ആസ്ത്രേലിയൻ നോമ്പനുഭവങ്ങൾ
ഞാൻ ഇപ്പോൾ എഴുതുന്നത് ലോകത്തിലെ ആറാമത്തെ രാജ്യവും, ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നാമത്തെതുമായ മൈൽബണിൽ നിന്നാണ്. കേവലം രണ്ട് ശതമാനം മാത്രം മുസ്ലിംകൾ അധിവസിക്കുന്ന ഈ രാജ്യത്ത് മുസ്ലിംകൾക്ക് അവരുടെ മതപരമായ ചിഹ്നങ്ങൾ ഉയർത്തിപ്പിടിക്കാനും അതനുസരിച്ച് ജീവിക്കുവാനുള്ള എല്ലാ സഹായ സംവിധാനങ്ങളും ഈ രാജ്യം ചെയ്ത് കൊടുക്കുന്നുണ്ട്.
ഇസ്ലാമിക ചരിത്രത്തെ അനുസ്മരിപ്പിക്കും വിധം ഒരു സംഭവം ഞാൻ ഓർത്തുപോവുകയാണ് 2008-ലെ ബ്രിസ്ബൈനിൽ (ക്യൂൻസിലാൻഡ്) വെച്ച് നടന്ന ചെറിയ പെരുന്നാൾ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയ ആസ്ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റെഡ് വേദിയിലെത്തി അഭിസംബോധന ചെയ്ത് സംസാരിക്കാൻ ആരംഭിച്ചപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേൽക്കുകയും ഇത് താങ്കൾക്ക് സംസാരിക്കാൻ അനുവദിക്കപ്പെട്ട സമയം ആയിട്ടില്ല എന്നും താങ്കളുടെ അവസരം വരുന്നതുവരെ ദയവായി ഇരിക്കുവാനും ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തന്റെ സീറ്റിലിരിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ അവസരം വന്നപ്പോൾ ക്ഷമാപണത്തോട് കൂടിയാണ് അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങിയത്. മുസ്ലിം രാജ്യങ്ങളിൽ പോലും കാണാൻ കഴിയാത്ത ഭരണാധികാരികളോട് പോലും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട് എന്നുള്ളതാണ് ഇത് നമ്മെ ഓർമപ്പെടുത്തുന്നത്.
കുടുംബസമേതം ആസ്ത്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ജുമുഅ നമസ്കാരവും, ഇഫ്താർ സംഗമവും പെരുന്നാൾ നമസ്കാരവുമൊക്കെ ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു അനുഭവം മാത്രമായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. സൗത്ത് ആസ്ത്രേലിയയിലെ അഡിലേക്കാണ് ഞങ്ങൾ പോയത്. അവിടെ മുസ്ലിം കുടുംബങ്ങൾ പോയിട്ട് മലയാളികളെ വരെ കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ട് തന്നെയാവണം ഇങ്ങനെയൊരു വിശ്വാസം എന്നിൽ ജനിപ്പിച്ചത്.
”ഗൾഫ് രാജ്യങ്ങളിൽ എത്രയെത്ര സ്ഥലങ്ങളുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണ് ആളും മനുഷ്യനൊന്നുമില്ലാത്ത ആസ്ത്രേലിയായിലേക്ക് പോവുന്നത്.” അടക്കിപ്പിടിച്ചിരുന്ന ഉമ്മയുടെ വിഷമം പൊട്ടിക്കരച്ചിലിലേക്ക് എത്തിയപ്പോഴാണ് വിസക്ക് അപേക്ഷിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. ഒരുപാട് സ്വപ്നങ്ങളും നീണ്ട രണ്ട് വർഷത്തെ പ്രയത്നവുമൊക്കെ ഓർക്കുമ്പോൾ ഉപേക്ഷിക്കാനും കഴിയാത്ത വലിയ മാനസിക സംഘർഷത്തിനടിമപ്പെട്ട ദിനരാത്രങ്ങൾ. ഇടക്കിടെ മാറിച്ചിന്തിക്കാനുളള ഭാര്യ ഫാത്തിമയുടെ ഇടപെടൽ കൂടിയായപ്പോൾ മാനസിക സംഘർഷം മൂർഛിച്ചു. എന്നാൽ പിന്നീട് തന്റെ പ്രയത്നങ്ങൾ കണ്ട് മനസ്സിലാക്കിയതിനാലാവണം അവൾ പൂർണ പിന്തുണ നൽകി. എല്ലാം ദൈവത്തിലർപ്പിച്ച് അഡിലേക്ക് യാത്രയായി. കൂടെ ഏഷ്യാനെറ്റിൽ ഒന്നിച്ച് ജോലിചെയ്തിരുന്ന ഉണ്ണികൃഷ്ണനും ഉണ്ടായത് വലിയ സഹായമായി.
സൗത്ത് ആസ്ത്രേലിയ ഗവൺമെന്റിന്റെ സൗജന്യ സേവനമായ മീറ്റ് & ഗ്രേറ്റിൽ രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഞങ്ങളെ സ്വീകരിക്കാൻ തന്റെ പേര് എഴുതിയ നെയിം ബോർഡ് പിടിച്ച് എയർപോർട്ടിൽ നിൽക്കുന്ന ആസ്ട്രേലിയൻ വനിതയോടൊപ്പം ഞങ്ങൾക്ക് അനുവദിച്ചുതന്ന വീട്ടിലേക്ക് പോയി. പോകുന്ന വഴിക്കെല്ലാം അവർ ആസ്ട്രേലിയയെ കുറിച്ച് വാചാലയായി. അവർ പറയുന്നതൊന്നും മനസ്സിലാവാത്തതുകൊണ്ട്. യാ യാ എന്ന രണ്ട് വാക്കുകൊണ്ട് ഒരുവിധം പിടിച്ചുനിന്നു. അപ്പോഴാണ് സത്യത്തിൽ ഞാനെങ്ങനെയാണ് കഋഘഠട എന്ന ഇംഗ്ലീഷ് പരീഷ പാസ്സായത് എന്ന് ഓർത്തുപോയത്. പിന്നീട് കണ്ട എന്നെക്കാൾ വിദ്യാസമ്പന്നരായവരുടെ അനുഭവം കേട്ടപ്പോഴാണ് എനിക്ക് മാത്രമല്ല ആദ്യമായി വരുന്ന ഏവർക്കും ഉണ്ടായ വിഷമമാണ് ആസ്ട്രേലിയക്കാരുമായുള്ള സംസാരം എന്ന് ബോധ്യമായത്.
അഡിലൈഡിൽ വന്നിറങ്ങിയതിന് ശേഷം ജോലി അന്വേഷണവുമായി ബന്ധപ്പെട്ട് ജോബ് സെർച്ച് നെറ്റ്വർക്ക് സെന്ററിൽ ഞാനും ഉണ്ണിയും സംസാരിക്കുന്നത് കേട്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ”മലയാളിയാണല്ലെ?” അദ്ദേഹം ചോദിച്ചു. ”അതെ” ഞാൻ മറുപടി പറഞ്ഞു.
”ഞാൻ മഹറൂഫ്. കോഴിക്കോട്ട് നിന്നാണ്.” അപ്പോഴാണ് ഞങ്ങളുടെ ശ്വാസമൊന്ന് നേരെ വീണത്.
തുടർന്ന് അദ്ദേഹം ആരെയൊ ക്കെയോ വിളിക്കുന്നതും ഞങ്ങളെക്കുറിച്ച് പറയുന്നതും കേട്ടു. ഫോൺ നമ്പർ വാങ്ങി വൈകുന്നേരം ഭാര്യ ഷഹീറയുമായി വീട്ടിലെത്തി. ആകെ എട്ട് മലയാളി മുസ്ലിം കുടുംബങ്ങളാണ് അഡിലൈഡിലുണ്ടായിരുന്നത്. അവർ ഓരോരുത്തരായി ഞങ്ങളെ കാണാൻ വന്നുതുടങ്ങി. എല്ലാവർക്കും വലിയ സന്തോഷമാണ്. മലയാളത്തിൽ സംസാരിക്കാൻ മലയാളിതന്നെ വേണമല്ലോ. കോഴിക്കോട് നിന്നുള്ള ഷബീറും ഭാര്യ ഷഹർബാനും ഞങ്ങളെ ഒരുവിധം സ്ഥലങ്ങളെല്ലാം കാണിച്ചുതരുന്നതിൽ മുൻപന്തിയിലായിരുന്നു.
ആദ്യമായി അവർ ഞങ്ങളെ കൊണ്ടുപോയത് അടുത്തുള്ള ആയിരക്കണക്കിനാളുകൾക്ക് നമസ്കരിക്കാൻ കഴിയുന്ന അൽ ഖലീൽ പള്ളിയിലേക്കാണ്. അതിസുന്ദരമായ, എന്നാൽ ഗൾഫിലുള്ള പള്ളികൾക്ക് സമാനമായ പള്ളിയും ചുറ്റുപാടുകളും കണ്ടപ്പോഴാണ് ഞങ്ങളുടെ മനസ്സ് പൂർണമായും സന്തുഷ്ടമായത്. ഈജിപ്ഷ്യൻ ഇമാമായ ഷെയ്ഖ് അമീന്റെ വശ്യസുന്ദരമായ ഖിറാഅത്ത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
പിന്നീടൊന്നും ആലോചിച്ചില്ല. പള്ളിയുടെ അടുത്തുള്ള സ്ഥലത്തേക്ക് തന്നെ ഞങ്ങൾ താമസം മാറ്റി.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് റമദാൻ മാസത്തിലുള്ള തറാവീഹ് നമസ്കാരത്തിനുള്ള ജനബാഹുല്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം പള്ളി നിറയെ ആളുകളെ കാണുമ്പോൾ സത്യത്തിൽ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞ് പോവാറുണ്ട്. ഒരു പ്രത്യേകത ഞാൻ കണ്ടത്, റമദാന്റെ ആരംഭം മുതൽ അവസാനം വരെ പള്ളി നിറഞ്ഞ് കവിഞ്ഞുള്ള തറാവീഹ് നമസ്കാരത്തിനുള്ള തിരക്കാണ്. നാട്ടിൽ ചെറുപ്പം മുതൽക്കെ കണ്ടുവരുന്ന ഒരു രീതി. ആദ്യത്തെ പത്തിന് നിറഞ്ഞ് കവിയുന്ന പള്ളികളിലെ തിരക്ക് പിന്നെ കാണുന്നത് അവസാനത്തെ പത്തിലാണ്.
ഞങ്ങൾ കുറച്ചു കുടുംബങ്ങളായതുകൊണ്ട് കണ്ണൂർ സ്വദേശിയായ റഫീക്ക് പർവി മുൻകൈയെടുത്ത് ഇഫ്താർ സംഗമം നടത്തിയത് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിച്ചു. പള്ളികളിൽ ദിവസവും നോമ്പ് തുറയും വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടാവുന്നത് ഇവിടുത്തേയും പ്രത്യേകതകളിൽ പെട്ടതാണ്.
ഈദുഗാഹിൽ വെച്ച് നടത്തപ്പെടുന്ന പെരുന്നാൾ നമസ്കാരവും തുടർന്ന് നടത്തപ്പെടുന്ന ഈദ് ഫെസ്റ്റിവെലും ഒരു അനുഭൂതി തന്നെയാണ്. കൂട്ടുകുടുംബങ്ങളുടെ അഭാവം ഒഴിച്ചുവെച്ചാൽ എന്തുകൊണ്ടും വളരെ ഹൃദ്യമാണ് ഇവിടെയുള്ള റമദാനും, പെരുന്നാൾ ആഘോഷവുമൊക്കെ.
വളർന്നുവരുന്ന മക്കളിൽ കേരളീയ സംസ്കാരം പകർന്നുകൊടുക്കുവാൻ വേണ്ടി മലയാളി മുസ്ലിം കുടുംബസംഗമം എല്ലാ മാസവും ഞങ്ങൾ സംഘടിപ്പിച്ചു. ഖുർആൻ ക്ലാസ്സും, ഹദീസ്ക്ലാസ്സും, ഇസ്ലാമിക ചരിത്രവും കുട്ടികളുടെ പരിപാടികളുമൊക്കെയായി വളരെ വ്യവസ്ഥാപിതമായി ഇന്നും അത് നടന്നുകൊണ്ടിരിക്കുന്നു. കുട്ടികൾ ഇസ്ലാമിക് സ്കൂളിലാണ് പഠിക്കുന്നതെങ്കിലും കേരളീയ സംസ്കാരം ഉണ്ടാവുന്നത് എന്തുകൊണ്ടും അവർക്ക് ഗുണം ചെയ്യുകയും നാട്ടിലേക്ക് പോവുമ്പോൾ അതിന്റെ വ്യത്യാസം പ്രകടമാവുന്നതും ഇത്തരം സംഗമം കൊണ്ട് വളരെ ഗുണം ചെയ്തിട്ടുണ്ട്.
ജോലി അന്വേഷണവുമായി അവധിക്കാലത്ത് മെൽബണിൽ താമസിക്കുന്ന അഫ്സൽ നിഷി കുടുംബത്തിന്റെ കൂടെ ആയിരുന്നപ്പോഴാണ് മെൽബണിലുള്ള മുസ്ലിം കുടുംബങ്ങളെ കാണുന്നതും മലയാളി മുസ്ലിം കൂടുംബങ്ങളെ ഒന്നിപ്പിച്ച് നിറുത്തുന്ന സംഘടനയായ ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷനെ (ആമിയ) പരിചയപ്പെടുന്നതും. ആമിയയുടെ സംഗമത്തിൽ പങ്കെടുത്തപ്പോഴാണ് നാട്ടിൽ പോയിവന്ന ഒരു പ്രതീതിയുണ്ടായത്. മലയാളി കുടുംബങ്ങളെ കൊണ്ട് ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. കൂടാതെ തൃശൂർകാരനായ നാസർ ഇബ്രാഹീം ഭാര്യ ഫൗസിയ എന്നിവർ മുൻെൈകയെടുത്ത് നടത്തിവരുന്ന ആഴ്ചതോറുമുള്ള ഇസ്ലാമിക് പഠനക്ലാസ്സ് വളരെ ഹൃദ്യമായിരുന്നു. മെൽബൺ വെസ്റ്റിലുള്ള ട്രുഗനീന എന്ന പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങൾ വെസ്റ്റേൺ ഹൽഖ എന്ന പേരിൽ രണ്ടാഴ്ച കൂടുമ്പോൾ നടത്തുന്ന ഇസ്ലാമിക പഠനക്ലാസിൽ കൂടി പങ്കെടുത്തപ്പോൾ പിന്നെ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 2012 ഡിസംബറിൽ മെൽബണിലേക്ക് താമസം മാറ്റി. അയ്യായിരത്തിൽ പരം സ്ത്രീപുരുഷന്മാർക്ക് നമസ്കരിക്കാൻ കഴിയുന്ന അൽതഖ്വ മസ്ജിദിനടുത്ത് തന്നെ വീടു കിട്ടിയതും വലിയ അനുഗ്രമായി കരുതുന്നു. അൽതഖ്വ ഇസ്ലാമിക് കോളേജിൽ കുട്ടികളെ ചേർത്തുകയും ചെയ്തു.
ഇത്രയും വലിയ ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ കഴിയുന്ന പള്ളിയായിട്ടും റമദാന്റെ തലേ ദിവസം തറാവീഹ് നമസ്കരിക്കാൻ എത്തിയപ്പോൾ അകത്തേക്ക് കയറാൻ കഴിയാതെ പുറത്ത് നിന്ന് നമസ്കരിക്കേണ്ടി വന്നതും വലിയ അത്ഭുതമായി. നമ്മുടെ നാട്ടിലുള്ള ആളുകളേക്കാൾ തഖ്വ കൂടുതൽ ഇവിടെയുള്ളവർക്കാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് റമദാൻ ആരംഭം മുതൽ അവസാനം വരെ പള്ളി നിറഞ്ഞ് കവിയുന്ന ജനസഞ്ചയത്തെ കാണുമ്പോൾ തോന്നുന്നത്.
മഞ്ചേരി സ്വദേശി അബ്ദുൽ ജലീൽ പ്രസിഡന്റായ ആമിയ എന്ന സംഘടന അതിവിപുലമായ തരത്തിലാണ് ഇഫ്താർസംഗമം നടത്തുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്താനും വളരെ കൃത്യതയോടെ സംഘടിപ്പിക്കുന്നതിലും ആമിയയെ പ്രശംസിക്കാതിരിക്കാൻ നിർവ്വാഹമില്ല. ഇഫ്താർ സംഗമത്തിൽ ആസ്ട്രേലിയൻ ഫിനാൻസ് മൾട്ടികൾച്ചറൽ അഫയേഴ്സ് മിനിസ്റ്ററിന്റെ സാന്നിധ്യം ഇത്തവണത്തെ ആമിയയുടെ ഇഫ്താർ സംഗമത്തിന് മാറ്റ് കൂട്ടും.
മാസം തോറുമുള്ള ആമിയയുടെ സംഗമവും ഇസ്ലാമിക വിഷയത്തിൽ ഊന്നി നിന്നുകൊണ്ടുള്ള പഠനക്ലാസുകളും കുട്ടികളുടെ ഇസ്ലാമിക അഭിരുചികൾ മാറ്റുരക്കുന്ന പരിപാടികളും വളരെയധികം പ്രശംസിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. നാട്ടിൽനിന്നും വരുന്ന മാതാപിതാക്കളും നിറഞ്ഞ മനസ്സോടെ മടങ്ങിപ്പോകുന്നത് തന്നെയാണ് ഇതിന്റെ ആവശ്യകതയും പ്രസക്തിയും വിളിച്ചോതുന്നത്.
മുസ്ലിംകളെയും മലയാൡകളെയും കുറിച്ച് പറയുമ്പോൾ ആസ്ത്രേലിയക്കാരെക്കുറിച്ച് പറയാതിരിക്കുന്നത് ഉചിതമല്ല. പുഞ്ചിരിക്കുന്നത് സുന്നത്താണ് എന്ന് പഠിപ്പിച്ചുതന്ന പ്രവാചകനെ പിന്തുടരുന്നത് ഇവർ തന്നെയാണ്. എതിരെ വരുന്നവരെ കാണുമ്പോൾ പുഞ്ചിരിക്കുകയും, ”ഹൗ ആർ യു” എന്ന് വിശേഷങ്ങൾ അന്വേഷിക്കുന്നതിലും മാത്രമല്ല സത്യം പറയുകയും കളവ് പറയുന്നവരെ വെറുക്കുകയും ചെയ്യുന്നവരിൽ ആസ്ട്രേലിയക്കാർ മുൻപന്തിയിലാണ്. കളവ് പറഞ്ഞ് കാറ് വാങ്ങാൻ പോയ നോർത്ത് ഇന്ത്യക്കാരന് അവൻ ആവശ്യപ്പെട്ട സംഖ്യ കുറച്ചുകൊടുക്കുകയും പിന്നീടത് കളവാണെന്ന് മനസ്സിലായപ്പോൾ പതിനായിരം ഡോളർ കൂടുതൽ തരാമെന്ന് പറഞ്ഞാലും കളവ് പറഞ്ഞ തനിക്ക് എന്റെ കാർ വിൽക്കുന്നില്ലെന്നു പറഞ്ഞ് മടക്കിപ്പറഞ്ഞയച്ചതും ഓർക്കുന്നു.
തന്റെ പിന്നിൽ വരുന്നവർക്ക് വേണ്ടി വഴിമാറിക്കൊടുത്ത് അവർക്ക് സൗകര്യം ചെയ്ത ശേഷം പിന്നിൽ വരുന്നതും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. സഹായം ആവശ്യമുള്ളവർക്ക് കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ അവർ വളരെയധികം ശുഷ്കാന്തിയുള്ളവരാണ്.