വൃതാനുഷ്ടാനത്തിൻെറ പ്രയോജനങ്ങൾ
ലോകത്തെല്ലായിടത്തുമുള്ള മുസ്ലിംങ്ങളെ സംബന്ധിച്ചേടുത്തോളം റമദാൻ മാസം വൃതാനുഷ്ടാനത്തിൻറെ മാസമാണ്. മനുഷ്യർക്ക് സന്മാർഗ്ഗം കാണിച്ചുതരാൻവേണ്ടി ഖുർആൻ അവതരിച്ചതിൻറെ നന്ദിസൂചകമായിട്ടാണ് റമദാൻ മാസത്തിൽ ഉപവാസമനുഷ്ടിക്കുന്നത്. പ്രഭാതം മുതൽ പ്രതോഷം വരെ അന്ന പാനീയങ്ങളും ഭോഗതൃഷ്ണയും ഉപേക്ഷിക്കലാണ് ഇസ്ലാമിലെ ഉപവാസത്തിൻറെ കാതൽ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മനുഷ്യൻ എന്നാൽ ശാരീരികം, മാനസികം, ആത്മീയം, വൈകാരികം എന്നീ നാല് ഘടകങ്ങളുടെ സംഗതമാണ്. ഈ നാല് ഘടകങ്ങളേയും സന്തുലിതമായി ശക്തിപ്പെടുത്തുമ്പോഴാണ് നമുക്ക് സന്തുഷ്ടമായ ജീവിതം നയിക്കാൻ കഴിയുക. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇസ്ലാം നിർബന്ധമാക്കിയ വൃതാനുഷ്ടാനം. അത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ് ചുവടെ:
ആത്മീയമായ പ്രയോജനങ്ങൾ
വൃതാനുഷ്ടാനത്തിൻറെ പരമപ്രധാന ഉദ്ദേശ്യം ആത്മീയമായ ഒൗനിത്യവും ജീവിതത്തിൽ ദൈവിക അവബോധവും ഉണ്ടാവുക എന്നതാണെന്ന് ഖുർആൻ വ്യക്തമാക്കീട്ടുണ്ട്. തഖ്വ എന്നാണ് ഇതിന് ഖുർആൻ നൽകിയ നാമകരണം. അല്ലാഹുവിങ്കൽ സ്വീകാര്യവും മരണാനന്തരമുള്ള നമ്മുടെ പഥേയവുമാണ് തഖ്വയാണ്. തഖ് വയെ അലി (റ) നിർവ്വചിച്ചത് ഇങ്ങനെ: അല്ലാഹുവെ കുറിച്ച ഭയം, അല്ലാഹു കൽപിച്ചത് പ്രവർത്തിക്കൽ, കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടൽ, അന്ത്യയാത്രക്കായി തയ്യാറാവൽ. നോമ്പുകാർക്ക് സ്വർഗ്ഗത്തിൽ പ്രത്യേകമായ വാതിലുണ്ടെന്നും അതിന് റയ്യാനെന്നാണ് പേരെന്നും നബ (സ) പറഞ്ഞിട്ടുണ്ട്. നോമ്പ് എനിക്കുള്ളതാണെന്നും ഞാനാണ് അതിന് പ്രതിഫലം നൽകുന്നതെന്നും അല്ലാഹുവും അറിയിച്ചിട്ടുണ്ട്.
മാനസിക പ്രയോജനങ്ങൾ
മനുഷ്യ സത്തയുടെ മറ്റൊരു അഭിവാജ്യ ഘടകമാണ് മനസ്സ്. ശരീരത്തെ നിയന്ത്രിക്കുന്ന യജമാനനാണ് മനസ്സ്. വൃതം നമ്മുടെ ആർത്തിയെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്നതിനാൽ വൃതമനുഷ്ടിക്കുന്നവർക്ക് മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഭക്ഷണവും ഭോഗതൃഷ്ണയും നമ്മുടെ എല്ലാവരുടേയും ദൗർബല്യമാണ്. അതിനെ കൃത്യമായി ക്രമപ്പെടുത്താൻ വൃതം പരിശീലിപ്പിക്കുന്നു. ഒരു ദിവസം നമ്മുടെ മനസ്സിൽ 60,000ത്തിലധികം ചിന്തകൾ കടന്ന് പോവുന്നു എന്നാണ് കണക്കാക്കീട്ടുള്ളത്. ഇതിൽ 70 മുതൽ 80 ശതമാനം വരെ അനാവശ്യ ചിന്തകളായിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം അനാരോഗ്യകരമായ ചിന്തകളിൽ നിന്ന് മോചനം നേടാൻ വൃതാനുഷ്ടാനത്തിലൂടെ സാധിക്കുന്നതാണ്. 30 ദിവസം തുടർച്ചയായി അത് ചെയ്യുമ്പോൾ ജീവിത ചര്യയായി മാറുന്നു.
വൈകാരികമായ പ്രയോജനങ്ങൾ
മനുഷ്യൻറെ മറ്റൊരു അഭിവാജ്യ ഘടകമാണ് വൈകാരിക ഭാവം. മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന നിസ്സാര കാര്യങ്ങൾ പോലും സഹിക്കാൻ കഴിയാതെ ഉൽകണഠ പ്രകടിപ്പിക്കുന്നവരുടേയും ആത്മഹത്യക്ക് മുതിരുന്നവരുടേയും കൊലപാതകത്തിൻറെയും എണ്ണം വർധിക്കുകയാണ്. ഇത്തരം വൈകാരികാവസ്ഥകളെ തരണം ചെയ്യാൻ വൃതാനുഷ്ടാനം പോലെ പ്രയോജനകരമായ മറ്റൊരു കാര്യവുമില്ല. നരഗത്തിൽ നിന്ന് സംരക്ഷണം ലഭിക്കാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനും വൃതം ഏറ്റവും നല്ല ആരാധനയാണ്. നോമ്പ് നോക്കുന്ന ഒരാൾ വിഷപ്പിൻറെ രുചി അനുഭവിക്കുന്നതിലൂടെ പാവങ്ങളോട് ആദ്രതചിത്തനാവുന്നു. നബിയുടെ ഒരു ഹദീസ് ഇങ്ങനെ: നോമ്പുകാരനായിരിക്കെ ഏതെങ്കിലും അജ്ഞാനി നിങ്ങളോട് അവിവേകം പ്രവർത്തിച്ചാൽ, ഞാൻ നോമ്പുകാരനാണെന്ന് അവൻ പറഞ്ഞുകൊള്ളട്ടെ.
ശാരീരിക പ്രയോജനങ്ങൾ
ഭൗതികലോകത്ത് മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് അവൻറെ ശരീരമാണ്. ആരോഗ്യമുള്ള ശരീരത്തിലാണല്ളൊ ആരോഗ്യമുള്ള മനസ്സുണ്ടാവുക. ശരീരം അല്ലാഹു നൽകിയ ഒരു അമാനത്താണ്. അതിനെ പുഷ്ടിപ്പെടുത്താൻ ഉപവാസം പല നിലക്കും സഹായിക്കുന്നു. ആധുനിക മനുഷ്യനെ അലട്ടുന്ന പ്രശ്നമാണ് അവൻറെ പൊണ്ണത്തടിയും ദുർമേദസ്സും. അത് ഇല്ലാതാക്കാനും ഭാരം കുറക്കാനും വൃതാനുഷ്ടാനം പ്രയോജനകരമാണ്. മനുഷ്യ ശരീരത്തിലെ പ്രധാന അവയവമായ ഹൃദയത്തിൻറെ ആരോഗ്യത്തിനും ദഹനപ്രക്രിയ ശക്തിപ്പെടുത്താനും വൃതാനുഷ്ടാനം ഫലപ്രദമാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്ത സംക്രമണം വർധിക്കാനും വാർധക്യ സഹജമായ രോഗങ്ങളെ പിന്തിപ്പിക്കാനും വൃതാനുഷ്ടാനം സഹായകമാണ്.
ഇത് കൂടാതെ മുസ്ലിം സമൂഹത്തിൽ ഏറ്റവും കൂടുതൽ സഹായ സഹകരണങ്ങൾ വർധിക്കുന്നത് റമദാൻ മാസത്തിലാണ്. എല്ലാവരും ഏകീകൃതഭാവത്തിൽ നോമ്പനുഷ്ടിക്കുന്നത്, അവർക്കിടയിൽ സംഘടിതബോധം ശക്തിപ്പെടുന്നു. നോമ്പുതുറക്കൽ പോലുള്ള സാമൂഹ്യ ചടങ്ങുകളിലൂടെ കുടുംബബന്ധം ഊഷ്മളമാവുന്നു. സൃഷ്ടാവിനോടുള്ള ബാധ്യതയും സൃഷ്ടികളോടുള്ള ബാധ്യതയും ഒരുപോലെ നിർവ്വഹിക്കാൻ പ്രേരിപ്പിക്കുന്നു നോമ്പ്. അല്ലാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം ശക്തിപ്പെടാൻ നോമ്പ് സഹായിക്കും. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറക്കാനുള്ള ഫലപ്രദമായ വഴിയാണ് ഇത്. നോമ്പിനെക്കാൾ രഹസ്യമായി ചെയ്യാൻ കഴിയുന്ന മറ്റൊരു ആരാധനയും ഇല്ല.
നബി (സ) പറഞ്ഞു: എത്ര എത്ര നോമ്പുകാരുണ്ട്.വിഷപ്പും ദാഹവുമല്ലാതെ അവരുടെ നോമ്പിലൂടെ മറ്റൊന്നും അവർക്ക് ലഭിക്കുന്നില്ല. നോമ്പിനെ മനസ്സിലാക്കാതെ യാന്ത്രിക രൂപത്തിൽ നോമ്പനുഷ്ടിക്കുന്നവരെ കുറിച്ചാവാം നബി (സ) ഇങ്ങനെ അരുളിയാത്. നോമ്പിലൂടെ അവരുടെ സ്വഭാവത്തിലും മറ്റു കാര്യങ്ങളിലും പരിവർത്തനം ഉണ്ടാവുന്നില്ലെങ്കിൽ അത്കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? സ്വയം നിയന്ത്രണത്തിനും ആത്മപരിശോധനക്കുമുള്ള ഏറ്റവും നല്ല അവസരമാണ് റമദാൻ മാസം. അതാണ് ഏതൊരാളുടേയും വിജയത്തിൻറെ ആരംഭം.