റമദാൻ മാസം നൽകുന്ന പാഠങ്ങൾ

മുസ്ലിംങ്ങളെ സംബന്ധിച്ചേടുത്തോളം റമദാൻ മാസം നോമ്പിൻറെ മാസമാണ്. റമദാൻ ഒരു അതിഥിയെ പോലെ കടന്ന് വരുകയും ഒട്ടേറെ സമ്മാനങ്ങൾ നമുക്ക് നൽകി അത് വിടപറയുകയും ചെയ്യുന്നു. ഏത് കാര്യത്തിൽ നിന്നും വിട പറയുന്നത് താൽകാലികമായിട്ടെങ്കിലും ദു:ഖസാന്ദ്രമായ നിമിഷങ്ങളാണ്. റമദാനിനെ ഒരു ജൈവിക സത്തയുള്ള അസ്ഥിത്വം പോലെയാണ് നമ്മുടെ പൂർവ്വികർ മുതൽ അതിനെ ആദരിച്ച് വരുന്നത്. അത്കൊണ്ടാണ് മുമ്പു മുതലെ അതിനെ അതിഥി എന്ന് വിശേഷിപ്പിക്കുന്നത്.
കല കലക്ക് വേണ്ടി എന്ന് പറയുന്നത് പോലെ നിരർത്ഥകമാണ് ആരാധനകൾ ആരാധനക്ക് വേണ്ടി എന്ന് പറയുന്നത്. ഇസ്ലാമിൽ ഒരു ആരാധനയും/കർമ്മവും കർമ്മത്തിനായി ചെയ്യാറില്ല. കൃത്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയായിരിക്കണം അവ നിർവ്വഹിക്കപ്പെടേണ്ടത്. അതിനാൽ ഇസ്ലാമിൽ എല്ലാ ആരാധനയും/കർമ്മത്തിലും നിയ്യത് അഥവാ ഉദ്ദേശ്യം പ്രധാനമാണെന്ന് ഊന്നി പറയുന്നത്. “ഉദ്ദേശ്യത്തെ പറ്റി എപ്പോഴും ഓർമ്മ ഉണ്ടാവണം. ചെയ്യുന്നത് എന്താണ് എന്നറിയുക. എന്തിനാണത് ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണമെന്ന്’ അലീ ശരീഅത്തി തൻറെ ഹജ്ജ് എന്ന കൃതിയിൽ എഴുതീട്ടുണ്ട്.
വിത്യസ്ത തരത്തിലുള്ള ഉപവാസം എല്ലാ ലോക മതങ്ങളിലും കാണാൻ കഴിയുന്ന പൊതുഘടകമാണെന്ന് പറയാം. പ്രാർത്ഥനകൾ, ധർമ്മം ചെയ്യൽ, തീർത്ഥാടനം, ആഘോഷങ്ങൾ തുടങ്ങിയവ പോലെ എല്ലാ പ്രധാന മതങ്ങളുടേയും പൊതുഘടകമാണ് ഉപവാസവും. അനുഷ്ടാനത്തിൽ വിത്യാസവും വൈവിധ്യവുമുണ്ടെങ്കിലും. ഏറ്റവും ശാസ്ത്രീയവും തീവ്രവും കൃത്യവുമായ ഉപവാസ രീതി ഇസ്ലാം മുന്നോട്ട്വെക്കുന്ന ഉപവാസ രീതിയാണെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുക മാത്രമല്ല അത് അവർ അനുഷ്ടിക്കുകയും ചെയ്യുന്നു.
ഏകദേശം പതിനാല് മണിക്കൂറുകളോളം അന്ന പാനീയങ്ങളും ഭോഗങ്ങളും ഉപേക്ഷിക്കലാണ് ഇസ്ലാമിലെ ഉപവാസത്തിൻറെ ചട്ടക്കൂട്. പ്രത്യക്ഷത്തിൽ ഇത് പീഡനമാണെന്ന് തോന്നാമെങ്കിലും അത് ഒരിക്കലും പീഡനമാവുന്നില്ല. കാരണം രോഗികൾക്കും യാത്രക്കാർക്കും മറ്റു പ്രയാസപ്പെടുന്നവർക്കും നോമ്പിൽ ഇളവ് നൽകിയത് അത്കൊണ്ടാണ്. മാത്രമല്ല പട്ടിണി കിടക്കുന്നതിലൂടെയും ഭോഗതൃഷ്ണ ഉപേക്ഷിച്ചതിലൂടെയും മാത്രം നോമ്പ് ലക്ഷ്യം വെക്കുന്ന മഹത്തായ പ്രതിഫലം ലഭിക്കാത്തതും വൃതം പീഡനമല്ലാത്തത്കൊണ്ടാണ്.
അപ്പോൾ റമദാൻ നൽകുന്ന സുപ്രധാനമായ പാഠങ്ങൾ എന്താണ്? അത് എങ്ങനെ നമ്മുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും കാരണമാവുന്നു? അതിൽ പ്രധാനപ്പെട്ടതാണ് അച്ചടക്കം. ഒരു നിമിഷംപോലും തെറ്റാതെ നിർണ്ണിതമായ സമയത്തു അന്ന പാനീയങ്ങൾ ഉപേക്ഷിക്കുകയും അതേ കൃത്യതയോടെ അത് പുനരാരംഭിക്കുകയും ചെയ്യുന്നത് അച്ചടക്കം പാലിക്കാനുള്ള പരിശീലനമാണ്. ആരോഗ്യം, സമ്പത്ത്, വിദ്യാഭ്യാസം, ആത്മീയം, കായികം തുടങ്ങി ഏത് രംഗത്തും പുരോഗതി കൈവരിക്കാൻ അച്ചടക്കം അനിവാര്യമാണ്. എല്ലാ വികസന പ്രവർത്തനങ്ങളുടേയും സന്തോഷകരമായ ജീവിതത്തിൻറെയും അടിസ്ഥാനം അച്ചടക്കമാണ്.
റമദാൻ നൽകുന്ന സിവിശേഷമായ മറ്റൊരു പാഠം സ്വഭാവ നിർമ്മിതിയാണ്. അനാവശ്യമായ വാക്കും പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അന്നപാനീയങ്ങൾ ഉപേക്ഷിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് അരുളിയത് നബി തിരുമേനിയാണ്. സ്വഭാവം ശക്തിയാണ്. യുദ്ധത്തിൽ തോൽക്കുമ്പോൾ പോലും ജയിക്കാൻ പ്രാപ്തമാക്കുന്ന ശക്തി. എല്ലാ വെളിച്ചവും അണഞ്ഞുപോയാലും ജ്വലിച്ചുനിൽക്കുന്ന പ്രകാശമാണ് സദ്സ്വഭാവം. കവർച്ചക്കാർക്ക് അപഹരിക്കാൻ കഴിയാത്ത ഒരേ ഒരു അമൂല്യനിധിയാണ് സ്വഭാവം. ഇസ്ലാമിൻറെ മുഖ്യ പ്രവർത്തന മേഖല മനുഷ്യ സ്വഭാവ നിർമ്മിതിയാണ്. സ്വഭാവത്തിൽ മികച്ചു നിൽക്കുന്ന ഒരു ജനതയെ കീഴടക്കുക സാധ്യമല്ല. പരലോകത്ത് വിജയിക്കുന്നതിനും സദ്സ്വഭാവം പ്രധാനം തന്നെ.
റമദാൻ നൽകുന്ന മറ്റൊരു പാഠം വിശുദ്ധ ഖുർആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. ഖുർആനിനെ ഒഴിവാക്കി റമദാനൊ, റമദാനിനെ ഒഴിച്ചു നിർത്തി ഖുർആനിനെ കുറിച്ചൊ ചിന്തിക്കുക അസാധ്യം. റമദാനിൽ ഖുർആൻ ഒരക്ഷരം പാരായണം ചെയ്താൽ പത്ത് മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കുന്നു. പാരായണം ചെയ്യുന്നത് ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം. അല്ലാഹുവുമായി നമ്മെ ബന്ധിപ്പിക്കുന്ന പാശമാണ് ഖുർആൻ. ഉമർ (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: അല്ലാഹു ഈ വേദം പുസ്തകം ഉപയോഗിച്ച് ചിലരെ ഉയർത്തുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യന്നു.”
റമദാൻ വ്യക്തിപരമായ ഒരു അനുഭവം എന്നതിനെക്കാളുപരി സാമൂഹികമായ ഒത്തുചേരൽ കൂടിയാണ്. എല്ലാവരും ഒരേ സമയം നോമ്പനുഷ്ടിക്കുകയും ഒന്നിച്ച് നോമ്പ് തുറക്കുകയും ഒന്നിച്ച് നമസ്കരിക്കുകയും ചെയ്യുന്ന രംഗം എത്ര മനോഹരമാണു. ഇതെല്ലാം നമ്മൾ ഒന്നാണെന്ന ബോധം സൃഷ്ടിക്കുന്നു. ഓരോ നോമ്പും അവിസ്മരണീയ അനുഭവങ്ങളാണ്. ഒറ്റപ്പെട്ട മനുഷ്യൻറെ ശക്തി എണ്ണികണക്കാക്കാൻ കഴിഞ്ഞേക്കുമെങ്കിലും, ഒരു സമൂഹത്തിൻറെ ഒത്തൊരുമിച്ച മുന്നേറ്റത്തെ അളക്കാൻ കഴിയില്ല.
ആദ്രതയുടെ, സാഹോദര്യത്തിൻറെ, സൗഭ്രാത്രത്തിൻറെ മാസമാണ് റമദാൻ. മറ്റുള്ളവരുടെ വിഷപ്പിൻറെ വേദന സ്വയം അനുഭവിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കുന്നു. ഇത് ഏത് കഠിന ഹൃദയിയേയും കൂടുതൽ ആദ്രചിത്തനാക്കും. മറ്റൊരു മതത്തിൻറെ ഉപവാസത്തിലും ഇത്തരത്തിലുള്ള തീവ്രമായ പരിശീലനം ലഭിക്കുമെന്ന് തോന്നുന്നില്ല. ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ. ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുമെന്ന് പ്രവാചകൻ അരുളുകയുണ്ടായി.
ഇവിടെ സൂചിപ്പിച്ചതും അല്ലാത്തതുമായ എല്ലാ സദ്ഗുണങ്ങൾക്കും ഇസ്ലാമിലെ സാങ്കേിതക ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് തഖ് വ. ദൈവിക ശക്തിയിൽ പ്രതീക്ഷയും ഭയവും ഉൾചേർന്ന അവബോധമാണ് തഖ് വ. ദുർബലനായ ഈ അടിമയെ എൻറെ രക്ഷിതാവ് കൈവെടിയുകയില്ല. അവൻ എൻറെ പ്രാർത്ഥന സ്വീകരിക്കും എന്ന പ്രതീക്ഷയും, താൻ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്ന ഭയവുമാണ് ആ അവബോധം.
തഖ് വ ബോധം പരിശീലിപ്പിക്കുകയാണ് റമദാൻ ലക്ഷ്യംവെക്കുന്നത്. അതാകട്ടെ അല്ലാഹു താനിഛിക്കുന്നവർക്ക് മാത്രം നൽകുന്ന മഹത്തായ സമ്മാനവും. സ്വർഗ്ഗ പ്രവേശവും ഐഹിക വിജയവും കരസ്ഥമാക്കാനുള്ള സമ്മാനം. ആ സമ്മാനവുമായിട്ടാണ് റമദാൻ നമ്മിലേക്ക് ആഗതമായിട്ടുള്ളത്. അത് ഒരു അലങ്കാരമായി കൊണ്ട്നടക്കുന്നതിലല്ല വിജയം. മറിച്ച് തഖ് വ എന്ന വെളിച്ചം ഉപയോഗിച്ച് ജീവിതത്തിൻറെ ഇരുളടഞ്ഞ പാതകളിലൂടെ മുന്നേറിയാൽ ഇഹപരലോകത്തും വിജയിക്കാൻ കഴിയും. ആ തഖ്വയിലൂടെയായിരുന്നു പ്രവാചകനും അനുചരന്മാരും ശത്രുക്കളെ കീഴ്പ്പെടുത്തിയതും വിജയം നേടിയതും.