി സംസർഗം ചെയ്യുകയും അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചതിനെ കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ വ്രതം പൂർത്തിയാക്കുകയും ചെയ്യുക.)
വെള്ളനൂലും കറുപ്പുനൂലും കൊണ്ടുദ്ദേശിക്കുന്നത് പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പുമാണ്. അദിയ്യുബ്നു ഹാത്തിമിൽനിന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസ് അതിന് തെളിവാണ്. അദിയ്യ് പറഞ്ഞു:
حتى يتبين لكم الخيط الأبيض من الخيط الأسود
എന്ന ഖുർആൻ വാക്യമവതരിച്ചപ്പോൾ ഞാനൊരു കറുത്ത ചരടും വെളുത്ത ചരടുമെടുത്ത് എന്റെ തലയണക്കരികിൽ വെച്ചു. രാത്രി അത് നോക്കിക്കൊണ്ടിരുന്നു. എന്നാൽ എനിക്കത് വേർതിരിച്ച് മനസ്സിലായില്ല. രാവിലെ ഞാൻ റസൂലി(സ)ന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞപ്പോൾ, “അതുകൊണ്ടുദ്ദേശ്യം രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണ്’ എന്നായിരുന്നു അവിടത്തെ മറുപടി.
2. നിയ്യത്ത്
وما أمروا إلا ليعبدوا الله مخلصين له الدين (البينة 5)
(അനുസരണം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാൻ മാത്രമാണ് അവർ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്.
നബി(സ) തിരുമേനി അരുൾ ചെയ്യുന്നു.
إنما الأعمال بالنيات وإنما لكل امرئ ما نوى
(പ്രവർത്തനങ്ങൾ ഉദ്ദേശ്യമനുസരിച്ചു മാത്രമാണ്. ഓരോ മനുഷ്യന്നും അവനവൻ കരുതിയത് മാത്രമാണുള്ളത്.)
റമദാനിലെ ഓരോ രാത്രിയും പ്രഭാതത്തിന് മുമ്പ് നിയ്യത്ത് ചെയ്യേണ്ടത് നിർബന്ധമത്രേ .
من لم يجمع الصيام قبل الفجر فلا صيام له
(പ്രഭാതത്തിന് മുമ്പായി നോമ്പെടുക്കാൻ തീരുമാനമെടുക്കാത്തവന് നോമ്പില്ല എന്നു നബി(സ) പറഞ്ഞതായി ഹഫ്സ(റ) നിവേദനം ചെയ്ത ഹദീസാണ് തെളിവ്. (അഹ്മദും സുനനുകാരും ഉദ്ധരിക്കുകയും ഇബ്നു ഖുസൈമ, ഇബ്നുഹിബ്ബാൻ എന്നിവർ സ്വഹീഹാണെന്ന് പറയുകയും ചെയ്തിരിക്കുന്നു.
നിയ്യത്ത് രാത്രി ഏതു സമയത്തായാലും സാധുവാകുന്നതാണ്. അത് പറയണമെന്ന് നിബന്ധനയില്ല. എന്തുകൊണ്ടെന്നാൽ അത് മനസ്സിന്റെ ഒരു കാര്യം മാത്രമായതിനാൽ നാവിനതിൽ പങ്കില്ല. അല്ലാഹു വിന്റെ ആജ്ഞക്ക് വഴിപ്പെട്ടും അവന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടും കർമത്തിന് മുതിരുകയെന്നതാണ് യഥാർഥത്തിൽ നിയ്യത്ത്. അപ്പോൾ വ്രതമുദ്ദേശിച്ചു കൊണ്ടും അത് മുഖേന ദൈവസാമീപ്യം ലക്ഷ്യമാക്കിയും ഒരാൾ രാത്രി സമയത്ത് അത്താഴമുണ്ടാൽ അയാൾ നിയ്യത്തുള്ളവനായിത്തീരുന്നതാണ്. അപ്രകാരം തന്നെ ഒരാൾ അല്ലാഹുവിന്റെ തൃപ്തി മാത്രമുദ്ദേശിച്ച് പകൽ സമയത്ത് നോമ്പു മുറിക്കുന്ന കാര്യങ്ങൾ വർജിക്കാൻ തീരുമാനിക്കുന്നപക്ഷം അത്താഴം കഴിച്ചില്ലെങ്കിലും അയാൾ നിയ്യത്തുള്ളവൻ തന്നെ.
ഭക്ഷണപാനീയങ്ങളൊന്നും കഴിച്ചിട്ടില്ലെങ്കിൽ സുന്നത് നോമ്പിനുള്ള നിയ്യത്ത് പകലായാലും മതിയാകുമെന്നാണ് കർമശാസ്ത്ര പണ്ഡിതൻമാരിൽ ധാരാളം പേർ അഭിപ്രായപ്പെടുന്നത്.
ആഇശ(റ) പറയുന്നു: നബി(സ) ഒരു ദിവസം എന്റെ അടുത്ത് വന്ന് നിങ്ങളുടെ പക്കൽ വല്ലതുമുണ്ടോ എന്നന്വേഷിച്ചു. ഒന്നുമില്ലെന്ന് ഞങ്ങൾ പറ ഞ്ഞപ്പോൾ അവിടുന്ന് പ്രതിവചിച്ചു: “എങ്കിൽ ഞാൻ നോമ്പുകാരനാണ്. (മുസ്ലിം, അബൂദാവൂദ്)
പ്രസ്തുത നിയ്യത്ത് ഉച്ച തിരിയുന്നതിന് മുമ്പ് വേണമെന്ന് ഹനഫികൾ നിബന്ധന വച്ചിരിക്കുന്നു. ഇമാം ശാഫിഈയുടെ രണ്ടഭിപ്രായങ്ങളിൽ മശ്ഹൂർ ആയത് അതത്രെ. എന്നാൽ ആ നിയ്യത്ത് ഉച്ചതിരിയുന്നതിനു മുമ്പും ശേഷവും ഒരേ പ്രകാരം സാധുവാകു മെന്നാണ് ഇബ്നു മസ്ഊദും അഹ്മദും പറഞ്ഞതിന്റെ ബാഹ്യാർഥം നോക്കിയാൽ മനസ്സിലാകുന്നത്. ( തുടരും )