സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടത്തിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാര സീമയായി പലരും തെറ്റുദ്ധരിച്ചിട്ടുണ്ട്. സ്നേഹം ആരോടെങ്കിലും മാനസികമായ ആകർഷണവും ആദരവും ഉണ്ടാക്കുമെന്നതും രണ്ടുപേർ തമ്മിലുള്ള പരസ്പര രസതന്ത്രമായി മാറുകയും ചെയ്യാറുണ്ടെന്നത് ഒരു പരിധി വരെ ശരിയാണ്. കനത്ത മഴ പെയ്താൽ വെള്ളത്തിന് മുകളിൽ ഉയരുന്ന നുരയ്ക്കും പതയ്ക്കുമാണ് ‘ഹുബാബ് ‘എന്ന് പറയുക. ഹുബാബിൽ നിന്നാണ് ഹുബ്ബ് ഉരുവം കൊണ്ടത്. രണ്ടാളുകൾ അടുത്തു കഴിഞ്ഞാൽ ഊറി വന്ന് കെട്ടി നിൽക്കുന്ന ആ വികാരത്തെ ഹുബ്ബ് എന്ന് അറബിയിൽ വിളിക്കുകയായിരുന്നു അവർ .ഹൃദയത്തിൽ തിളച്ചുമറിഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ആ പാരസ്പര്യത്തിന് കാമശാസ്ത്രത്തിൽ എന്തൊക്കെ പറഞ്ഞാലും ധർമശാസ്ത്രത്തിൽ അതത്ര മാത്രം ശരിയല്ല. ദൃശ്യവും അദൃശ്യവുമായ സചേതനവും അചേതനവുമായ വസ്തുക്കളോടും നമുക്ക് ഈ വികാരം തന്നെയാണ് തോന്നുന്നത്. അതിനെ അല്ലാഹുവിന്റെ സ്നേഹ /ഹുബ്ബിലേക്കുള്ള നിമിത്തമാണാക്കേണ്ടത്.
അറബി ഭാഷയിൽ ഹുബ്ബ് പലയർഥത്തിൽ നിർവചിക്കപ്പെട്ടിട്ടുണ്ട് : “എല്ലാ സഹജീവികളേക്കാളും പ്രിയപ്പെട്ടവന് മുൻഗണന നല്കലാണത് ” എന്നാണ് പൊതുവെ പണ്ഡിതന്മാർ അതിനെ കുറിച്ച് പറഞ്ഞു വരുന്നത് . ഇഷ്ടപ്പെടുന്നവന്റെ സദ്ഗുണം, പൂർണ്ണത, ദയ, കാരുണ്യം എന്നിങ്ങനെ വിവിധ നിമിത്തങ്ങളാൽ ഒരാളിൽ ഹുബ്ബ് ഉണ്ടാവാം.
ആത്മാവിന് നല്ലതായി കാണുകയും വിചാരിക്കുകയും ചെയ്യുന്നതിലേക്കുള്ള ചായ്വാണ് സ്നേഹമെന്നും അത് രണ്ട് തരത്തിലാണ് എന്നും ഇമാം റാഗിബ്( D AH 502/ 1108/9)സിദ്ധാന്തിക്കുന്നു :-
ഒന്ന്) സ്വാഭാവികമാണ്, അത് മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാവുന്ന പൊതുവെയുണ്ടാവുന്ന പ്രകൃതിപരമായ സ്നേഹമാണ്.
രണ്ട് ) ഐച്ഛികവും നിർദ്ദിഷ്ടവുമായ സ്നേഹമാണ് ; മനുഷ്യന് അവന്റെ മനസ്സിൽ കിനിഞ്ഞുണ്ടാവുന്ന വികാരമാണ്. അതിനെ കൃത്യപ്പെടുത്തലും ക്ലിപ്തപ്പെടുത്തലുമാണ് നാം ഈ പഠനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഇബ്നു അബിൽ ഇസ്സ് (AH731 /1331 )
പറയുന്നു: പണ്ഡിതന്മാർ സ്നേഹത്തെ മുപ്പതോളം രീതിയിൽ നിർവചിച്ചിട്ടുണ്ട്. അഥവാ സ്നേഹമെന്നാൽ കൃത്യമായ ഏതെങ്കിലും ഫ്രെയിമിൽ പരിമിതപ്പെടുത്താനാവാത്തതാണതെന്നർഥം.
ചില നിർവചനങ്ങൾ താഴെ:-
1- സന്തോഷകരമായ കാര്യത്തിലേക്ക് പ്രകൃത്യാലുള്ള ചായ്വ്.
2- കാണുകയും സദാ ചിന്തിക്കുകയും ചെയ്യുന്നതിലേക്ക് മാത്രം മനസ്സിന്റെ ചായ്വ് .
3- അലഞ്ഞുതിരിയുന്ന ഹൃദയത്തോടെ ഒന്നിലേക്കു മാത്രമുള്ള ശാശ്വതമായ ചായ്വ്.
4- എല്ലാ സഹജീവികളേക്കാളും പ്രിയപ്പെട്ടവർക്ക് മുൻഗണന നൽകുന്ന വികാരം .
5- കാഴ്ചയിലും കാണാമറയത്തും പ്രിയപ്പെട്ടവനോടുള്ള യോജിപ്പും അംഗീകാരവും .
6- പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളോട് ഹൃദയത്തിന്റെ അനുകമ്പ.
7- അനുസരണയോടെ ആലിംഗനം ചെയ്യലും വിയോജിപ്പുകൾ അതിന് വേണ്ടി അവഗണിക്കലും .
8- പ്രിയപ്പെട്ടവനെ തേടിയുള്ള ഹൃദയത്തിന്റെ യാത്രയും അവനെക്കുറിച്ചുള്ള നാവിന്റെ ഓർമ്മയുമാണത്.
9- പ്രിയപ്പെട്ടവന്റെ സ്നേഹം ഒഴികെ എല്ലാ സ്നേഹവും ഹൃദയത്തിൽ നിന്നു മാറ്റി വെക്കൽ.
10- പ്രയത്നം ചെയ്യലും പ്രിയപ്പെട്ടവനോടുള്ള എതിർപ്പ് അതിന് വേണ്ടി ഉപേക്ഷിക്കലും .
സ്നേഹത്തെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന ഈ നിർവചനങ്ങൾ കുറെയൊക്കെ ശരിയാണ് ; എന്നാൽ സ്നേഹത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കാൻ അവയൊന്നും പര്യാപ്തമല്ല. സ്നേഹത്തെ മനസ്സിലാക്കാനുള്ള ചില സൂചനകളും അടയാളങ്ങളുമായി മാത്രം അവയെ മനസ്സിലാക്കാം.
وَاَللَّهِ إنَّكِ لَخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إلَى اللَّهِ، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ. ജന്മനാട് വിട്ട് പലായനം ചെയ്തു മക്കയുടെ അതിർത്തിയിലെത്തിയപ്പോൾ നബി(സ) നടത്തിയ ഗൃഹാതുരത്വമുള്ള ഒരു പ്രസ്താവനയാണിത് :-
(അല്ലാഹുവാണെ, നീ അല്ലാഹുവിന്റെ നാടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്; അവന്റെ ഭൂമിയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭൂമിയും നീ തന്നെ. നിന്നിൽ നിന്ന് പുറത്തുപോവേണ്ടിവരില്ലായുരുന്നുവെങ്കിൽ ഞാൻ പോകില്ലായിരുന്നു ) ഇങ്ങനെ വ്യക്തിയോടും വസ്തുവോടും സ്ഥലത്തോടുമെല്ലാം സ്നേഹമുണ്ടാവുക സ്വാഭാവികം മാത്രം.ഈ ഒരു വികാരത്തിന്റെ പാരമ്യതയാണ് വിശ്വാസിക്ക് റബ്ബിനോടുണ്ടാവുന്ന ബന്ധം ..
وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِ 2:165 (വിശ്വാസികൾ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ സ്നേഹമുള്ളവരാണ്)
നമ്മുടെ ജീവിതത്തിൽ സ്നേഹത്തിന്റെ മഹത്തായ മൂല്യവും നമ്മുടെ വ്യക്തിത്വത്തെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രൂപപ്പെടുത്തുന്നതിലും ശുദ്ധീകരിക്കുന്നതിലും സ്നേഹം ചെലുത്തുന്ന വലിയ സ്വാധീനം നിസ്സാരമല്ല. വിശുദ്ധ ഖുർആനിലെ 76 ആയതുകളിൽ സ്നേഹം / حب എന്ന പദവും നിഷ്പന്ന രൂപങ്ങളും പരാമർശിക്കപ്പെടുന്നു. ആഖ്യാന സന്ദർഭങ്ങളിൽ സ്നേഹത്തിന്റെ വ്യത്യസ്തമായ അർത്ഥതലങ്ങളും ഈ മനുഷ്യവികാരത്തിന്റെ ഉള്ളടക്കങ്ങളും പ്രാധാന്യവും പ്രകാശനം ചെയ്യുകയും ചെയ്യുന്നുണ്ട് ആ പദം.
شَغَف , مَحَبَّة , مَوَدَّة , مَيْل , هَوًى എന്നിങ്ങനെ സമാനാർഥമുള്ള പദങ്ങളും പ്രയോഗങ്ങളും ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്. (ഓർക്കുക : ഖുർആനിൽ ഒരു പദവും പര്യായമല്ലായെന്നാണ് സൂക്ഷ്മമായ നിരീക്ഷണം )
നിശ്ചയമായും, നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നതാണ്. 2:195
നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവൻ ഇഷ്ടപ്പെടുന്നു. 2:222
തീർച്ചയായും അല്ലാഹു ധർമ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. 3:76
‘നന്മ ചെയ്യുന്നവരെ /പശ്ചാത്തപിച്ചു മടങ്ങുന്നവരെ /
ശുദ്ധി പ്രാപിക്കുന്നവരെ /ധർമ്മനിഷ്ഠപാലിക്കുന്നവരെ ‘
എന്നീ പ്രയോഗങ്ങൾ വായിക്കുമ്പോൾ അല്ലാഹുവിന്റെ ഹുബ്ബ് നേടാൻ ഇവയിലേതെങ്കിലും അല്ലെങ്കിൽ എല്ലാ കാര്യങ്ങളും നേടാനുള്ള ഒരു ആന്തരിക ചോദന വിശ്വാസിയിൽ ഉടലെടുക്കും.ഇഹത്തിലും പരത്തിലും അവൻ സ്നേഹിക്കുന്നവരിൽ പെടുവാനും സംതൃപ്തരാകാനും വിശ്വാസികളെ ആ സ്വഭാവസവിശേഷതകളാവാഹിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഖുർആന്റെ അവതരണ ശൈലി.
പൊതുവെ മനുഷ്യനെ ദൗർബല്യങ്ങൾ അല്ലാഹു എണ്ണി പറയുന്നുണ്ട് :-
ഭാര്യമാർ, പുത്രൻമാർ, കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള സ്നേഹം മനുഷ്യർക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിൻറെ അടുക്കലാകുന്നു മനുഷ്യർക്ക് ചെന്നുചേരാനുള്ള ഉത്തമ സങ്കേതം. 3: 14
വിശ്വാസിയുടെ ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്നത് അല്ലാഹുവും റസൂലും അവന്റെ മാർഗത്തിലുള്ള ത്യാഗവുമാവണമെന്ന് പറഞ്ഞ് മറ്റുള്ള വസ്തുക്കളോടുള്ള സ്നേഹത്തിന്റെ പരിധിക്ക് രണ്ടാം നമ്പർ നല്കുന്നു ഖുർആൻ :-
നബിയേ, പറയുക: നിങ്ങളുടെ പിതാക്കളും, പുത്രൻമാരും, സഹോദരങ്ങളും, ഇണകളും, ബന്ധുക്കളും, സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് ഭയപ്പെടുന്ന കച്ചവടവും, തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും അല്ലാഹുവെക്കാളും അവൻറെ ദൂതനെക്കാളും അവൻറെ മാർഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാൽ അല്ലാഹു അവൻറെ കൽപന കൊണ്ടുവരുന്നത് വരെ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേർവഴിയിലാക്കുന്നതല്ല. 9:24
ഏതൊരു മനുഷ്യനും വ്യത്യസ്തമായ ചുറ്റുപാടുകളും ആശയങ്ങളും ഗുണങ്ങളുമുള്ള സ്വതന്ത്ര വ്യക്തികളാണെന്ന നിലക്ക് അവർ ഇഷ്ടപ്പെടുന്നതെല്ലാം ഈ ആയതിലുണ്ട്. അവ അന്വേഷിക്കുകയും നേടുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മിലോരോരുത്തരുമെന്ന തിരിച്ചറിവാണ് ഈ ആയത് പാരായണം ചെയ്യുന്നവനിലുണ്ടാവുക. ഈ വസ്തുക്കളോടുള്ള തങ്ങളുടെ സ്നേഹത്തെ ലില്ലാഹി / അല്ലാഹുവിന് വേണ്ടി എന്ന അത്യുന്നത മാനദണ്ഡത്തിലാക്കുകയാണ് വേണ്ടത്. അല്ലാഹു അനുവദനീയമാക്കിയതെല്ലാം നമുക്ക് ഇഷ്ടപ്പെടാം ; പക്ഷേ ലില്ലാഹി എന്ന കളത്തിനുള്ളിൽ നിർത്താൻ കഴിയുമെങ്കിൽ മാത്രമേ അത് ഇഷ്ടത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താവൂ..
من أحب لله، وأبغض لله، وأعطى لله، ومنع لله فقد استكمل الإيمان (അല്ലാഹുവിന് വേണ്ടി സ്നേഹിക്കുന്നവനും അല്ലാഹുവിന് വേണ്ടി വെറുക്കുന്നവനും അല്ലാഹുവിന് വേണ്ടി കൊടുക്കുന്നവനും അല്ലാഹുവിന് വേണ്ടി തടഞ്ഞവനുമാണ് വിശ്വാസം പൂർത്തിയാക്കിയത് ) എന്ന് നബി (സ) പറഞ്ഞത് ആ അടിസ്ഥാനത്തിലാണ് നാം കാണുന്നത്.
ഇതൊരു തരം സ്നേഹമാണ്, മറ്റൊരു തരത്തിലുള്ള സ്നേഹവും നിലവിലുണ്ട്. ലില്ലാഹ് എന്ന മാനദണ്ഡത്തിന് പുറത്തുള്ള ജീവശാസ്ത്രപരമായ സ്നേഹം . കാമമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന തീർത്തും വ്യത്യസ്തമായ ഹുബ്ബ് .
ഇന്ന് കൂടുതൽ പ്രചാരത്തിലുള്ള കൂടിച്ചേരലും പ്രണയവും ഓൺലൈൻ -ഓഫ്ലൈൻ ചാറ്റിങുകളും മാത്രമുള്ള , ലില്ലാഹ് ഘടകം തീരെ ഇല്ലാത്ത സ്നേഹം ;അത്തരം സ്നേഹങ്ങൾ ഉള്ള് പൊള്ളയായതും കൂറില്ലാത്തതുമാവും.
آج كل کے دوستـوں مانـندئے كاگز کے پھــول
دیکھنے میں خوشنما بوئے وفا کچھ بھی نہیں
(ഇക്കാലത്തെ കൂട്ടുകാർ കടലാസ് പൂക്കൾ പോലെ ..
കാഴ്ചയിൽ സുന്ദരം; വിശ്വസ്തത ഒട്ടുമേ തീണ്ടതില്ല)
‘യൂസുഫിനോടുള്ള പ്രേമം അവളുടെ മനം കവർന്നിരിക്കുന്നു ‘എന്ന് സൂറ യൂസുഫ് 30 ൽ പറയുന്ന സ്നേഹം അവളദ്ദേഹത്തെ തീക്ഷ്ണമായി സ്നേഹിക്കുന്നു എന്ന് ചിത്രീകരിക്കാനാണ് ഖുർആൻ ഉപയോഗിച്ചത്. ഹൃദയത്തെ ഭേദിച്ച് അകത്ത് കയറി എന്നതിനാണ് ശഗഫ എന്ന അറബി പദമുപയോഗിക്കുന്നത്.
ലില്ലാഹ് എന്ന ദൈവിക ഘടകം ഇല്ലാതെയായപ്പോൾ ആ ഹുബ്ബ് കേവലം ജൈവികമായെന്നർഥം.
അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹം അനുഗ്രഹമാണ്. അതില്ലാതെയാവുമ്പോൾ, ജീവിതം ശരിയായ പ്രചോദനമില്ലാതെ മാറുന്നു; അത്തരം ജീവിതം നിർജീവവും ജഢികവും യഥാർഥ സ്നേഹത്തിൽ നിന്നും വിദൂരവുമായിരിക്കും.
ഇബ്നു ഹജർ (റഹ്) പറയുന്നു: സ്നേഹത്തിന്റെ യാഥാർത്ഥ്യം പരിമിതമല്ലാത്ത അറിവിന്റെ നിറവാണ്. വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത ഒന്ന് ; മനഃസാക്ഷിയോടെ അത് നടപ്പിലാക്കിയവർക്ക് പെട്ടെന്നത് തരിച്ചറിയാം.
ഇബ്നുൽ ഖയ്യിം (റഹ്) പറയുന്നു:”സ്നേഹത്തിന്റെ പരിധി വിവരിക്കുകയോ പരിമിതപ്പെടുത്തുകയോ സാധ്യമല്ല.” വായു, മണ്ണ്, വിശപ്പ് എന്നിവ പോലെ നിർവചനാതീതമായ ഒന്നായാണ് ദാർശനികർ സ്നേഹത്തെ കാണുന്നത് എന്നർഥം.
സ്നേഹമുള്ളവൻ തന്നിൽ നിന്ന് വിട്ട് തന്റെ നാഥന്റെ സ്മരണയുമായി , ബാധ്യതകളുടെ പൂർത്തീകരണവുമായി നിൽക്കുന്നവനാവും. അവന്റെ ഹൃദയം കൊണ്ട് റബ്ബിനെ മാത്രം നോക്കുന്നു.
റബ്ബിന്റെ ഗാംഭീര്യവും ആദരവുമാവും അവന്റെ ഹൃദയത്തിൽ നിറഞ്ഞ് കത്തി നില്ക്കുന്നത്.
അവൻ സംസാരിക്കുകയാണെങ്കിൽ അത് റബ്ബിന് വേണ്ടിയാവും, റബ്ബിനെ കുറിച്ചാവും . ഇനിയവൻ നീങ്ങുകയാണെങ്കിൽ അത് റബ്ബിന്റെ കൽപ്പന പ്രകാരമാവും, അവൻ താമസിക്കുന്നുവെങ്കിൽ , അത് റബ്ബിനോടൊപ്പമാവും. ഈ അവസ്ഥയെയാണ്
بالله في الله ولله ومع الله.
എന്ന് ജുനൈദുൽ ബഗ്ദാദി(AH-298 -215 -ـ)
വിശദീകരിക്കുന്നത് എന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തുന്നു. ബഗ്ദാദി കൃത്യപ്പെടുത്തിയ ‘അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിന്റെ തൃപ്തിയിൽ അല്ലാഹുവിന് വേണ്ടി അല്ലാഹുവിനോടൊപ്പം ‘ എന്നീ നാല് പരിധിക്കുള്ളിലാവുമ്പോഴാണ് അത് യഥാർഥ ഹുബ്ബാവുക എന്ന് ബഗ്ദാദി പറയുമ്പോൾ അതിനെ പരിഷ്കരിച്ച് ഇശ്ഖെ ഇലാഹിയെന്നാണ് പിൽക്കാല സ്വൂഫികൾ പ്രഘോഷണം നടത്തുന്നത്. ഖുർആൻ ഉപയോഗിക്കാത്ത സങ്കേതങ്ങളും സാങ്കേതിക പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുന്നതാണ് ഇബ്നുൽ ഖയ്യിമിനെ പോലുള്ളവർ സ്വൂഫിസത്തെ എതിർക്കുവാനുള്ള അടിസ്ഥാന കാരണം.
ഇബ്രാഹീം നബിയെ ഖലീലുല്ലാഹ് എന്നും മുഹമ്മദ് നബിയെ ഹബീബുല്ലാഹ് എന്നും വിശദീകരിക്കുന്നതിനെ വരെ പിൽക്കാല സ്വൂഫികൾ പ്രശ്നവത്കരിച്ചിട്ടുണ്ട്.
ഖുല്ലതാണോ മുഹബ്ബതാണോ ഉന്നതമെന്ന അത്തരം ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
യഥാർത്ഥ ദൈവിക ഗുണങ്ങളിൽ ഒന്നാണ് സ്നേഹത്തിന്റെ ഗുണം. അത് ഖുല്ലതാവട്ടെ മുഹബ്ബതാവട്ടെ .ശൈഖ് ഇബ്നു ഉസൈമീൻ പറഞ്ഞു: “റബ്ബിന്റെ സ്നേഹം യഥാർത്ഥ ഗുണങ്ങളിൽ ഒന്നാണ്, അതിനുള്ള ഖുർആനിക തെളിവ് ഈ ആയതാണ് -: {തങ്ങളെ സ്നേഹിക്കുന്ന ഒരു ജനതയെ അല്ലാഹു കൊണ്ടുവരും , അവർ അവനെയും സ്നേഹിക്കുന്നു} 5:54
അറബി ഭാഷയിൽ സ്നേഹത്തിന് പതിനാലു തലങ്ങളുണ്ട് :
الهوى ثم الصّبوة ثم الشغف ثم الوَجد ثم الكَلَف ثم العِشق ثم النجوى ثم الشوق ثم الوصَب ثم الاستكانة ثم الوُدّ ثم الخُلّة ثم الغَرام ثم الُهُيام
( അഭിനിവേശം,ആഗ്രഹം ,വാഞ്ഛ,വാത്സല്യം ,ഇഷ്ടം, മമത, പ്രിയത, പ്രേമം, പ്രേമാവ്, ഹാർദ്ദം, പ്രിയം, കൂറ്
പ്രണയം,അനുരാഗം)
അവസാനം പറഞ്ഞ അനുരാഗം / ഹുയാമിനെയാണ് ഇശ്ഖെ ഇലാഹി എന്ന പേരിൽ മിസ്റ്റിക്കുകൾ കൃത്യമാക്കാതെ അടയാളപ്പെടുത്തുന്നത്. സ്നേഹം മൂത്ത് മത്താവുന്ന അവസ്ഥാന്തരമാണത്. ഇതിലെ ഏതിനെയും അറബിയിലെ ഹുബ്ബ് എന്ന് പരാവർത്തനം ചെയ്യാവുന്നതാണ്. ഈ പറയുന്നതിലെന്തിനേക്കാളും നിരുപാധികമായി ഒന്നാം സ്ഥാനത്ത് അല്ലാഹുവിനെ വെക്കുന്നതാണ് നാം പറഞ്ഞ أشد حبا /ഏറ്റവും കൂടുതൽ സ്നേഹം എന്ന വിശേഷണത്തിനർഹമാക്കുന്നത് .
نَقِّل فُؤادَكَ حَيثُ شِئتَ مِنَ الهَوى ما الحُبُّ إِلّا لِلحَبيبِ الأَوَّلِ
كَم مَنزِلٍ في الأَرضِ يَألَفُهُ الفَتى وَحَنيـنُهُ أَبَـداً لِأَوَّلِ مَنـزِلِ
‘അഭിനിവേശത്തോടെ നിങ്ങളുടെ ഹൃദയം എവിടെ വേണമെങ്കിലും അഭിരമിപ്പിക്കാൻ വിടുക,
സ്നേഹം ആദ്യ സ്നേഹിതനു മാത്രം ..
എത്രയോ ഇടങ്ങളിൽ മനുഷ്യന്മാർ പൊരുത്തപ്പെട്ട് പോവാറുണ്ട്; ആദ്യയിടത്തോടുള്ള സ്നേഹമാണെന്നും
അവനിൽ നിറഞ്ഞു നിൽക്കുന്ന വികാരം ‘
എന്ന് അബൂ തമാം പറഞ്ഞതിലെ ആദ്യ സ്നേഹിതനും ഒന്നാമത്തെ ഇടവും അല്ലാഹുവാക്കിയാൽ തീരാവുന്നതേയുള്ളൂ മറ്റു വസ്തുക്കളോടുള്ള അമിതമായ സ്നേഹവും അനുരാഗവും …
ദാവൂദ് (അ) പ്രാർഥിച്ചതായി നബി (സ) പഠിപ്പിച്ച ഒരു പ്രാർഥനയുണ്ട്. നാമത് ശീലമാക്കുന്നത് നന്നാവും “اللَّهمَّ إِنِّي أَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَالعمَل الَّذِي يُبَلِّغُني حُبَّكَ، اللَّهُمَّ اجْعل حُبَّكَ أَحَبَّ إِلَيَّ مِن نَفسي، وأَهْلي، ومِن الماءِ البارِدِ ” (അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹം എന്നിലേക്ക് പകരുന്ന പ്രവൃത്തികളും ഞാൻ നിന്നോട് ചോദിക്കുന്നു. എന്നോടും മക്കളോടും കുടുംബത്തോടും തണുത്ത പാനീയത്തോടുമുള്ള സ്നേഹത്തേക്കാൾ നിന്നോടുള്ള സ്നേഹത്തെ പരിവർത്തിപ്പിക്കേണമേ നാഥാ ) ( തുടരും )