ഉപവസിക്കാൻ വേണ്ടത്
സമീപത്തു വർത്തിക്കൽ, അടുത്ത് ഇരിക്കൽ, സാമീപ്യം എന്നല്ലാമാണത്രെ ഉപ+വാസ എന്ന സംസ്കൃത പദത്തിനർത്ഥം !!. അറബി ഭാഷയിൽ മഇയ്യ: ( معية ) എന്നാൽ ഏതാണ്ട് ആ അർഥതലം ലഭിക്കും. മഅ’ /مع എന്നതിന്റെ നാമവിശേഷണത്തെ സൂചിപ്പിക്കുന്ന നിർമ്മിത നാമമാണ് മഇ’യ്യ. ഒരു കാര്യവുമായി മറ്റൊരു വസ്തുവിന്റെ നിതാന്ത സഹവാസവും സാമീപ്യവുമാണ് മഇ’യ്യ: مصدر صناعيّ من مَع: رُفْقة وصُحْبة “المؤمن دائمًا في مَعيَّة الله- هو في مَعيَّة شخصيَّة كبيرة: في رفقته وصحبته” മഅ’യുടെ നിർമിത മൂലനാമമാണ് മഇ’യ്യ.സഹവാസം എന്നർഥം “വിശ്വാസി എപ്പോഴും അല്ലാഹുവിന്റെ സഹവാസത്തിലാണ് എന്നാൽ അവൻ റബ്ബിന്റെ കൂട്ടുകെട്ടിലും സഹവാസത്തിലുമാണെന്നർഥം.
وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ( 2:194 , 123 ,9:36) അറിയുക, നിശ്ചയം അല്ലാഹു മുത്തഖികളുടെ കൂടെയാണ്
إِنَّ اللَّهَ مَعَ الصَّابِرِينَ(2:153,155,249 ,8:46,66) തീർച്ചയായും ,അല്ലാഹു ക്ഷമാശാലികളുടെ കൂടെയാകുന്നു
إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ (128 : 16) നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോടു കൂടെയാകുന്നു; യാതൊരു കൂട്ടർ (നിഷ്കളങ്കം) സുകൃതം പ്രവർത്തിക്കുന്നവരാണോ അവരോടും (കൂടിയാകുന്നു).
وَأَنَّ اللَّهَ مَعَ الْمُؤْمِنِينَ( الأنفال 19) അല്ലാഹു വിശ്വാസികളോടൊപ്പമുണ്ട്, തീർച്ച
وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ( العنكبوت: 69) അല്ലാഹു സുകൃതവാന്മാരോടൊപ്പമുണ്ട്, തീർച്ച
എന്നീ സ്ഥലങ്ങളിൽ അല്ലാഹുവിന്റെ മഇ’യ്യതിന്റെ സൗഭാഗ്യം സിദ്ധിച്ചവരാരാണെന്ന് വളരെ കൃത്യമായി വ്യക്തമാക്കുന്നു.
പേരുകളും ഗുണങ്ങളും (അസ്മാഉ വസ്വിഫാത് ) വിഷയത്തിൽ നീതിമാന്മാരായ മുൻഗാമികളെ / സലഫുസ്സ്വാലിഹിനെ പിന്തുടരുക എന്നതാണ് അഹ്ലുസ്സുന്നതി വൽജമാഅയുടെ ആദർശം . ഖുർആനിലും ഹദീസിലും വന്ന അസ്മാഉ വസ്വിഫാത് ദുർവ്യാഖ്യാനമോ നിഷേധവാദമോ കൂടാതെ സ്വീകരിക്കുക എന്നതാണ് സുന്നീ ആദർശം . അവയെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അക്ഷരാർത്ഥത്തിൽ കാടുകയറിയ ദൈവശാസ്ത്ര സംവാദത്തിന് ഇവിടെ മുതിരുന്നില്ല. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള വിശേഷണങ്ങളിലൊന്നാണ് മഇയ്യ: . ( ليس كمثله شيء وهو السميع البصير) ( الشورى:11)، അവനെപ്പോലെ ഒന്നുമില്ല, അവൻ എല്ലാം കേൾക്കുന്നവനാണ്, എല്ലാം കാണുന്നവൻ) അവനെ പോലുള്ളവനെ പോലുമില്ല എന്നതാണ് കൃത്യമായ , അതിസൂക്ഷ്മമായ പരാവർത്തനം .
ഇതിന്റെ അടിസ്ഥാനത്തിൽ, (മഅ’) എന്നത് ചിലർ അവകാശപ്പെടുന്നത് പോലെ ഭൗതികമായ സാമീപ്യം / beside / സമ്പർക്കം എന്ന് ഭാഷയിൽ അർത്ഥമാക്കുന്നില്ല. അനുഗമനം, സാന്നിധ്യം എന്നീ നിലകളിലാണീ മഇ’യ്യത് . അറിവ് / സഹായം എന്നിവയോടെയുള്ള സാമീപ്യം എന്നേ ഇപ്പറഞ്ഞ മഇ’യ്യതിനർഥമുള്ളൂ.
ഇബ്നുൽ ജൗസി (510-597 AH) പറഞ്ഞതാണ് ശരി : “ മഅ” ഖുർആനിൽ അഞ്ച് അർഥത്തിലുണ്ട്. 1- സഖിത്വം / കൂട്ട്
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തിന്റെ (معه ) കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേൽ കഠിനന്മാരാണ്, തങ്ങൾക്കിടയിൽ ദയാലുക്കളാണ്. ‘റുകൂഉം’, ‘സുജൂദും’ ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിർവ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവർ തേടിക്കൊണ്ടിരിക്കുന്നു. ‘സുജൂദി’ന്റെ [സാഷ്ടാംഗ നമസ്കാരത്തിന്റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. ‘തൌറാത്തി’ൽ (വർണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ ‘ഇഞ്ചീലി’ലും ഉണ്ടു; (അതായതു) ഒരു വിളപോലെ: അതു അതിന്റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തിൽനിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളിൽ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികൾക്കു അവർമൂലം കോപം പിടിപ്പിക്കുവാൻ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളർത്തികൊണ്ടുവന്നത്). അവരിൽ വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. 48:29 ഇവിടെ പറഞ്ഞ കൂടെ / മഅ’ / مع എന്നത് അനുസരണത്തോടും പിന്തുണയോടുമുള്ള അവരുടെ അനുസരണവും പിന്താങ്ങലുമായി നബിയോടൊപ്പം അവരുടെ ചേർന്നു നില്പാണെന്നാണ് തഹ്രീർ വ തൻവീറിൽ ശക്തിയുക്തം ശൈഖ് ഇബ്നു ആശൂർ (റഹ്) അഭിപ്രായപ്പെടുന്നു.
2- സഹായം എന്ന നിലയിൽ
നിങ്ങൾ അദ്ദേഹത്തെ [നബി യെ] സഹായിക്കുന്നില്ലെങ്കിൽ, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട് [അതുപോലെ, എനിയും അവൻ സഹായിക്കും]; (അതെ) രണ്ടുപേരിൽ ഒരാളായിക്കൊണ്ട് അദ്ദേഹത്തെ ആ അവിശ്വസിച്ചവർ (നാട്ടിൽനിന്ന്) പുറത്താക്കിയ സന്ദർഭത്തിൽ; അതായത്, അവർ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോൾ; (അതെ) അദ്ദേഹം തൻറെ ചങ്ങാതിയോട്: ‘വ്യസനിക്കേണ്ടാ – നിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്’ ( معنا ) എന്നു പറയുമ്പോൾ. അപ്പോൾ, അല്ലാഹു അദ്ദേഹത്തിന് തൻറെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ അവൻ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവൻ ഏറ്റം താണതാക്കുകയും ചെയ്തു. അല്ലാഹുവിൻറെ വാക്യം തന്നെയാണ് ഏറ്റം ഉന്നതമായത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു. 9:40
ഇവിടെ വന്ന മഅ’നാ / معنا സഹായം / പിന്തുണ എന്നയർഥത്തിലാണ്. അഥവാ പലായനവേളയിലും തുടർന്നും നേരെത്തെയുണ്ടായിരുന്ന ആ സഹായം തുടരുമെന്ന പ്രഖ്യാപനമാണതെന്നാണ് ഇമാം സഅദി (1889 -1956 CE) അഭിപ്രായപ്പെട്ടിട്ടുള്ളത്.
3 – അറിവ് എന്ന നിലയിൽ
നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവൻ അവരിൽ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവൻ അവരിൽ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാൾ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവൻ അവരോടൊപ്പമില്ലാതില്ല – معهم അവർ എവിടെയായിരുന്നാലും ശരി. പിന്നീട് അവർ പ്രവർത്തിച്ചതിനെപ്പറ്റി ഖിയാമത്തു നാളിൽ അവൻ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. 58:7
ഇവിടെ മഅ’ഹും / معهم എന്നാൽ അവനറിയുന്നു എന്നാണ് ഉദ്ദേശിച്ചത്. ഭൗതികമായ സാമിപ്യം എന്ന അർഥത്തിലല്ല.
4 – ഭൗതികാർഥത്തിലുള്ള അടുത്ത് (عند ) എന്ന നിലയിൽ
‘നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാൻ അവതരിപ്പിച്ചിട്ടുള്ളതിൽ വിശ്വസിക്കുകയും ചെയ്യുവിൻ. അതിൽ അവിശ്വസിക്കുന്ന ആദ്യത്തേവർ നിങ്ങളായിത്തീരരുത്. എൻറെ ‘ആയത്ത്’ [ദൃഷ്ടാന്തം] കൾക്ക് നിങ്ങൾ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിൻ.
ഇവിടെ മഅ’കും / معكم എന്നാൽ നിങ്ങളുടെ അടുത്തുള്ള / കൈവശമുള്ള എന്ന ഭൗതികാർഥത്തിലാണ്.
5 – മേൽ / ഉപരി എന്ന നിലയിൽ
അതായത് ‘ഉമ്മഉമ്മിയ്യാ’യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകനായ (ആ) റസൂലിനെ പിൻപറ്റുന്നവർക്കു [അവർക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത്]. (അതെ) അവരുടെ അടുക്കൽ തൗറാത്തിലും, ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർ കണ്ടുവരുന്ന ആളെ (പിൻപറ്റുന്നവർക്കു). അവരോടു അദ്ദേഹം സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യും. അവർക്കു അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരിൽനിന്നു അദ്ദേഹം (ഇറക്കി) വെക്കുക [ഒഴിവാക്കിക്കൊടുക്കുക]യും ചെയും.
അപ്പോൾ, യാതൊരുകൂട്ടർ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിൻപറ്റുകയും ചെയ്തുവോ, അക്കൂട്ടർത്തന്നെയാണു വിജയികൾ.
ഇവിടെ معه / മഅ’ഹു എന്നാൽ നബിക്ക് മേൽ അവതരിച്ച ഖുർആൻ എന്ന അർഥത്തിലാണെന്നാണ് ഇമാം ശൗകാനി (1173-1255 AH/ 1759-1839 CE) യുടെ പക്ഷം.
ഖുർആനിൽ പതിനെട്ട് വാക്യങ്ങളിലാണ് ഈ വാക്ക് സാമിപ്യം / മഇ’യ്യ: എന്ന അർഥത്തിൽ വന്നിട്ടുള്ളത്. അവയിൽ നാം മുകളിൽ പറഞ്ഞ അഞ്ചു അർഥങ്ങളിലൊന്നാണ് ദൈവശാസ്ത്രപരമായി സംഗതം .സർവശക്തനായ നാഥൻ അവന്റെ ദൂതന്മാരുമാരോടോ ചേർന്ന് ഭൗതിക ഭൂമിശാസ്ത്ര സാമിപ്യം എന്നയർഥത്തിലല്ലാതെ തന്നെ അവന്റെ അറിവും സ്നേഹവും കാരുണ്യവും വാത്സല്യവും കൊണ്ട് കൂടെയുണ്ടെന്നും അവൻ തന്റെ സൃഷ്ടികളെക്കുറിച്ച് ബോധവാനാണ് എന്നുമാണ് .അവർക്ക് സാക്ഷിയായും അവരെക്കുറിച്ചുള്ള അറിവേടെയും അടുത്തിരിക്കുന്നു എന്ന ബോധമുണ്ടാക്കുന്ന ഇഹ്സാനും മുറാഖബയുമുണ്ട് ; അതാവട്ടെ തൊട്ടടുത്ത് തന്നെ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന നാഥന്റെ സ്നേഹ സമീപത വിശ്വാസിക്ക് അനുഭവിക്കാനും ആസ്വദിക്കാനും കഴിയും.
ഫിർഔനും അവന്റെ പടയാളികളും തങ്ങളെ വളഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോഴും സമാധാനവും സംതൃപ്തിയും മാനസികമായ ശാന്തതയും ആത്മവിശ്വാസവും വീണ്ടെടുത്തു കൊണ്ടുള്ള ആ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണത് : (إنَّ معي ربِّي سيهدين ) ( الشعراء:62).
‘എന്റെ കൂടെ എന്റെ നാഥനുണ്ട്.’ ഇതിനേക്കാൾ കൂടുതൽ സാമീപ്യവും സാന്ത്വനവും ആത്മ പ്രതിരോധവും ശക്തമായി നമ്മെ പഠിപ്പിക്കുന്ന മറ്റൊരു രംഗം അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയുടെ പലായന വേളയിൽ സൗർ ഗുഹയിൽ അഭയം പ്രാപിച്ചപ്പോൾ പ്രഖ്യാപിച്ച
إن الله معنا 9:40 യിലുണ്ട്.
ഇപ്പറഞ്ഞ മഇ’യ്യ : അദൃശ്യമായ സാമീപ്യമെന്ന അർഥത്തിലാണ്. നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ ‘വഹ്-യു’ അനുസരിച്ചും നീ കപ്പൽ നിർമ്മിക്കുകയും ചെയ്യുക. അക്രമം പ്രവർത്തിച്ചവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീകരിക്കുക [എന്നോടപേക്ഷിക്കുക]യും ചെയ്യരുത്.നിശ്ചയമായും അവർ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.’ 11:37 എന്ന കല്പനയിൽ പറയാതെ പറയുന്ന മഇ’യ്യതാണ് ഉപരിസൂചിത ആയതുകളിൽ തുറന്നു പറയുന്നത്.
മൂസാ നബിയുടെ പ്രഖ്യാപനത്തിൽ ഇന്ന എന്ന പ്രത്യയത്തിനും റബ്ബീ എന്ന വിളംബരത്തിനുമിടയിലാണ് മഇ’യ്യതിന്റെ വെളിപ്പെടുത്തലെങ്കിൽ മുഹമ്മദ് നബിയുടെ പ്രസ്താവനയിലെ അല്ലാഹ് എന്ന അവലംബത്തെ അനുസ്മരിച്ചതിന് ശേഷമുള്ള മഇ’യ്യതിന്റെ ബോധ്യപ്പെടലാണ്. ആശയത്തിൽ സാദൃശ്യമുള്ള ഈ പ്രസ്താവനകളിലുൾ കൊള്ളുന്ന കാവ്യമീമാംസാന്തരം തഫ്സീറുകളിൽ വായിക്കാൻ കഴിയും.
റബ്ബ് നമ്മോടൊപ്പമുള്ളതിനാൽ ഏകാന്തത അനുഭവപ്പെടുന്നില്ല എന്ന പ്രഖ്യാപനമാണ് ഉപരി സൂചിത إن معي ربي യിലും إن الله معنا യിലുമുള്ളത്. തങ്ങളുടെ ഉടമ തങ്ങളുടെ കൂടെ നിന്ന് തങ്ങളെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന പ്രഖ്യാപനമാണവ.
പ്രവാചകന്മാമനുഭവിച്ച ദൈവിക സാന്നിധ്യത്തിന്റെ വെളിപ്പെടുത്തലാണ് നടേ പറഞ്ഞ ഹ്രസ്വ പ്രസ്താവനകൾ . അറിവ്, കേൾവി, കാഴ്ച, വലയം, ശക്തി, ആധിപത്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മഇ’യ്യത് പ്രതിസന്ധികളിൽ അവർക്കനുഭപ്പെട്ട ഇഹ്സാന്റെ കൃത്യമായ വിളംബരവും അടയാളപ്പെടുത്തലുമായിരുന്നു. ഈ മഇ’യ്യതാവട്ടെ ആപേക്ഷികമാണ് താനും . ( തുടരും)