നോമ്പിൽ അനുവദനീയമായ കാര്യങ്ങൾ
നോമ്പുള്ളപ്പോൾ താഴെ പറയുന്ന കാര്യങ്ങൾ അനുവദനീയമാകുന്നു.
1. വെള്ളത്തിൽ ഇറങ്ങുക, മുങ്ങുക ( താഴെ ഉദ്ധരിക്കുന്ന തെളിവുകൾ നോമ്പുകാരന് കുളിക്കാമെന്ന് മാത്രമേ കുറിക്കുന്നുള്ളൂ. പക്ഷേ, നോമ്പുകാരൻ വെള്ളത്തിലിറങ്ങുന്നതും മുങ്ങുന്നതും ശരീഅത്തിൽ വിരോധിച്ചിട്ടില്ലെന്നതാണ് വാസ്തവം )
നബി(സ) നോമ്പുകാരനായിരിക്കുമ്പോൾ ദാഹം നിമിത്തമോ ഉഷ്ണംകാരണമായോ തലയിൽ വെള്ള മൊഴിക്കുന്നത് കണ്ടുവെന്ന് സഹാബിമാരിൽ ചിലർ പറഞ്ഞതായി അബൂബക്കറുബ്നു അബ്ദുർറഹ്മാൻ (റ) നിവേദനം ചെയ്യുന്നു. ഈ ഹദീസ് അഹ്മദ്, മാലിക്, അബൂദാവൂദ് എന്നിവർ സ്വഹീഹായ നിവേദന പരമ്പരയിലൂടെ ഉദ്ധരിച്ചിരിക്കുന്നു. ആഇശ(റ) പ്രസ്താവിക്കുന്നു: നബി(സ) നോമ്പുകാരനായിരിക്കെ വലിയ അശുദ്ധിയോടെ പ്രഭാതമാവുകയും എന്നിട്ട് കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം) കുളിക്കുമ്പോൾ ഉദ്ദേശ്യപൂർവമല്ലാതെ വെള്ളം നോമ്പുകാരന്റെ ഉള്ളിലായാൽ അതുകൊണ്ട് നോമ്പിന് തകരാറൊന്നും സംഭവിക്കില്ല.
2. സുറുമയിടുക, കണ്ണിൽ മരുന്നൊഴിക്കുക
സുറുമയിടുക, മരുന്നുപ്രയോഗിക്കുക തുടങ്ങിയ പ്രവൃത്തികൾ വഴി കണ്ണിൽ വല്ലതും പ്രവേശിക്കുന്നത് നോമ്പിൽ അനുവദനീയമാകുന്നു. മരുന്നിന്റെ രുചി തൊണ്ടയിൽ അനുഭവപ്പെട്ടാലും വിരോധമില്ല. എന്തു കൊണ്ടെന്നാൽ നേത്രം സാധാരണഗതിയിൽ അകത്തേക്കുള്ള ദ്വാരമല്ല. അനസ്(റ) നോമ്പുകാരനായിരിക്കെ സുറുമയിടാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. ശാഫിഈ മദ്ഹബുകാർ ഇതേ അഭിപ്രായക്കാരാണ്. അത്വാഅ്, ഹസൻ, നഖഈ, ഔസാഈ, അബൂഹനീഫ എന്നിവർക്കും ഇതേ അഭിപ്രായമാണുള്ളതെന്ന് ഇബ്നുൽ മുൻദിർ പ്രസ്താവിക്കുന്നു. ഇബ്നു ഉമർ, അനസ്, ഇബ്നു അബീഔഫ് തുടങ്ങിയ സഹാബിമാരിൽ നിന്നും ഈ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം ദാവൂദിന്റെ മദ്ഹബും ഇപ്രകാരമാണ്. എന്നാൽ തിർമിദി പ്രസ്താവിച്ചപോലെ, ഇക്കാര്യത്തിൽ നബി(സ)യിൽ നിന്ന് ശരിയായ ഒരു നിവേദനവും വന്നിട്ടില്ല.
3. ചുംബനം
നബി(സ) നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ടായിരുന്നു. അവിടുന്ന് നോമ്പുകാരനായിരിക്കെത്തന്നെ (ഭാര്യയോടൊപ്പം ശയിക്കാറുമുണ്ടായിരുന്നു. പക്ഷേ, തിരുമേനി നിങ്ങളിൽ വെച്ചേറ്റവുമധികം ആത്മ നിയന്ത്രണമുള്ള ആളായിരുന്നു എന്ന് ആഇശ(റ) പ്രസ്താവിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ( ഈ ഹദീസ് അഹ്മദ്, മുസ്ലിം എന്നിവർ ഉദ്ധരിച്ചിരിക്കുന്നു. ചുംബനത്തെ സംബന്ധിച്ച് ഇപ്രകാരമുള്ള ഒരു ഹദീസ് ഉമ്മുസല മ(റ)യിൽ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. )
ഉമർ(റ) പ്രസ്താവിക്കുന്നു. ഒരു ദിവസം എനിക്ക് ഉൻമേഷം തോന്നുകയും നോമ്പുകാരനായിരിക്കെ (സ്വ പത്നിയെ ചുംബിക്കുകയും ചെയ്തു. അനന്തരം ഞാൻ നബി(സ)യുടെ അടുക്കൽ ചെന്ന് പറഞ്ഞു: “ഞാനിന്ന് ഗുരുതരമായ ഒരു കാര്യം ചെയ്തു. ഞാൻ നോമ്പുകാരനായിരിക്കെ ചുംബിച്ചുപോയി. അപ്പോൾ നബി(സ) ചോദിച്ചു: നിങ്ങൾ നോമ്പുകാരനായിരിക്കെ വെള്ളം വായിലാക്കി തുപ്പിയാലോ?’ ഞാൻ പറഞ്ഞു: അതുകൊണ്ടു ദോഷമില്ല.’ തിരുമേനി ചോദിച്ചു. “പിന്നെ എന്തിനാണ് ചോദ്യം?” (അഹ്മദ്, അബൂദാ വൂദ്)
ഉമർ, ഇബ്നു അബ്ബാസ്, അബൂഹുറയ്റ, ആഇശ, അത്വാഅ്, ശഅബീ, ഹസൻ, അഹ്മദ്, ഇസ്ഹാഖ് എന്നിവരെല്ലാം നോമ്പുകാരന് ചുംബനത്തിൽ ഇളവ് ഉണ്ടെന്ന അഭിപ്രായക്കാരാണെന്ന് ഇബ്നുൽ മുൻദിർ(റ) പ്രസ്താവിക്കുന്നു.
എന്നാൽ ഹനഫീ മദ്ഹബുകാരും ശാഫിഈ മദ്ഹബുകാരുമായ പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ ചുംബനം മൂലം കാമവികാരം ഇളകിവശാകുന്നവരെ സംബന്ധിച്ചേടത്തോളം ചുംബനം കറാഹത്താകുന്നു. അങ്ങനെയല്ലാത്തവർക്ക് അത് കറാഹത്തില്ലെങ്കിലും അത് വർജിക്കലാണ് ഉത്തമമെന്ന് കൂടി അവർ അഭിപ്രായപ്പെടുന്നു.
ഈ വിഷയത്തിൽ യുവാവും വൃദ്ധനും തമ്മിൽ വ്യത്യാസമില്ല. കാമവികാരം ഇളകിവശാവുകയും സ്ഖലനത്തെ സംബന്ധിച്ച് ആശങ്കയുമാണ് ഇവിടെ പരിഗണനീയമായിട്ടുള്ളത്. അതിനാൽ മേൽപറഞ്ഞ കുഴപ്പങ്ങൾ ഭയപ്പെടുന്ന യുവാവിനും ആരോഗ്യമുള്ള വൃദ്ധന്നും ചുംബനം കറാഹത്താകുന്നു. ദൗർബല്യം കാരണമോ വാർധക്യം കാരണമോ പ്രസ്തുത ആശങ്കയില്ലെങ്കിൽ കറാഹത്തുമില്ല. എങ്കിലും അതുപേക്ഷികലാണുത്തമം.
4. കുത്തിവയ്പ്പ്
നോമ്പുകാരന് കുത്തിവെയ്ക്കൽ അനുവദനീയമാണ്. അത് പോഷണത്തിനു വേണ്ടിയോ, ചികിത്സക്ക് വേണ്ടിയോ എങ്ങനെയായാലും വിരോധമില്ല. കുത്തി വെക്കുന്നത്. മാംസപേശിയിലോ തൊലിക്ക് താഴെയോ ഞരമ്പിലോ എവിടെയായാലും തരക്കേടില്ല. ഉള്ളി ലേക്ക് എത്തുന്നുണ്ടെങ്കിൽ അത് സാധാരണമല്ലാത്ത ദ്വാരത്തിലൂടെ മാത്രമാണ്. അതുകൊണ്ട് വിരോധമില്ല. ( ചികിത്സക്ക് വേണ്ടിയുള്ള കുത്തിവെയ്പ്പ് കൊണ്ട് വിരോധമില്ലെന്നും പോഷണത്തിനോ ഭക്ഷണത്തിനു പകരമോ കുത്തിവെച്ചാൽ നോമ്പ് മുറിയുമെന്നും മറ്റൊരഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് യുക്തിസഹമായിട്ടുള്ളത്. ഭാവിയിൽ മനുഷ്യരുടെ ഭക്ഷണ സമ്പ്രദായം മാറാമെന്നു വരുമ്പോൾ പ്രത്യേകിച്ചും. )
5. കൊമ്പ് വയ്ക്കൽ ( തലയിൽ നിന്നും രക്തം എടുക്കൽ.)
നബി(സ) തിരുമേനി നോമ്പുകാരനായിരിക്കെ കൊമ്പ് വച്ചിട്ടുണ്ട്(ബുഖാരി). പക്ഷേ, അത് നോമ്പുകാരന്റെ ക്ഷീണത്തിന് കാരണമാകുമെങ്കിൽ കറാഹത്താണ്. “നിങ്ങൾ നബി(സ) തിരുമേനിയുടെ കാലത്ത്, നോമ്പുകാരൻ കൊമ്പുവയ്പ്പിക്കുന്നത് കറാഹത്തായി ഗണിച്ചിരുന്നുവോ എന്ന് സാബിത്തുൽ ബുനാനി അനസി(റ)നോട് ചോദിച്ചപ്പോൾ, “ഇല്ല; ദൗർബല്യം കാരണമായിട്ടല്ലാതെ എന്നദ്ദേഹം മറുപടി പറയുകയുണ്ടായി. ഈ ഹദീസ് ബുഖാരിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
കൊമ്പു വയ്ക്കുന്നതിന്റെ വിധി തന്നെയാണ് കൊത്തിക്കുന്നതിനുമുള്ളത്.(ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിൽനിന്ന് രക്തമെടുക്കൽ)
6. വായിലും മുക്കിലും വെള്ളമാക്കി ചീറ്റുക
നോമ്പുകാരന് വായിലും മൂക്കിലും വെള്ളം കയറ്റി ചീറ്റുന്നത് അനുവദനീയമാണ്. പക്ഷേ, അവയിൽ അതിര് കവിയുന്നത് കറാഹത്താകുന്നു.
നബി(സ) പറഞ്ഞതായി ലഖിബ്നു സ്വ (റ) നിവേദനം ചെയ്യുന്നു.
فاذا استنشقت قابلغ إلا أن تكون صائما
(നീ മൂക്കിൽ വെള്ളം കയറ്റുമ്പോൾ അത് നന്നായി ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ ) , സുനനുകാർ ഉദ്ധരിച്ച ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്നുകൂടി തിർമിദി പ്രസ്താവിക്കുന്നു.
നോമ്പുകാരന് നസ്യം (മൂക്കിൽ മരുന്ന് ഇറ്റിക്കൽ) കറാഹത്താണെന്ന് പണ്ഡിതാഭിപ്രായം. അതുകൊണ്ട് നോമ്പ് മുറിയുമെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരുടെ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്ന തെളിവ് ഹദീസിലും കാണാവുന്നതാണ്.
ഇബ്നുഖുദാമ പ്രസ്താവിക്കുന്നു. ശുദ്ധീകരണ വേളയിൽ വായ കഴുകുമ്പോഴോ മൂക്കിൽ വെള്ളം കയറ്റുമ്പോഴോ, മനഃപൂർവമായോ അമിതമായോ അല്ലാതെ വെള്ളം തൊണ്ടയിലേക്ക് ഇറങ്ങിയാൽ അതുകൊണ്ട് വിരോധമില്ല. ഔസാഈ, ഇസ്ഹാഖ് എന്നിവർ ഇതേ അഭിപ്രായക്കാരാണ്. ഇമാം ശാഫിഈയുടെ രണ്ടഭിപ്രായങ്ങളിൽ ഒരഭിപ്രായവും ഇതുതന്നെ. ഇബ്നു അബ്ബാസി(റ)ൽ നിന്നും ഇതേ അഭിപ്രായം നിവേദനം ചെയ്യപ്പെടുന്നു.
എന്നാൽ, ഇമാം മാലിക്കിന്റെയും അബൂഹനീഫയുടെയും അഭിപ്രായം അതുകൊണ്ട് നോമ്പു മുറിയുമെന്നത്. കാരണം, അവൻ നോമ്പുകാരനാണെന്ന് ഓർമിച്ചുകൊണ്ടുതന്നെ ഉള്ളിലേക്ക് വെള്ളം പ്രവേശിപ്പിക്കുകയാണ് ചെയ്തത്. അതിനാൽ മനഃപൂർവം വെള്ളം കുടിച്ചാലെന്നപോലെ അവന്റെ നോമ്പ് മുറിയുമെന്നവർ പറയുന്നു. ഒന്നാം അഭിപ്രായത്തിന് മുൻഗണന നല്കിക്കൊണ്ട് ഇബ്നു ഖുദാമഃ പറയുന്നു: “മനഃ പൂർവമല്ലാതെയും പരിധിവിട്ട് പ്രവർത്തിക്കാതെയും ഒരാളുടെ തൊണ്ടയിലേക്ക് വെള്ളം ഇറങ്ങുന്നത് അയാളുടെ തൊണ്ടയിലേക്ക് ഒരു ഈച്ച പാറിപ്പോകുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഇതും മനഃപൂർവം കുടിക്കുന്നതും തമ്മിൽ അന്തരമുണ്ടെന്നു വന്നു. ഇതാണ് നമ്മുടെ തെളിവ്
7. സുക്ഷിക്കാൻ കഴിയാത്ത കാര്യങ്ങൾ
മേൽപറഞ്ഞ പ്രകാരം തന്നെ സൂക്ഷിക്കാൻ കഴിയാത്ത കാര്യങ്ങളും നോമ്പുകാരന് അനുവദനീയമാണ്. ഉമിനീർ ഇറക്കുന്നതും വഴിയിലെയും മറ്റും പൊടി, ധാന്യങ്ങൾ പൊടിക്കുമ്പോഴും തരിക്കുമ്പോഴും പാറുന്ന പൊടി എന്നിവ ശ്വസിക്കുന്നതും അതിനുദാഹരണമാണ്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: “പുളിയുള്ള ഭക്ഷണവും താൻ വിലയ്ക്ക് വാങ്ങാനുദ്ദേശിക്കുന്ന ഭക്ഷണ സാധനങ്ങളും രുചിനോക്കുന്നത് നോമ്പുകാരന് വിരോധമില്ല. ഹസനുൽ ബസ്വരി നോമ്പുകാരനായിരിക്കെ തന്റെ പൗത്രന് അക്രോട്ടണ്ടി ചവച്ച് കൊടുക്കാറുണ്ടായിരുന്നു. ഇബ്റാഹീമുന്നഖഈയും അതിൽ ഇളവുണ്ടെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ ച്യൂയിംഗ് പശയിൽ നിന്ന് ഒന്നും പൊടിഞ്ഞുപോരുന്നില്ലെങ്കിൽ അത് ചവക്കുന്നത് കറാഹത്താകുന്നു. അത് ചവക്കുന്നത് കറാഹത്താണെന്ന അഭിപ്രായമാണ് ശഅബി, നഖഈ എന്നിവർക്കുള്ളത്. ഹനഫീ മദ്ഹബു കാരും ഹമ്പലീ മദ്ഹബുകാരും ഇമാം ശാഫിഈയും ഇതേ അഭിപ്രായക്കാര്ത്രേ. അത് ചവച്ചാൽ ഉള്ളിലേക്കൊന്നും എത്താത്തതിനാൽ അത് ചരൽക്കല്ല് വായിലിടുന്നതിന് തുല്യമാണെന്നും അതിനാൽ അതിൽ ഇളവ്ണ്ടെന്നും ആഇശ(റ), അത്വാഅ് എന്നിവർ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഇപ്പറഞ്ഞതെല്ലാം ചവക്കുമ്പോൾ അതിൽ നിന്ന് ഒരു സാധനവും അലിഞ്ഞ് പൊടിഞ്ഞാ വേർപ്പെട്ടുപോരുന്നില്ലെങ്കിൽ മാത്രമാണ്. അങ്ങനെ വല്ലതും വേർപ്പെട്ടു പോരുകയും അത് അകത്തേക്കിറങ്ങുകയും ചെയ്യുന്നപക്ഷം നോമ്പ് മുറിയുമെന്നതിൽ സംശയമില്ല.
സുഗന്ധദ്രവ്യങ്ങൾ വാസനിക്കുന്നതുകൊണ്ട് നോമ്പുകാരന് ഒരു തകരാറുമില്ലെന്നു പറഞ്ഞശേഷം ഇബ്നു തൈമിയ്യ ഇങ്ങനെ തുടരുന്നു: “എന്നാൽ സുറുമ ഇടുക, കുത്തിവെക്കുക, ലിംഗദ്വാരത്തിൽ മരുന്ന് ഇറ്റിക്കുക, തലയോട്ടിനുള്ളിലേക്കോ ദേഹത്തിനകത്തേക്കോ എത്തിയ മുറിവുകളിൽ മരുന്നുവെക്കുക എന്നീ കാര്യങ്ങളെക്കുറിച്ചാണെങ്കിൽ അവയെ സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതുകൊണ്ടൊന്നും നോമ്പ് മുറിയില്ലെന്നാണ് ചിലർ പറയുന്നത്. സുറുമയൊഴിച്ച് മറ്റെല്ലാം കൊണ്ടും നോമ്പു മുറിയുമെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. മൂത്രക്കൊടിയിൽ മരുന്നിറ്റിക്കുന്നതൊഴിച്ച് മറ്റെല്ലാം കൊണ്ടും നോമ്പുമുറിയുമെന്നാണ് മൂന്നാമതൊരഭിപ്രായം. മുകളിൽ പറഞ്ഞ രണ്ടു കാര്യമൊഴിച്ച് ബാക്കിയുള്ള എല്ലാം കൊണ്ടും മുറിയുമെന്നാണ് നാലാ മതൊരു വിഭാഗം പറയുന്നത്. അനന്തരം ഒന്നാം അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് ഇബ്നു തൈമിയ്യ തുടരുന്നു: “എന്നാൽ മേൽപറഞ്ഞ കാര്യങ്ങൾ കൊണ്ടാന്നും നോമ്പു മുറിയുകയില്ലെന്നതാണ് തെളിവുകളിൽനിന്ന് വ്യക്തമാവുന്ന അഭിപ്രായം. എന്തുകൊണ്ട്ന്നാൽ, സാധാരണക്കാരും പ്രത്യേകക്കാരുമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇസ്ലാമിലെ ഒരു പ്രധാന കർമമാണല്ലോ നോമ്പ്. മേൽപറഞ്ഞ കാര്യങ്ങൾ നോമ്പിൽ അല്ലാഹുവും റസൂലും ഹറാമാക്കിയതും നോമ്പ് മുറിയുന്നതിനുള്ള കാരണങ്ങളുമായിരുന്നെങ്കിൽ നബി(സ) അത് നിർബന്ധമായും വ്യക്തമാക്കുമായിരുന്നു. അങ്ങനെ അത് സഹാബിമാർ അറിയുകയും തിരുമേനിയുടെ മറ്റു നിർദേശങ്ങൾ പോലെ അവരത് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ മേൽപറഞ്ഞ കാര്യങ്ങളെക്കുറിച്ച് പ്രബലമോ ബലഹീനമോ ശരിയായ പരമ്പരയുള്ളതോ അല്ലാത്തതോ ആയ യാതൊരു നിർദേശവും തിരുമേനിയിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. ആകയാൽ നബി(സ) അതൊന്നും വിരോധിച്ചിട്ടില്ലെന്ന് വ്യക്തം.
അദ്ദേഹം തുടരുന്നു: “എല്ലാവർക്കും സാധാരണ ആവശ്യമായിവരുന്ന നിയമങ്ങളാണെങ്കിൽ നബി(സ) അവ ജനങ്ങളെ പൊതുവായി അറിയിക്കുകയും അവരത് മറ്റുള്ളവർക്കെത്തിക്കുകയും ചെയുന്നത് അനിവാര്യമത്രെ. എണ്ണ തേക്കുക, കുളിക്കുക, സുഗന്ധപ്പുകയും മറ്റു സുഗന്ധങ്ങളും ഉപയോഗിക്കുക എന്നിവപോലെ സർവസാധാരണമായ കാര്യങ്ങളാണ് സുറുമ ഉപയോഗിക്കലും മറ്റുമെന്ന് എല്ലാവർക്കുമറിയാം. അപ്പോൾ അവ നോമ്പ് മുറിയുന്നതിനുള്ള കാരണങ്ങളായിരുന്നുവെങ്കിൽ നോമ്പ് മുറിയുന്ന മറ്റു കാര്യങ്ങൾ വിവരിച്ചപോലെ അക്കാര്യവും നബി(സ) വ്യക്തമാക്കുമായിരുന്നു. തിരുമേനി അങ്ങനെ വിവരിക്കാത്തത്കൊണ്ടുതന്നെ സുറുമയും മറ്റും എണ്ണയുടെയും സുഗന്ധപ്പുകയുടെയും സുഗന്ധദ്രവ്യത്തിന്റെയും ഗന്ധത്തിൽ പെട്ടതാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. സുഗന്ധപ്പുക ചിലപ്പോൾ മൂക്കിലൂടെയും കയറി തലച്ചോറിൽ പ്രവേശിച്ച് കട്ടയായിത്തീർന്നെന്നു വരാം. എണ്ണ തേച്ചാൽ അത് ശരീരത്തിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും അതുകൊണ്ട് സൗഖ്യവും ശക്തിയും ലഭിക്കുകയും ചെയ്യുന്നു. അതുപോലെ സുഗന്ധം കൊണ്ട് നല്ല ആശ്വാസവും ഉൻമേഷവും ഉണ്ടാകുന്നു. അപ്പോൾ നോമ്പുകാരന് സുഗന്ധവും എണ്ണയും നബി (സ) നിരോധിച്ചിട്ടില്ലാത്തതിനാൽ സുറുമ ഉപയോഗിക്കുന്നതിനും വിരോധമില്ലെന്ന് വ്യക്തം.
“നബി(സ)യുടെ കാലത്ത് യുദ്ധത്തിലും മറ്റുമായി മുസ്ലിംകൾക്ക് തലയിലും ദേഹത്തിലും വലിയ മുറി വേൽക്കാറുണ്ടായിരുന്നു. അതിൽ മരുന്ന് പ്രയോഗിക്കുന്നതുകൊണ്ട് നോമ്പ് മുറിയുമെങ്കിൽ അക്കാര്യം തിരുമേനി പൊതുവെ വിവരിച്ചുകൊടുക്കുമായിരുന്നു. അങ്ങനെ വിവരിക്കാതിരുന്നതുകൊണ്ട് അതും നോമ്പ് മുറിയാൻ കാരണമായി തിരുമേനി ഗണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു.“
അദ്ദേഹം വീണ്ടും തുടരുന്നു: “സുറുമ ഒരു വിധത്തിലും ആഹാരമല്ല; മൂക്കിലൂടെയും വായിലൂടെയും ആരും അത് അകത്താക്കാറുമില്ല. കുത്തിവെക്കലും അപ്രകാരം തന്നെ. അതുകൊണ്ടും ആഹാരഫലം ലഭിക്കുന്നില്ല. ശരീരത്തിൽനിന്നും വല്ലതും ഒഴിഞ്ഞു പോവാനേ അതുപകരിക്കൂ. ഒരാൾ വയറിളകാൻ കാരണമാകുന്ന ഒരു സാധനം വാസനിക്കുകയോ കഠിനമായി ഭയപ്പെടുകയോ ചെയ്തിട്ട് വയറ്റിലേക്കൊന്നും എത്താതെ അയാൾ വയറിളക്കം പിടിക്കുന്നത് പോലെയാണിത്. ഉള്ളിലേക്കെത്തിയ മുറിവിൽ മരുന്ന് ഉപയോഗിക്കുമ്പോൾ അത് ആമാശയത്തിലെത്തിയില്ലെങ്കിൽ അതിന് ആഹാരം ആമാശയത്തിലെത്തുന്നതിനോട് സാദൃശ്യമില്ല.“
“നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കിയിരുന്നതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു’ എന്നാണ് അല്ലാഹു പറയുന്നത്. “നബി(സ) പറയുന്നത്. നോമ്പ് ഒരു പരിചയാണെന്നാണ്. മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നു. അതിനാൽ വിശപ്പ് കൊണ്ടും വ്രതം കൊണ്ടും പിശാചിന്റെ മാർഗങ്ങളെ നിങ്ങൾ കുടുസ്സാക്കുക’ എന്നും നബി(സ) പറയുന്നു. അപ്പോൾ പിശാചിന്റെ ചലനമാർഗമായ രക്തത്തിന്റെ ആധിക്യം കുറയ്ക്കുവാൻ വേണ്ടി ഭക്ഷണ പാനീയങ്ങൾ വർജിക്കുവാനാണ് നോമ്പുകാരൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. രക്തത്തിന്റെ വർധനവാകട്ടെ ആഹാരം കൊണ്ടാണുണ്ടാവുക. കുത്തിവെയ്പ്പ് കൊണ്ടും സുറുമ കൊണ്ടും മൂത്രക്കൊടിയിൽ മരുന്ന ഇറ്റിക്കുന്നതുകൊണ്ടും മറ്റുമല്ല.
8. നോമ്പുകാരന് പ്രഭാതോദയം വരെ രാത്രി അന്നപാനവും സംഭോഗവും അനുവദനീയമാണ്
എന്നാൽ വായിൽ ഭക്ഷണം ഉണ്ടായിരിക്കവെ പ്രഭാതം ഉദിച്ചെന്നുറപ്പായാൽ അത് തുപ്പിക്കളയേണ്ടത് നിർബന്ധമാണ്. അപ്രകാരം തന്നെ പ്രഭാതം ഉദിക്കുമ്പോൾ സംയോഗത്തിലാണെങ്കിൽ ഉടനെ വിരമിക്കേണ്ടതും നിർബന്ധമാകുന്നു. അങ്ങനെ ചെയ്താൽ മാത്രമേ നോമ്പ് ശരിയാവുകയുള്ളൂ. ഒരാൾ വായിലെ ഭക്ഷണം തുപ്പിക്കളയാതെ ഇറക്കുകയോ സംയോഗം നിറുത്താതിരിക്കുകയോ ചെയ്യുന്നപക്ഷം അയാൾക്ക് നോമ്പില്ലെന്നതാണ് വാസ്തവം.
നബി(സ) പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു.
إن بلالا يؤذن بليل: فكلوا، واشربوا، حتى يؤذن ابن مكتوم (ബിലാൽ രാത്രിയിലാണ് ബാങ്ക് വിളിക്കുക. അതിനാൽ ഇബ്നു ഉമ്മിമക്തൂം ബാങ്ക് വിളിക്കുന്നതു വരെ നി ങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.)
9. പ്രഭാതമാകുമ്പോൾ നോമ്പുകാരൻ ജനാബത്തുകാരനായിരിക്കുന്നത് അനുവദനീയമാണ് . അത് സംബന്ധമായി ആഇശ(റ)യുടെ ഹദീസ് മുമ്പുദ്ധരിച്ചിട്ടുണ്ട്.
10. ഋതുമതിയോ പ്രസവരക്തക്കാരിയോ ആയ സ്ത്രീക്ക് രാത്രിയിൽ രക്തം നില്ക്കുന്ന പക്ഷം കുളി പ്രഭാതത്തിന് ശേഷമായി പിന്തിക്കാവുന്നതും പ്രഭാതത്തിൽ അവൾക്ക് നോമ്പുകാരിയായിരിക്കാവുന്നതുമാണ്. അതിനു ശേഷം നമസ്കരിക്കാൻ വേണ്ടി അവൾ കുളിച്ച് ശുദ്ധിയായിക്കൊള്ളട്ടെ.