സമ്പാദ്യത്തിലെ സകാത്തും ഫിത്വ്റ് സകാത്തും
ഫിത്വ്റ് സകാത്തും ധന സകാത്തും തമ്മിലുള്ള വ്യത്യാസമെന്താണ്? അത് മനസ്സിലാക്കാൻ ആദ്യം സകാത്തിന്റെ ഭാഷാർഥവും സാങ്കേതികാർഥവും മനസ്സിലാക്കേണ്ടതുണ്ട്. പുരോഗതി, വളർച്ച, അഭിവൃദ്ധി, വിശുദ്ധി(കാരണമത് പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു) തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക് ഭാഷാപരമായി സകാത്ത് എന്ന് പറയാറുണ്ട്. സകാത്തിനെ നിരുപാധികം സ്വദഖ എന്നും പറയാറുണ്ട്. കാരണമത് ഒരു വിശ്വാസിയുടെ ആരാധനയിലെ സത്യസന്ധതയെയും അല്ലാഹുവിനോടുള്ള അകമറ്റ വിധേയത്വത്തെയും അറിയിക്കുന്നതാണ്. ബർക്കത്ത്, പ്രശംസ, നന്മ എന്നിവക്കും സകാത്തെന്ന പദം ഉപയോഗിക്കും. എങ്കിലും മേൽപറഞ്ഞ രണ്ട് സകാത്തിനുമിടയിൽ ചില സുപ്രധാന വ്യത്യാസങ്ങളുണ്ട്.
അല്ലാഹു പറയുന്നത് നോക്കുക: ‘അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ വാങ്ങുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക'(തൗബ: 103). സകാത്ത് ഒരു മനുഷ്യനെ അവന്റെ പാപങ്ങളിൽ നിന്നും പിശുക്കിൽ നിന്നും സംരക്ഷിക്കുമെന്ന് മാത്രമല്ല, അവന് പ്രതിഫലം നേടിക്കൊടുക്കുകയും ബാക്കിയുള്ള സമ്പത്തിൽ അഭിവൃദ്ധി നൽകുകയും ചെയ്യും.
സകാത്തിന്റെ സാങ്കേതികാർഥം: തന്റെ സമ്പാദ്യത്തിൽ ശരീഅത്ത് നിർദേശിച്ച അളവ് എത്തിക്കഴിഞ്ഞാൽ നിശ്ചിത നിബന്ധനകൾക്കനുസരിച്ച് അവകാശികളായവരിലേക്ക് നിർണിത അളവ് സമ്പാദ്യത്തിൽ നിന്നും നൽകുന്നതാണ് സകാത്ത്. ഇതുകൂടാതെ വേറെയും ഒരുപാട് നിർവചനങ്ങൾ സകാത്തിനായി കർമശാസ്ത്ര പണ്ഡിതന്മാർ മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് സകാത്ത് എണ്ണപ്പെടുന്നത്. നിശ്ചിത നിബന്ധനകൾക്കനുസരിച്ച് ഓരോ മുസ്ലിമിന്റെയും വൈയക്തിക ബാധ്യതയായി അത് മാറും. നിബന്ധനകൾക്കനുസരിച്ച് നിർബന്ധമായിക്കഴിഞ്ഞാൽ പിന്തിപ്പിക്കാതെത്തന്നെ അത് കൊടുത്തു വീട്ടേണ്ടതാണ്.
പൊതുവെ സകാത്തെന്നത് ബർക്കത്ത്, വിശുദ്ധി, അഭിവൃദ്ധി, വർധനവ്, നന്മ എന്നിവയെല്ലാമാണ്. സാങ്കേതികാർഥത്തിൽ അറിയപ്പെട്ട മുതലിൽ നിന്നും നിശ്ചിത മുതൽ നിർണയിക്കപ്പെട്ട ആളുകൾക്ക് നൽകൽ എന്ന് പറയാം. സകാത്ത് നിർബന്ധമാകാൻ കൃത്യമായ പരിധികൾ ശരീഅത്ത് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിൽ കുറവാണെങ്കിൽ കൊടുക്കേണ്ടതില്ല. സമ്പാദ്യത്തിന്റെ വൈവിധ്യമനുസരിച്ചും അതിൽ മാറ്റമുണ്ടാകും. ആത്മീയമായും ഭൗതകമായും സാമൂഹികാവസ്ഥയെ നന്നാക്കിയെടുക്കുന്നുവെന്നതിനാലാണ് ധനത്തിലെ സകാത്തും ഫിത്വ്റ് സകാത്തും നിർബന്ധമാക്കപ്പെട്ടത്. പിശുക്കിൽ നിന്നും അത് മനുഷ്യ ഹൃദയങ്ങളെ വിമലീകരിക്കും. അതിനാൽ തന്നെ സകാത്ത് നിഷേധിച്ചവൻ ഇസ്ലാമിൽ നിന്ന് തന്നെ പുറത്തുപോകും.
ധനത്തിലെ സകാത്തും ഫിത്വ്റ് സകാത്തും ഒന്നാണെന്ന് വിശ്വിസിക്കുന്നവരുണ്ട്. ഫിത്വ്റ് സകാത്ത് സമ്പാദ്യത്തിൽ നിന്നുള്ള സകാത്താണെങ്കിലും അവ രണ്ടും തമ്മിൽ സൂക്ഷ്മമായ ചില വ്യത്യാസങ്ങളുണ്ട്. ഫിത്വ്റ് സകാത്ത് ശരീരവുമായി ബന്ധപ്പട്ടതാണെങ്കിൽ ധനത്തിലെ സകാത്ത് സമ്പാദ്യവുമായ ബന്ധപ്പെട്ടതാണ്. ഇവ രണ്ടിൽ നിന്നും വളരെ വ്യത്യസ്തമാണ് സ്വദഖ, അതൊരിക്കലും നിർബന്ധമായ ഒന്നല്ല. നിശ്ചിത എട്ട് പേർക്കല്ലാതെയും നൽകാമെന്നതാണ് സ്വദഖയുടെ പ്രത്യേകത. പൊതു നന്മക്കും അമുസ്ലിംകൾക്കും മാതാപിതാക്കൾക്കും അത് നൽകാം.
ധനത്തിലെ സകാത്തും ഫിത്വ്റ് സകാത്തും തമ്മിലുള്ള വ്യത്യാസം നമുക്കിങ്ങനെ വിവരിക്കാം:
1- മുതൽകൂട്ടായി സൂക്ഷിച്ചുവെച്ച സമ്പാദ്യവുമായാണ് ധനത്തിലെ സകാത്തിന്റെ ബന്ധം. എന്നാൽ, ഫിത്വ്റ് സകാത്ത് വ്യക്തികളുടെ ശരീരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തന്റെ ശരീരത്തിന് വേണ്ടിയാണ് ഓരോരുത്തരുമത് നൽകുന്നത്.
2- സ്വർണത്തിൽ ഇരുപത് മിസ്ഖാൽ, വെള്ളിയിൽ ഇരുന്നൂറ് ദിർഹം എന്ന നിശ്ചിത അളവെത്തിയാൽ മാത്രമേ ധനത്തിലെ സകാത്ത് നിർബന്ധമാകൂ. ഫിത്വ്റ് സകാത്തിൽ അങ്ങനെയൊരു നിബന്ധനയില്ല. പെരുന്നാൾ ദിവസത്തെ ചെലവിനും കുടുംബത്തിന്റെ ചെലവിനുമുള്ളത് ഒഴിച്ച് ബാക്കിയുണ്ടെങ്കിൽ ഫിത്വ്റ് സകാത്ത് നിർബന്ധമായും കൊടുത്തിരിക്കണം.
3- നിശ്ചിത അളവും കാലവും എത്തുകയെന്നത് മാത്രമാണ് ധനത്തിലെ സകാത്തിനെ നിർബന്ധമുള്ളതാക്കി മാറ്റുന്നത്. അതിന് പ്രത്യേക സമയമില്ല. എന്നാൽ ഫിത്വ്റ് സകാത്തിന് നിർണിത സമയമുണ്ട്.
4- മറ്റൊരു രീതിയിൽ നോക്കിയാൽ ധനത്തിലെ സകാത്തിന്റെ അളവ് പത്തിന്റെ നാലിലൊന്നാണ്(2.5%). ഫിത്വ്റ് സകാത്തിന്റെ അളവ് നാട്ടിലെ പൊതു ഭക്ഷണ ധാന്യമായ ഗോതമ്പോ അരിയോ രണ്ട് ഖദ്ഹ് നൽകലാണ്. അതിന്റെ മൂല്യവും നൽകാം. ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) മുസ്ലിംകളിൽ നിന്നുള്ള പുരുഷനോ സ്ത്രീക്കോ അടിമക്കോ ബാർലിയിൽ നിന്നുമുള്ള ഒരു സ്വാഓ കാരക്കയുടെ ഒരു സ്വാഓ റമളാനിൽ ഫിത്വ്റ് സകാത്തായി നൽകൽ നിർബന്ധമാക്കി.
5- ധനത്തിലെ സകാത്ത് സ്വന്തം സമ്പാദ്യത്തിൽ നിന്ന് തന്റെമേൽ മാത്രം നൽകൽ നിർബന്ധമായ ഒന്നാണ്. ഫിത്വ്റ് സകാത്ത് തന്റെയും ഭാര്യയുടെയും ചെലവുകൊടുക്കൽ നിർബന്ധമായ മാതാപിതാക്കളുടെയും മക്കളുടെയും പേരിലെല്ലാം കൊടുക്കണം.
6- സമ്പാദ്യത്തിനനുസരിച്ചാണ് ധനത്തിലെ സകാത്ത് വരുന്നത്. മുതലുള്ളവരെ മാത്രം ബാധിക്കുന്നതാണത്. എന്നാൽ ഫിത്വ്റ് സകാത്ത് നൽകാൻ സമ്പന്നനും ദരിദ്രനും ബാധ്യസ്ഥനാണ്. അവർ അവരുടെമേലും കുടുംബത്തിന്റെമേലും നൽകണം. സമ്പന്നനെന്നപോലെ ദരിദ്രനും അതിന്റെ പ്രതിഫലം ഒട്ടും നിഷേധിക്കപ്പെടുകയില്ല.
ധനത്തിലെ സകാത്തും ഫിത്വ് റ് സകാത്തും നിർബന്ധമാണെന്ന് അറിയാമെങ്കിലും അവ തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് പലരും അജ്ഞരാണ്. സകാത്തുൽ ഫിത്വ്റ് റമളാനിൽ അന്നത്തെ ചെലവിന് ആവശ്യമായത് കഴിഞ്ഞ് ബാക്കിയുള്ളതിൽ നിന്ന് അരിയോ കാരക്കയോ ആയി നൽകണം. ധനത്തിലെ സകാത്ത് മേൽപറഞ്ഞ പോലെ നിശ്ചിത അളവും ഒരു കൊല്ലവും പൂർത്തിയാകുമ്പോഴാണ് നൽകേണ്ടത്.
( അവലംബം- islamonline.net)