എന്താണ് റമദാൻ വ്രതങ്ങളുടെ സന്ദേശം?
വിവിധ ഭൂഖണ്ഡങ്ങളിലുള്ള മുസ് ലിംകൾ ഒന്നടങ്കം പരിശുദ്ധ റമദാൻ മാസത്തിൽ പകൽ മുഴുവൻ അന്നപാനീയങ്ങൾ വെടിഞ്ഞും ദേഹേഛകൾ നിയന്ത്രിച്ചും വ്രതം ആചരിക്കുന്നതിൻ്റെ അടിസ്ഥാനം ദിവ്യ വചനങ്ങളായ വിശുദ്ധ ഖുർആൻ അവതരണത്തിൻ്റെ ഉദ്ഘാടനം നടന്നത് റമദാൻ മാസത്തിലാണ് എന്നതു കൊണ്ടത്രെ.
മക്കയിൽ ഹിറാ ഗഹ്വരത്തിൻ്റെ ഏകാന്ത മൗനത്തിൽ ധ്യാനനിരതനായിരുന്ന അന്ത്യ പ്രവാചകൻ മുഹമ്മദിൻ്റെ (സ) ഹൃദയത്തിലേക്കായിരുന്നു ദിവ്യ വചസ്സുകളുടെ വെളിച്ചം പെയ്തിറങ്ങിയത്!
ഖുർആൻ അവതരിച്ചത് ഏതെങ്കിലും ഒരു സമുദായത്തിനോ ദേശത്തിനോ അല്ല. പ്രത്യുത സർവ്വ മനുഷ്യരിലേക്കും സർവ്വകാലത്തേക്കുമാണ്. “ഹേ! മനുഷ്യേരേ” എന്നാണ് ഖുർആനിൻ്റെ അഭിസംബോധന.
മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നത്. വംശ, വർഗ വിവേചനങ്ങളെയും ജാതീയ ഉച്ചനീചത്വങ്ങളെയും ഖുർആൻ കഠിനമായി നിരാകരിക്കുന്നു.
ഖുർആനിൻ്റെ നട്ടെല്ലും നങ്കൂരവും ഏകദൈവാദർശം (തൗഹീദ്) ആണ്. പ്രപഞ്ചത്തെയും മനുഷ്യരുൾപ്പെടെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചതും അവയ്ക്ക് മാർഗനിർദ്ദേശം നൽകുന്നതും അവയെ മരിപ്പിക്കുന്നതും മരണാനന്തരം പുനരുജ്ജീവിപ്പിക്കുന്നതും ഏക ദൈവമാകുന്നു. സാക്ഷാൽ ദൈവത്തിന് ഒരിക്കലും പുത്ര കളത്രാദികളോ കൂട്ടു കുടുംബങ്ങളാ ഇല്ല.
ദൈവ സൃഷ്ടിപ്പിലെ ഉന്നതൻ ബുദ്ധിയും തിരിച്ചറിവും നൽകപ്പെട്ട മനുഷ്യനാണ്. ദൈവം / അല്ലാഹു മനുഷ്യനെ ഉദ്ദേശ്യപൂർവ്വം തൻ്റെ പ്രതിനിധി ആയാണ് ഈ ലോകത്തേക്കയച്ചത്. വിശ്വാസ-കർമ – സ്വഭാവങ്ങളിലെല്ലാം നന്മയുടെയും നീതിയുടെയും പക്ഷത്തുനിൽക്കുന്ന മനുഷ്യർക്കഖിലം ഈ ലോകത്ത് ശാന്തിദായകമായ ജീവിതവും മരണാനന്തരം സ്വർഗത്തിലെ നിത്യവാസവും ഖുർആൻ വാഗ്ദാനം ചെയ്യുന്നു. ധിക്കാരികൾക്ക് കടുത്ത നരക ശിക്ഷയും ലഭിക്കും. ഇതാണ് ഖുർആനിൻ്റെ പ്രപഞ്ച / ജീവിത വീക്ഷണം. പരിശുദ്ധ റമദാൻ ഈ വസ്തുതകൾ നമ്മെ ഓർമപ്പെടുത്തുന്നു.
വ്യക്തി സംസ്കരണം, കുടുംബ സംവിധാനം, സാമ്പത്തിക രൂപീകരണം, രാഷ്ട്ര നിർമാണം എന്നിങ്ങനെ സമഗ്ര ശോഭയുള്ള ജീവിത പദ്ധതിയാണ് ഖുർആൻ വിഭാവന ചെയ്യുന്നത്. അതിലൊക്കെയും മുന്നേറണം. അധർമങ്ങൾക്കെതിരെ സമാധാനപരമായ പോരാട്ടങ്ങൾ നടത്തണം. അവ്വിധമുള്ള ആത്മ / ആദർശ സഹന, സമര പരിശീലനക്കാലം കൂടിയാണ് നോമ്പിൻ്റെ രാപ്പകലുകളും അവയിലെ നമസ്കാരങ്ങളും പ്രാർത്ഥനകളും സേവന പ്രവർത്തനങ്ങളുമെല്ലാം!
കീഴാള പക്ഷ മനുഷ്യരുടെ മോചനം ഖുർആനിൻ്റെ മുഖ്യ പ്രമേയങ്ങളിലൊന്നാണ്. പലിശ നിർമാർജ്ജനവും സകാത്ത് സംവിധാനവുമാണ് അതിനുള്ള പ്രധാന ടൂളുകൾ.
വിവിധ കാലങ്ങളിലായി ദൈവദൂതന്മാർ വഴി ഒട്ടേറെ വേദഗ്രന്ഥങ്ങൾ മനുഷ്യ രാശിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പിൽക്കാലങ്ങളിൽ സ്വാർത്ഥംഭരികളായ പൗരോഹിത്യം അവയിലെല്ലാം മാറ്റത്തിരുത്തലുകൾ വരുത്തി! എന്നാൽ വിശുദ്ധ ഖുർആൻ ഒരിക്കലും മനുഷ്യ കയ്യേറ്റങ്ങൾക്ക് വിധേയമായിട്ടില്ല.
അല്ലാഹു ഖുർആനിൻ്റെ സംരക്ഷണം സ്വയം ഏറ്റെടുത്തതായി ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് (15: 9 )
അമാനുഷികഗ്രന്ഥം എന്ന നിലയിൽ ഖുർആൻ എന്നും നമ്മെ അമ്പരിപ്പിക്കുന്നു.
ഖുർആനിൻ്റെ ശാസ്ത്രസമീപനം, സാഹിതീ സൗന്ദര്യം, അതുല്യമായ സാമ്പത്തിക സംവിധാനം… തുടങ്ങിയവയെ പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ പഠിച്ചവരിൽ പലരും ഖുർആനിൻ്റെ വെളിച്ചം ഉൾക്കൊണ്ട് ഇസ് ലാം സ്വീകരിച്ചു.
( റജാഗരോഡി, ഡോ: മോറീസ് ബുക്കായ്, മുഹമ്മദ് അസദ്, അലി ഇസ്സത്ത് ബെഗോവിച്ച്, കാറ്റ് സ്റ്റീഫൻസൻ, മുഹമ്മദലി ക്ലേ, ഗേരി മില്ലർ, എറിക് എ.വിംഗിൾ, മർമഡ്യൂക് പിക് താൾ, ഫാദർ ബെഞ്ചമിൻ കെൽദാനി, ചാൾസ് ഈറ്റൺ, ജെഫ്രി ലാംഗ്, മുറാദ് ഹോഫ്മെൻ, മാൽകം എക്സ്, മർയം ജമീല, യിവോൺ റിഡ്ലി, കരോൾ എൽ.ആൻവി, ലോറൻ ബൂത്ത്, സ്വാമി ശക്തി സ്വരൂപ്, അബ്ദുല്ല ഗാന്ധി, ഓമൽ കൃപലാനി, നാഥുറാം, കെ.എൽ ഗൗബ, അബ്ദുല്ല അടിയാർ, മാധവിക്കുട്ടി, ടി.എൻ ജോയ്… ഏറെ നീട്ടാവുന്നതാണ് വിശുദ്ധ ഖുർആനിൻ്റെ തണലിലേക്കു മനംമാറിയ ആധുനിക കാലത്തെ പ്രമുഖരുടെ പട്ടിക!)
“ഇതൊരു പ്രൗഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും ഇതിൽ മിഥ്യ വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായവനിൽ നിന്ന് അവതരിച്ചതാണിത്” (ഖുർ: 41:41-42)
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1