റമദാനിലെ പരാജിതർ
സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്ന, നരകത്തിന്റെ കവാടങ്ങൾ അടയ്ക്കപ്പെടുന്ന, പിശാചുക്കളെ ബന്ധിച്ചിരിക്കുന്ന എന്നെല്ലാം ഹദീസുകളിൽ വിശേഷിപ്പിക്കപ്പെട്ട നന്മയുടെ സമൃദ്ധിയുള്ള അനുഗ്രഹീതമായ ഋതുക്കളിൽ ഒന്നാണ് റമദാൻ മാസമെന്ന് എല്ലാവർക്കും അറിയാം. ഖുർആൻ പഠനം,ദിക്ർ , ദുആ , ഇസ്തിഗ്ഫാർ , തൗബ എന്നിങ്ങനെ സകല രീതികളിലും വിശ്വാസികൾ കൂടുതലായി വ്യാപൃതരാവുന്ന കാലം കൂടിയാണിത്. നേരെമറിച്ച്, മറ്റൊരു കൂട്ടം ആളുകൾ കുശുകുശുപ്പിലും പരദൂഷണത്തിലും തങ്ങളുടെ സമയം പാഴാക്കുന്നു. മോശം പെരുമാറ്റം, അലസത, അസഭ്യം, അശ്ലീലം എന്നിവയിലൂടെ ഈ മാസത്തെ നഷ്ടപ്പെടുത്തി കളയുന്ന ചിലർ.
റമദാനിനെ , അതിലെ നന്മകളെ മൊത്തം നഷ്ടപ്പെടുത്തുന്ന ഒമ്പതു വിഭാഗത്തെ ലളിതമായി വിവരിക്കുകയാണിവിടെ. അവരിൽ പെടാതിരിക്കാനുള്ള സൂക്ഷ്മതക്ക് അത് നമ്മെ സഹായിക്കും.
1- കാപട്യത്താലോ കേവല വളർത്തു ശീലം കൊണ്ടോ നോമ്പെടുക്കുന്ന വിഭാഗം. വിശ്വാസത്താലും പ്രതിഫലകാംക്ഷയാലും ചെയ്യേണ്ട നോമ്പെന്ന സോദ്ദേശ്യ കർമത്തിന്റെ ചൈതന്യത്തിലേക്ക് എത്താൻ കഴിയാത്ത ദുർഭഗരാണവർ.. (ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും റമദാൻ വ്രതം അനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടും) ഹദീസ് ..
അഥവാ അവ രണ്ടിന്റേയും അഭാവം അവരുടെ കർമത്തെ പാഴാക്കി കളഞ്ഞു. എല്ലാ പകലും പട്ടിണി കിടന്നു ഒരു മാസം നഷ്ടപ്പെടുത്തുന്നവർ ..
2- രാത്രികളിലെ സ്വാഭാവിക അലസത കൊണ്ടും ആരാധനാ കർമ്മങ്ങൾ ചെയ്യാനുള്ള ആവേശമില്ലായ്മ കൊണ്ടും രാത്രി നമസ്കാരം ( ഖിയാമുല്ലൈൽ ) ബോധപൂർവ്വം ഉപേക്ഷിക്കുന്നവരാണ് മറ്റൊരു വിഭാഗം. (ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും റമദാൻ രാത്രികളിൽ നിന്നു നമസ്കരിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടും) ഹദീസ് ..
നന്മകളുടെ വസന്തകാലത്തും അലസതകാരണം തനിക്ക് ലഭിച്ച സന്ദർഭം നഷ്ടപ്പെടുത്തിയവനെക്കാൾ വലിയ പരാജിതനാര് ?!
3 -മോശം സ്വഭാവങ്ങളിൽ ഉറച്ചുനിൽക്കുന്നവർ . ആരുടെ നോമ്പ് നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല എങ്കിൽ അവൻ വെറും പകൽ പട്ടിണിക്കാരൻ . (ആരെങ്കിലും തെറ്റായ സംസാരവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനവും അറിവില്ലായ്മയും ഉപേക്ഷിക്കുന്നില്ല എങ്കിൽ അവന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കാൻ അല്ലാഹുവിന് യാതൊരാവശ്യമില്ല) ഹദീസ്
4- പകൽ മുഴുവൻ ഉറക്കത്തിലും അശ്രദ്ധയിലും ഈ മാസത്തെ പാഴാക്കി കളയുന്നവർ . സ്ഥിരമായി കാണുന്ന ചാനലുകൾ ഒന്നൊഴിവാക്കാതെ
പിന്തുടർന്നും ദൈവസ്മരണ മറപ്പിച്ച് കളയുന്ന ധിക്കാരപരമായ പാട്ടുകൾ കേട്ടും സിനിമ / നാടകങ്ങൾ കണ്ടും രാപകൽ ഭേദമില്ലാതെ
സമയം കത്തിച്ചു കളയുന്നവർ .. ( വിശപ്പും ദാഹവും മാത്രം ലഭിക്കുന്ന എത്ര നോമ്പുകാരുണ്ട് !! ഉറക്കം നഷ്ടപ്പെടുത്തുന്ന
എത്ര നമസ്കാരക്കാരും ) ഹദീസ് ..
അവർ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും അവർ മാത്രമാണ് ഉത്തരവാദിയാണെന്ന് അവരറിയുന്നില്ല.
നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അതാതിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (17:36 )
അവന് അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?! ( 96: 14)
5- പകലിൽ നോമ്പിന്റെ പേരിൽ പട്ടിണി കിടന്നിട്ട് നിർബന്ധമായ നമസ്കാരങ്ങൾ മുടക്കുന്ന കൂട്ടർ.
കൂട്ടത്തിൽ ഏറ്റവും ഭാഗ്യം കെട്ടവർ !! അവര്‍ നമസ്കാരം പാഴാക്കികളയുകയും, സ്വേച്ഛകളെ പിന്തുടരുകയും ചെയ്തു: അതിനാല്‍ അവര്‍ ദുര്‍മ്മാര്‍ഗ്ഗ(ഫലം) പുറകെ കണ്ടെത്തുന്നതാണ്- ഖുർആൻ 19:59.
പകുതി മുസ്ലിം ആകുവാനുള്ള പ്രിവിലേജ് അല്ലാഹു ആർക്കും നല്‍കിയിട്ടില്ല.
6- ലൈംഗിക ചുവയുള്ള വർത്തമാനങ്ങൾ, പ്രവർത്തികൾ,നുണ പറയൽ, പരദൂഷണം, കുശുകുശുപ്പ്, അസൂയ, പരിഹാസം, അശ്ലീലപ്രകടനങ്ങൾ തുടങ്ങിയ അധാർമ്മികകളാൽ മനഃപൂർവം നോമ്പ് നശിപ്പിക്കുന്നവർ. ഇക്കൂട്ടരും നിർവഹിക്കുന്നത് നിരാഹാര വ്യായാമം മാത്രമാണ്. റമദാൻ ഒരു ഫലവും വരുത്താത്ത മഹാ നഷ്ടകാരികൾ . ഉപരിസൂചിത ആദ്യ ഹദീസുകളിൽ അതിലേക്കുള്ള സൂചനകൾ എമ്പാടുമുണ്ട് .
7- റമദാൻ മാസാരംഭത്തിൽ കഠിനമായി പ്രയത്നിക്കുകയും ഖുർആൻ പാരായണം, തൗബ എന്നിവയിൽ ആവേശത്തോടെ തുടങ്ങി ശേഷം
പെട്ടെന്ന് ആവേശം മങ്ങിയവർ. തുടർന്ന് അവരുടെ ജീവിതം തീർത്തും യാന്ത്രികമാവും.വ്യർഥതയുടെയും നഷ്ടത്തിന്റെയും ദിവസങ്ങളാവും അവർ തള്ളി നീക്കുന്നത്. അക്കൂട്ടത്തിൽ ചിലരെങ്കിലും റമദാൻ മാസത്തിലെ അവസാനത്തെ പകൽ വരെയെല്ലാം ആ ഒഴുക്കിൽ പോവുകയും പെരുന്നാൾ രാവിന് തന്നെ വഴിമാറുകയും ചെയ്യും. ഒരുതരം സീസണൽ ഇസ്ലാമിന്റെ ആളുകൾ ..
പിരിമുറുക്കി ഉറപ്പുണ്ടായശേഷം തന്റെ നൂല് പിരി ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയിത്തീരരുത് (16:92)
8- റമദാനിൽ പോലും ഖുർആനുമായി ഒരു ബന്ധവുമില്ലാത്ത ജീവിതം നയിക്കുന്നവർ . ഖുർആനിലെ അക്ഷരങ്ങൾ മാത്രം ഓതിത്തീർക്കുന്ന വ്യഗ്രതയാൽ പറയുന്നതെന്തെന്ന് പോലും അറിയാൻ ശ്രമിക്കാത്തവരും വാസ്തവത്തിൽ അത്തരക്കാരാണ്.
അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! അതല്ല, ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍ ഉണ്ടോ?! (47:24) എന്നും
റസൂല്‍ പറയുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!’. (25:30) എന്നും വിശേഷിപ്പിക്കപ്പെടുന്നവർ ..
9 – ദൈവപ്രീതിക്കായി പണം ചെലവഴിക്കാൻ പിശുക്ക് കാണിക്കുന്നവർ . വിശക്കുന്നവർക്ക് ഭക്ഷണം നൽകാനോ നോമ്പ് തുറപ്പിക്കാനോ അഗതിക്ക് വസ്ത്രം നല്‍കാനോ ലുബ്ധ് കാരണം ഭാഗ്യം ലഭിക്കാത്തവർ. ചെലവഴിക്കുന്നില്ല എന്ന് മാത്രമല്ല ചെലവഴിക്കുന്നവരെ അതിൽ നിന്നും തടയുക കൂടി ചെയ്യുന്നു.
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങൾക്ക് അല്ലാഹു തൻറെ ഔദാര്യം കൊണ്ട് നൽകിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവർ. ആ നന്ദികെട്ടവർക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്. (4:37)
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1