പ്രാർത്ഥനകൾ നിരീക്ഷിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്ന പ്രവാചകൻ – 20

عَنْ مُعَاذِ بْنِ جَبَلٍ، قَالَ سَمِعَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلاً يَدْعُو يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ تَمَامَ النِعْمَةِ. فَقَالَ: أَيُّ شَيْءٍ تَمَامُ النِعْمَةِ. قَالَ دَعْوَةً دَعَوْتُ بِهَا أَرْجُو بِهَا الْخَيْرَ. قَالَ: فَإِنَّ مِنْ تَمَامِ النِعْمَةِ دُخُولَ الْجَنَّةِ وَالْغَوْزَ مِنَ النَّارِ. وَسَمِعَ رَجُلاً وَهُوَ يَقُولُ يَا ذَا الْجَلَالِ وَالْإِكْرَامِ فَقَالَ: قَدِ اسْتُجِيبَ لَكَ فَسَلْ. وَسَمِعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلاً وَهُوَ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ الصَّبْرَ، فَقَالَ: سَأَلْتَ اللَّهَ الْبَلاءَ فَسَلْهُ الْعَافِيَة
മുആദ് ബിൻ ജബൽ (റ) വിൽ നിന്ന്: അല്ലാഹുവേ, ഞാൻ നിന്നോട് പരിപൂർണമായ അനുഗ്രഹം ചോദിക്കുന്നു എന്ന് ഒരാൾ പ്രാർഥിക്കുന്നതായി റസൂൽ (സ) കേൾക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് ചോദിച്ചു: ഏതാണ് പരിപൂർണമായ അനുഗ്രഹം? അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ നന്മ ഉദ്ദേശിച്ചു കൊണ്ട് നടത്തിയ ഒരു പ്രാർഥനയാണത്. തുടർന്ന് റസൂൽ(സ) പറഞ്ഞു: തീർച്ചയായും സ്വർഗ പ്രവേശനവും നരക മോചനവും പരിപൂർണമായ അനുഗ്രഹത്തിൽ പെട്ടതു തന്നെ. (മറ്റൊരിക്കൽ) സകല മഹത്വങ്ങൾക്കും എല്ലാ ഔദാര്യങ്ങൾക്കുമുടയവനേ (يا ذا الجلال والإكرام) എന്നൊരുവൻ വിളിച്ച് പ്രാർഥിക്കുന്നത് നബി(സ) കേട്ടു. അപ്പോൾ പ്രവാചകൻ പറഞ്ഞു: നിനക്ക് തീർച്ചയായും ഉത്തരം നൽകപ്പെടും. അതിനാൽ നീ ചോദിക്കുക. “അല്ലാഹുവേ, നീയെനിക്ക് ക്ഷമ പ്രദാനം ചെയ്യണമേ..” എന്ന് ഒരാൾ പ്രാർത്ഥിക്കുന്നത് നബി(സ) കേട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനോട് പരീക്ഷണം ചോദിച്ചിരിക്കുന്നു. അതിനുപകരം നീ സൗഖ്യം ചോദിക്കുക.
പ്രവാചകൻ (സ) യുടെ പള്ളിയിൽ ധാരാളം ആളുകൾ പ്രാർത്ഥിക്കാനായി ഇരിക്കുന്ന വേളകളിൽ റസൂൽ (സ) അവരുടെയൊക്കെ പ്രാർത്ഥനകൾ നിരീക്ഷിക്കുകയും പ്രാർത്ഥനകളിൽ വന്ന തെറ്റുകൾ തിരുത്തി കൊടുക്കാറുമുണ്ടായിരുന്നു. എങ്ങനെയാണോ ഒരു ഖുർആൻ പഠന ക്ലാസ്സിൽ അധ്യാപകൻ പഠിതാക്കൾക്ക് ചുറ്റും നടക്കുകയും അവരുടെ പാരായണം തിരുത്തി കൊടുക്കുകയും ചെയ്യുന്നത്, സാമാനമായ ഒരു രംഗം ആയിരുന്നു അതും. മുആദ് ബിൻ ജബൽ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നിന്ന് ഈ അധ്യായത്തിൽ നാം ഉദ്ധരിക്കുന്ന പ്രാർത്ഥനകൾ വലിയ പാഠങ്ങളാണ് നമുക്ക് പകർന്നു നൽകുന്നത്. പ്രത്യേകിച്ചും പ്രാർത്ഥന വേളകളിലെ ശരി തെറ്റുകളെ പറ്റി റസൂൽ പഠിപ്പിച്ചു തന്നത്.
റസൂൽ ശ്രവിച്ച പ്രാർത്ഥനകളിൽ ആദ്യത്തെയാൾ അല്ലാഹുവിനോട് تَمَامَ النِعْمَة ‘അനുഗ്രഹ പൂർത്തികരണം’ ആണ് ചോദിച്ചു കൊണ്ടിരുന്നത്. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് റസൂൽ ചോദിച്ചപ്പോൾ തനിക്ക് നല്ലതായി തോന്നിയ ഒരു പ്രാർത്ഥനയാണത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ പ്രവാചകൻ എന്താണ് ‘അനുഗ്രഹ പൂർത്തികരണം’ എന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അതുകൊണ്ടുള്ള ഉദ്ദേശം പരലോക മോക്ഷവും സ്വർഗ്ഗപ്രവേശനവും നരക വിമോചനവുമാണ്. അങ്ങനെയൊരു പ്രാർത്ഥന നടത്തുമ്പോൾ ഇത് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പുവരുത്താനും റസൂൽ ആ വ്യക്തിക്ക് നിർദേശം നൽകി.
അങ്ങനെ പ്രവാചകൻ (സ്വ) അടുത്ത വ്യക്തിയുടെ അരികെ കടന്നു പോയി. അദ്ദേഹം അല്ലാഹുവിനെ അഭിസംബോധന ചെയ്തിരുന്നത് يا ذا الجلال والإكرام എന്ന് പറഞ്ഞു കൊണ്ടാണ്. പ്രവാചകൻ തന്നെയും അല്ലാഹുവിനെ അങ്ങനെ വിളിച്ചു അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് റസൂൽ അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾക്ക് മറുപടി നൽകപ്പെടും. ചോദിച്ചുകൊണ്ടേയിരിക്കുക”.
അവസാനമായി മറ്റൊരു വ്യക്തിയുടെ പ്രാർത്ഥന കൂടി റസൂൽ നിരീക്ഷിക്കുകയുണ്ടായി. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
اللَّهُمَّ إِنِّي أَسْأَلُكَ الصَّبْرَ
“അല്ലാഹുവേ.. തീർച്ചയായും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു” ഒരാൾക്ക് അല്ലാഹുവിനോട് ക്ഷമ ചോദിക്കാൻ പറ്റുമോ എന്നത് വളരെ പ്രധാന്യമർഹിക്കുന്ന ഒരു ചോദ്യമാണ്. പ്രാർത്ഥന ശ്രവിച്ച റസൂൽ അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനോട് കഷ്ടപാടുകളാണ് ചോദിച്ചത്, അതിന് പകരം അവനോട് എളുപ്പം ചോദിക്കൂ.” എങ്ങനെയാണ് നാം ക്ഷമയേയും എളുപ്പത്തെയും ചേർത്തു മനസിലാക്കുക? നാം എല്ലാവരും സ്വാബിരീങ്ങൾ ആയിത്തീരാൻ ആഗ്രഹിക്കുന്നവരല്ലെ? അല്ലാഹു സ്വബ്റിനേക്കാൾ വലിയ ഒരു സമ്മാനവും അവന്റെ അടിമകൾക്ക് നൽകിയിട്ടില്ല എന്നല്ലേ പ്രവാചകൻ പഠിപ്പിക്കുന്നത്? പിന്നെ എന്തുകൊണ്ടായിരിക്കും പ്രവാചകൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതിന് പകരം എളുപ്പം പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കാൻ പറഞ്ഞത്?
തീർച്ചയായും ക്ഷമ വളരെ വലിയ ഗുണമാണ്. യഥാർത്ഥത്തിൽ പ്രവാചകൻ ഇവിടെ പ്രത്യേകമായ ഒരു സന്ദർഭം മുൻനിർത്തിയാണ് എളുപ്പം ചോദിക്കാൻ പറയുന്നത്. പ്രശ്നങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോവുന്നവരെ മുൻനിർത്തിയാണ് റസൂൽ ഈ നിർദേശം നൽകുന്നത്. പരീക്ഷണങ്ങൾക്ക് വിധേയമാവുന്നവർ ക്ഷമയെക്കാൾ എളുപ്പത്തെയും ബുദ്ധിമുട്ടുകൾ നീക്കി തരാനുമാണ് ചോദിക്കേണ്ടത് എന്നാണ് ഉദ്ദേശം. നിങ്ങൾ പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ ആ പരീക്ഷണത്തിലെ നന്മയെ സ്വീകരിക്കുകയും അല്ലാഹുവിനോട് എളുപ്പം ചോദിക്കുകയും ചെയ്യുക. അതേസമയം പ്രവാചകൻ സ്വബ്ർ ചോദിക്കുന്നതിൽ നിന്ന് ആ വ്യക്തിയെ തടഞ്ഞിട്ടുമില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
അല്ലാഹു നമുക്ക് ക്ഷമയും എളുപ്പവും നൽകുമാറാകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1