വിശ്വാസം, അതല്ലേ എല്ലാം ?!
يَا أَيُّهَا الَّذِينَ آمَنُوا آمِنُوا 4.136 ‘നിങ്ങളുടെ വിശ്വാസം ശക്തമാണെങ്കിൽ അതിനായി പോരാടുക തന്നെ വേണം ‘ എന്ന് പറഞ്ഞത് ആംഗലേയ – ദാർശനിക കൃതികളിലെ വിസ്മയം റോയ് ടി. ബെന്നറ്റാണ്.
എഴുന്നേല്ക്കൂ , മുഹമ്മദ് (സ) മരിച്ചെങ്കിൽ അദ്ദേഹമേതൊന്നിന് വേണ്ടി മരിച്ചോ അതിനായ് നമുക്കും മരിക്കാമെന്ന് ഉഹ്ദ് രണാങ്കണത്തിൽ വെച്ച് പറഞ്ഞ് ആ മാർഗത്തിൽ രക്തസാക്ഷിയായ മഹാൻ അനസുബ്നു നദ്ർ (റ ) വെച്ചു പുലർത്തിയ വിശ്വാസമാണ് എന്നെയും നിങ്ങളെയും ഇന്നും പ്രചോദിതരാക്കേണ്ടത്.
റബ്ബിന്റെ വാക്യങ്ങളെ അന്യായമായി നിഷേധിച്ച ഫിർഔൻ കൂലിക്ക് കൊണ്ടുവന്ന മാരണക്കാർ മൂസാ നബിയുടെ പ്രവാചകത്വ തെളിവുകൾക്ക് മുമ്പിൽ വിനയാന്വിതരായി മുട്ടുമടക്കി അല്ലാഹുവിന് സാഷ്ടാംഗം നമസ്കരിച്ച രംഗം ഖുർആൻ ചിത്രീകരിച്ച എൻഡ് പഞ്ച് വളരെ വശ്യമാണ്. ഫിർഔന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുവിറക്കാത്ത വിശ്വാസ പ്രഖ്യാപനം സൂറതു ത്വാഹായിൽ നമുക്ക് കാണാൻ കഴിയും. വിശ്വാസം വരുത്തുന്ന മാറ്റത്തിന്റെ എക്കാലത്തേയും മികച്ച മാതൃകകളായത് ജീവിതത്തിലത് വരെയും ദൈവകല്പനകൾക്ക് മുട്ടുമടക്കാതിരുന്ന മാന്ത്രികരായിരുന്നു. വിശ്വാസം മനസ്സിൽ രൂഢമൂലമായാൽ ഏത് സ്വേച്ഛാധിപതിയെയും അവന്റെ തിട്ടൂരങ്ങളെയും ചവറ്റുകൊട്ടയിലിടുമെന്നതിന്റെ ആദ്യകാല മാതൃക എന്ന നിലയിലാണ് ഫിർഔന്റെ സാഹിറുകളുടെ ചരിത്രം ചുരുക്കി സൂചിപ്പിച്ചത്. ഖുർആൻ ചരിത്രം പറയുകയല്ല അതാവർത്തിക്കാൻ പറയാതെ പറയുകയാണ് അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്.വിശ്വാസം മറയില്ലാതെ ഹൃദയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പിന്നെ മാസ്മരികമായ മാറ്റമാണ് സംഭവിക്കേണ്ടത്. ഈ ചരിത്രത്തിൽ നിന്നും നാം മനസിലാക്കായ വിശ്വാസം അംഗീകാരവും ഉറപ്പും ദൃഡബോധ്യവും , അതോടൊപ്പം അതാരുടെ മുഖത്ത് നോക്കി വിളിച്ചു പറയാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉൾചേർന്നതാണ് ഈമാനെന്നാണ് ..
വെറും നാവുകൊണ്ടുള്ള പ്രഖ്യാപനം നാവിന്റെ മാത്രം വിശ്വാസമായി പരിഗണിക്കപ്പെടും.
الإيمان.. تصديق بالقلب وإقرار باللسان وعمل بالجوارح ഹൃദയം കൊണ്ടുള്ള സത്യപ്പെടുത്തലും നാവ് കൊണ്ടുള്ള അംഗീകാരവും അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനവുമാണ് ഈമാൻ എന്നാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (661 – 728 AH / 1263 – 1328CE) യെപോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ദൈവശാസ്ത്ര പദാവലിയിൽ ഈമാൻ കാര്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മാലാഖമാരിലുള്ള വിശ്വാസം, അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവന്റെ ദൂതന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, നന്മയും തിന്മയും അവന്റെ മുൻനിശ്ചയ പ്രകാരമെണുന്നുള്ള വിശ്വാസം എന്നിവയാണവ.
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക വഴി ഈമാൻ വർദ്ധിക്കുകയും പാപങ്ങൾ ചെയ്യുന്നതിലൂടെ അത് കുറയുകയും ചെയ്യുമെന്നാണ് അഹ് ലു സ്സുന്നത്തിന്റെ അഖീദ : . അഥവാ അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കുന്നതിലൂടെയും പാപങ്ങൾ വർജിക്കുന്നതിലൂടെയും അധികരിക്കുന്ന ഒന്നാണ് ഈമാൻ. (الإيمان يزيد وينقص )
ഈമാൻ വർദ്ധിക്കുന്ന ധാരാളം കാര്യങ്ങൾ ഖുർആനും സുന്നത്തും പലസ്ഥലങ്ങളിലായി പഠിപ്പിച്ചിട്ടുണ്ട്. അത് നമ്മുടെ ജീവിതത്തിൽ പകർത്തുന്നതോടെ ഈമാനികമായ ജീവിതം കൈവരിക്കാൻ നമുക്ക് സാധിക്കും . കൂടുന്ന വസ്തു ന്യായമായും കുറയണമല്ലോ എന്നതാണ് ഭൂരിഭാഗം ദൈവശാസ്ത്ര സംവാദകരുടേയും ലോജിക്.
“إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَاناً وَعَلَى رَبِّهِمْ يَتَوَكَّلُونَ” (الأنفال:2) നിശ്ചയമായും സത്യവിശ്വാസികൾ യാതൊരു കൂട്ടർ മാത്രമാകുന്നു: അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാൽ (അഥവാ ഓർമ്മവന്നാൽ) അവരുടെ ഹൃദയങ്ങൾ പേടിച്ചു (നടുങ്ങി) പോകുന്നതാണു; അവരിൽ അവന്റെ ആയത്തു[ലക്ഷ്യം]കൾ ഓതിക്കേൾപ്പിക്കപ്പെട്ടാൽ അതവർക്കു വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ മേൽ അവർ ഭരമേൽപ്പിക്കുകയും ചെയ്യും എന്ന ആയത് അതിന്റെ കൃത്യമായ പ്രസ്താവനയാണ്. ഇതിനു സമാനമായ എത്രയോ ആയതുകളുണ്ട്. പലർക്കും വിശ്വാസം വർധിപ്പിക്കുന്ന സംഗതികൾ എന്തൊക്കെയാണെന്ന് വ്യക്തി ജീവിതത്തിൽ നിന്നും മനസ്സിലാക്കി അവ ബോധപൂർവ്വം ജീവിതത്തിൽ കൊണ്ടു വരികയുമാണ് വേണ്ടത്.
ഹൃദയത്തിലെ ആദർശത്തിന്റെ സ്വീകാര്യതയും അംഗീകാരവും അതിനുവേണ്ടിയുള്ള സ്വയം സമർപ്പണവും കർമസാക്ഷ്യവും സർവ്വോപരി അത് പ്രഖ്യാപിക്കാനുള്ള ആർജവവുമെല്ലാം ഈമാനിലടങ്ങിയിരിക്കുന്നു. അവ ചെയ്യുമ്പോഴെല്ലാം നമ്മുടെ ഈമാൻ ഉന്നതിയിലായിരിക്കും.
ذَاكَ صَرِيحُ الإِيمَانِ എന്ന് നബി തങ്ങൾ വിശേഷിപ്പിച്ച അവസ്ഥയാണത്. ഈമാൻ കുറയുന്നതായി അനുഭവപ്പെടുന്ന ചില അവസ്ഥാന്തരങ്ങളെ കുറിച്ച് ആശങ്ക പങ്കുവെച്ച ഹൻളല(റ), സ്വിദ്ദീഖ് (റ) എന്നിവരോട് നബി പ്രതികരികരിച്ചതാണിത്. അഥവാ ഈ തോന്നൽ ഈമാന്റെ വിളംബരമാണെന്നർഥം.
അംഗീകാരത്തോടും സ്വീകാര്യതയോടും ഉറപ്പോടും കൂടി റസൂലുല്ല അല്ലാഹുവിൽനിന്ന് കൊണ്ടുവന്ന എല്ലാ കാര്യങ്ങളിലും ഉറച്ച വിശ്വാസത്തിലാണ് ആ ഈമാനിന്റെ അടിസ്ഥാനം.
സ്വർഗ്ഗവും നരകവും, പുനരുത്ഥാനം, കണക്കുകൂട്ടൽ, മീസാൻ , സ്വിറാത് മുതലായവ പോലുള്ള ഇന്ന് നമുക്ക് അദൃശ്യമായ സംഗതികളിലുള്ള വിശ്വാസം ഈമാന്റെ ഭാഗമാണ്.
ഇസ്ലാമും ഈമാനും തമ്മിലുള്ള വ്യത്യാസം
ഇസ്ലാം പ്രത്യക്ഷമായ പ്രസ്താവനയും പ്രവർത്തനവുമാണ് . എന്നാൽ ഈമാൻ പ്രത്യക്ഷമാവണമെന്നില്ല . അഥവാ പ്രവർത്തനമുള്ളവനെ മുസ്ലിമാവൂ , വിശ്വാസം ഹൃദയത്തിലിറങ്ങിയവനേ മുഅമിനാവൂ.
ഇസ്ലാമും ഈമാനും ഒരുമിച്ചുപയോഗിച്ചാൽ വ്യത്യസ്തങ്ങളാണ് എന്നാണ് അഖീദ : ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത്.
الإيمان والإسلام من الألفاظ التي إذا اجتمعت ألفاظها افترقت معانيها، وإذا افترقت يكون لها معنى واحد.
(ഈമാനും ഇസ്ലാമും പദങ്ങൾ കൂട്ടിച്ചേർന്നു വരുമ്പോൾ അവയുടെ അർത്ഥങ്ങൾ വേർതിരിക്കപ്പെടുന്നു, അവ വേർപെട്ട് വന്നാൽ അവയ്ക്ക് ഒരേ അർത്ഥമാണ്) എന്നാണ് പണ്ഡിത മതം. ഇസ്ലാം ബാഹ്യമായ പ്രവർത്തനങ്ങളും ഈമാൻ ആന്തരിക പ്രവർത്തനങ്ങളും .ഒറ്റക്കൊറ്റക്ക് ഉപയോഗിക്കുമ്പോൾ സമാന / പര്യായ പദങ്ങളായി ഉദ്ദേശിക്കപ്പെടാം. വിശ്വാസത്തെ മതകാര്യമെന്നും മതകീയ സംഗതികളെ
വിശ്വാസകാര്യങ്ങൾ എന്നു പറയും പോലെ .
അഅ്റാബികൾ [മരുഭൂവാസികളായ അറബികൾ] പറയുന്നു: ‘ഞങ്ങൾ ഈമാൻ കൊണ്ടിരിക്കുന്നു’ എന്ന്. പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല. , ‘ഞങ്ങൾ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു’ എന്ന് നിങ്ങൾ പറഞ്ഞേക്കുക. നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ പ്രവേശിച്ചിട്ടേയില്ല. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുന്ന പക്ഷം, നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന് യാതൊന്നും അവൻ നിങ്ങൾക്ക് കുറച്ച് കളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയുമാണ്. 49:14
ഈമാനാണ് വിശ്വാസിയെ കൊണ്ട് കർമങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഘടകം.
الإيمان قول وعمل എന്നു പറയുന്നത് അതുകൊണ്ടാണ്. പ്രവർത്തനങ്ങൾ ഗർഭം ധരിക്കാത്ത വാചകങ്ങൾ വെറും പുക എന്ന സയ്യിദ് ഖുത്വുബിന്റെ വാചകം പ്രസിദ്ധമാണല്ലോ ?! ഖുർആനിൽ ഈമാൻ പറഞ്ഞ എണ്ണൂറോളം ഇടങ്ങളിൽ പല സ്ഥലങ്ങളിലും വിശ്വസിക്കുകയും സത്കർമങ്ങൾ പ്രവൃത്തിക്കുകയും ചെയ്തവർ എന്നാണ് വന്നിട്ടുള്ളത്.
ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ طُوبَىٰ لَهُمْ وَحُسْنُ مَـَٔابٍۢ ‘.യാതൊരു കൂട്ടർ വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ അവർക്കാണു മംഗളവും, നല്ല മടക്കസ്ഥാനവും!’ 13:29
ഈമാൻ എന്ന അർഥത്തിൽ പ്രമാണങ്ങളിൽ വന്നിട്ടുള്ള മറ്റൊരു പദമാണ് യഖീൻ.ദൃഢബോധ്യമാണ് യഖീൻ, അദൃശ്യമായ നിലയിലുള്ള അംഗീകാരമാണ് ഈമാൻ . യഖീനിന് മൂന്ന് തലങ്ങളുണ്ട്:
ഇൽമുൽ യഖീൻ, ഐനുൽ യഖീൻ, ഹഖ്ഖുൽ യഖീൻ. സത്യസന്ധമായ സംഭവിക്കുമെന്ന ഉറപ്പാണ് ഇൽമുൽ യഖീൻ.കണ്ണു കൊണ്ട് കണ്ടത് പോലെ സംഭവിക്കുന്ന ഉറപ്പാണ് ഐനുൽ യഖീൻ. നേരിട്ട് സംഭവിക്കുന്നത് പോലെയുള്ള ബോധ്യമാണ് ഹഖ്ഖുൽ യഖീൻ .
ഈമാനിനെയും യഖീനിനേയും ഒരേ സമയം തന്നെ അനുസ്മരിച്ച ആയതുകൾ ഖുർആനിലുണ്ട്.
ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٣﴿
وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴾٤﴿
(അതായത്) അദൃശ്യത്തിൽ വിശ്വസിക്കുകയും, നമസ്കാരം നിലനിറുത്തുകയും ചെയ്യുന്നവർ; നാം അവർക്ക് നൽകിയിട്ടുള്ളതിൽനിന്ന് അവർ ചിലവഴിക്കുകയും ചെയ്യും (നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവർ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവർ] 2:3-4
റബ്ബാണ് വിശ്വാസികളുടെ മനസുകളിൽ വിശ്വാസകാര്യങ്ങളെ സുന്ദരമായി ബോധ്യപ്പെടുത്തി ആഭിമുഖ്യം പുലർത്താൻ പ്രേരിപ്പിക്കുന്നതെന്നും
നിഷേധികളെ അവരുടെ സ്വൈരവിഹാരങ്ങളിൽ ആനന്ദിപ്പിക്കുന്നതെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്റെ റസൂൽ നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്കു ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്കു വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള) അക്കൂട്ടർതന്നെയാണു തന്റേടമുള്ളവർ [സന്മാർഗ്ഗികൾ];-
ഈ വിഷയ സംബന്ധമായി തുടർന്നു വായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ആയതുകൾ പ്രത്യേകം എടുത്ത് വായിക്കുന്നത് നന്നായിരിക്കും. അൽ ബഖറ : 1-5 ,ആലു ഇംറാൻ 134-135 , 191 – 194 അഅറാഫ്: 201അൻഫാൽ. 2-4 ,റഅദ് :20-22 , ഫുർഖാൻ :63 – 76
നാം നമ്മുടെ ഈമാൻ പുതുക്കി കൊണ്ടേ ഇരിക്കണമെന്നാണ് ഇത്തരുണത്തിൽ പ്രത്യേകം ഉണർത്താനുള്ളത്
اللهم حبِّبْ إلينا الإيمانَ وزَيِّنْه في قلوبِنا ، وكَرِّه إلينا الكفرَ والفسوقَ والعصيانَ واجعلْنا من الراشدين). ( തുടരും )