ഹറമിൽ റമദാനിലെ അവസാന ജുമുഅ

സമയം രാവിലെ പത്ത്. പത്തര വരെയെങ്കിലും ഹറമിന്നകത്തേക്ക് പ്രവേശം കിട്ടുമെന്ന വിചാരത്തിലാണ് റൂമിൽ നിന്ന് നടത്തമാരംഭിച്ചത്. ഗസ്സ ഭാ ഗത്തെ ബാരിക്കേഡിനടുത്തെത്തിയപ്പോൾ അത്ര ശുഭകരമല്ല രംഗം.സാധാരണ പള്ളിയിലേക്ക് കടത്തിവിടുന്ന പാത അടയ്ക്കപ്പെട്ടിരിക്കുന്നു. തൊട്ടപ്പുറത്ത് തുറന്ന വഴിയിലൂടെ പ്രവേശിക്കാനാണ് നിയമ പാലകരുടെ നിർദേശം. അത് ഹറമിന്നു പുറത്തുള്ള വലിയൊരു മേൽപ്പാലത്തിൻ്റെ ചുവട്ടിലെ ഇടമാണ്.പൊരിവെയിലത്ത് പെടില്ലെന്ന സമാധാനത്തിൽ അവിടെ വിരിക്കപ്പെട്ട ടാർപോളിനിൽ മുസ്വല്ലയിട്ടു.പക്ഷെ മനസ്സൊട്ടും തൃപ്തമല്ല. ഇത്ര നേരത്തെ വന്നിട്ടും റമദാനിലെ അവസാന ജുമുഅ ലഭിക്കുന്നത് പുറം ഏരിയയിൽ. അല്പം കഴിഞ്ഞപ്പോഴുണ്ട് സാധാരണ പോകാറുള്ള വഴിയിലൂടെ വീണ്ടും വിശ്വാസി കൂട്ടത്തിൻ്റെ ഒഴുക്ക് കാണുന്നു. ഇരുന്നേടത്ത് നിന്ന് എഴുന്നേറ്റ് പഴയ ആ വഴിയിലേക്കോടി.അൽഹംദുലില്ലാ. അകം പള്ളിയിലേക്കെത്താൻ വഴിതെളിയുന്നുണ്ട്. ജനസാഗരത്തിൽ ഒരു തുള്ളിയായി ചേർന്ന് മുന്നോട്ട് നീങ്ങിയപ്പോൾ കിംഗ് അബ്ദുല്ല എക്സ്റ്റൻഷൻ ഭാഗത്തെ മൂന്നാം നിലയിലാണത് എത്തിച്ചേർന്നത്. പള്ളിക്കകത്ത് ഇനിയും പറ്റിയ സ്ഥലം തെരയാൻ നിന്നാൽ കിട്ടിയ സ്ഥലം കൂടി പോകുമെന്നതിനാൽ എത്തിയേടത്ത് ഇരുന്നു. മുന്നിലും പിന്നിലും ഇടത്തും വലത്തും വലിയ ആൾ കൂട്ടമുണ്ട്.ചുറ്റുവട്ടം നിറഞ്ഞു കവിഞ്ഞതിനാൽ സുരക്ഷാ വിഭാഗം കൂടുതൽ പേർ ഇനിയും കടന്ന് വരുന്നത് തടഞ് തീർഥാടകരെ അടുത്ത ഏരിയയിലേക്ക് തിരിച്ചുവിടുന്നുണ്ട്. അതിനാൽ ഇരിക്കുന്നവർക്ക് മുട്ടും തട്ടുമില്ലാതെ ഇടം ലഭിക്കുന്നു.
ഖുർആൻ ഭാഗങ്ങൾ പാരായണം ചെയ്തു. ജുമുഅ ആരംഭിക്കാൻ രണ്ട് മണിക്കൂറോളം കാത്തിരിക്കുകയാണ് എല്ലാവരും. മുസ്ഹഫ് കയ്യിലില്ലാത്തവരെ പാരായണത്തിലേക്ക് തിരിച്ചു വിടാൻ ഒരു പട്ടാളക്കാരൻ റാക്കിൽ നിന്ന് മുസ്ഹഫ് എടുത്ത് തീർഥാടകരുടെ കയ്യിൽ കൊടുത്ത് ഓതാൻ പ്രേരിപ്പിക്കുന്നുണ്ട്. ചിലരൊക്കെ സുന്നത്ത് നമസക്കാരത്തിലും പ്രാർഥനയിലും. തൊട്ടടുത്ത് ഇരിക്കുന്നയാളെ പരിചയപ്പെടണമല്ലൊ. എനിക്ക് അല്പം വഴങ്ങുന്ന ഇംഗ്ലീഷ്, ഉർദു, അറബി ഭാഷകളൊന്നും തൊട്ടടുത്തിരിക്കുന്നയാൾക്ക് വശമില്ലാത്തത് പ്രശ്നമാകാറുണ്ട്. അതിനാൽ ആദ്യം സലാം പറഞ്ഞ് കൈ കൊടുത്തങ്ങ് ചിരിക്കും. അതോടെ ആശയ വിനിമയം സ്നേഹത്തിലും ആംഗ്യത്തിലും ചാലിക്കും. ഇന്നലെ വൈകിട്ട് നോമ്പുതുറ സുപ്രയിൽ അടുത്തുണ്ടായിരുന്നത് കിർഗിസ്താനിൽ നിന്നുള്ള അബ്ദുൽ ഹമീദും ത്വാലിബും. ഉസ്ബക് ഭാഷയാണവരുടേത്.ഞാൻ ഇന്ത്യക്കാരനാണെന്ന് അവർക്ക് മനസ്സിലായിട്ടുണ്ട്. ഒന്നിച്ച് ഫോട്ടോ എടുക്കുന്നതിൽ സന്തോഷം. നോമ്പ് തുറന്നപ്പോൾ അവരുടെ കിർഗിസ് വിഭവവും എന്നെ സത്ക്കരിച്ചു.ഉറപ്പുള്ള ഒരു തരം റൊട്ടി .നേരിയ ഉപ്പുരസം .
ഇന്നിപ്പോൾ തൊട്ടടുത്തുള്ളത് 22-കാരനായ ഹാരിസ് ആണ്. വെളുത്ത ,കുറ്റിത്താടി വെച്ച അവൻ വെളുത്ത തോപ്പ് ( സൗ ബ്: നീളൻ കുപ്പായം ) ആണ് ധരിച്ചിരിക്കുന്നത്. കാഴ്ചയിൽ സൗദിയെ അല്ലെങ്കിൽ സൂരി യെപ്പോലെ. സലാം ചൊല്ലി അറബിയിൽ ഏത് രാജ്യക്കാരനാണെന്ന് അന്വേഷിച്ചു. അവന് അറബി വഴങ്ങുന്നേയില്ല. ഉർദുവിലേക്ക് മാറ്റിപ്പിടിച്ചു.അതിലും സ്റ്റേഷൻ കിട്ടാത്ത പോലെ. പിന്നീട് അവൻ പറഞ്ഞു ഇംഗ്ലീഷ്.അങ്ങിനെ സംസാരിച്ചപ്പോഴാണവൻ മാതാവിനൊപ്പം ഇദം പ്രഥമമായി വിമാനമാർഗം ഇംഗ്ലണ്ടിൽ നിന്ന് ബഹ്റൈൻ വഴി എത്തിയതാണെന്ന് മനസ്സിലായത്. പൂർവ്വപിതാക്കൾ പാകിസ്താനികളാണ്. ഇംഗ്ലണ്ടിലെ മുസ്ലിം അവസ്ഥകൾ തൃപ്തികരമാണെന്നാണ് ഹാരിസിൻ്റെ പക്ഷം.പഠനം കഴിഞ്ഞ് ജോലി തേടി കൊണ്ടിരിക്കുകയാണവൻ. അവൻ്റെ വലതു വശത്ത് ഒരാൾക്ക് കൂടി ഇരിക്കാൻ സ്ഥലമുണ്ട്. അത് കണ്ടെത്തിയ ഒരു വയോധികൻ അവിടെക്ക് പ്രവേശിച്ചിരിക്കുന്നു. അവിടെ ഇരിക്കുന്നതിന്ന് മുമ്പ് ചുറ്റുവട്ടത്തുള്ളവർക്കെല്ലാം അദ്ദേഹം അറാക് കൊള്ളിയുടെ കഷ്ണങ്ങൾ വിതരണം ചെയ്തു. പല്ല് തേക്കാനുള്ള കൊള്ളി.നോമ്പിന് പള്ളിക്കകത്തിരുന്ന് അപ്പണി ചെയ്താൽ തുപ്പാൻ എഴുന്നേറ്റ് പോകൽ പൊല്ലാപ്പാണ്. അതിനാൽ പച്ചപ്പുള്ള അറാക് കഷ്ണം ബാഗിൽ വിശ്രമിക്കുന്നുണ്ട്. ദന്ത ശുദ്ധീകരണത്തിന്ന് പ്രധാന്യം കൽപിക്കുന്ന നിരവധി ഹദീസുകളുണ്ട്. എന്നാൽ അടുത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അത് പാടില്ലാത്തതാണെന്ന് തിരിയാത്തവരും പള്ളിയിലുണ്ട്.
അല്ലം കഴിഞ്ഞപ്പോൾ ഒന്നാം ബാങ്ക് മുഴങ്ങി. 12.20ന്ന് രണ്ടാമത്തെ ബാങ്കുമെത്തി.ഇമാം ഖുത്ബ നിർവഹിക്കുകയാണ്. ഹൃസ്വഭാഷണം.10 മിനുറ്റ് മാത്രം ദൈർഘ്യം. ദൈവഭക്തിയുടെ പാത മുറുകെ പിടിക്കുക ,പൈശാചിക പാത പിന്തുടരാതിരിക്കുക. റമദാൻ്റെ ഈ അവസാന വേളയിലും ആത്മ വിചാരണ നടത്തുക. റമദാൻ ഉപയോഗപ്പെടുത്തിയ ഭാഗ്യവാന്മാർക്ക് അഭിനന്ദനം.റമദാൻ്റെ നന്മ എത്രയാണെന്നറിഞ്ഞിരുന്നുവെങ്കിൽ കാലം മുഴുവൻ റമദാനായിരിക്കുവാൻ കൊതിക്കുമായിരുന്നു നമ്മൾ എന്ന പ്രവാചക പാഠം ഓർക്കുക. ലൈലതുൽ ഖദ്ർ അവസാന ദിവസവും ആകാനിടയുണ്ട്. അതിനാൽ എല്ലാം കഴിഞ്ഞെന്ന തരത്തിൽ റമദാൻ്റെ അവസാന ദിവസങ്ങളിലെ അലസത ഒഴിവാക്കണം. അവസാന സമയത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കാര്യങ്ങൾ സ്വീകരിക്കപ്പെടുന്നത്. പാപമോചനവും മാപ്പിരക്കലുമായി അല്ലാഹുവിലേക്ക് കൂടുതൽ ഓടിയടുക്കുവിൻ എന്നായിരുന്നു ആ ഖുത്ബയുടെ രത്ന ചുരുക്കം.രണ്ടാം ഖുത്ബയിൽ ഫിത്വർ സകാത്ത് വിതരണത്തിൻ്റെ പ്രാധാന്യം, പെരുന്നാൾ സുദിനത്തിലെ തക്ബീർ വർധിപ്പിക്കൽ, എന്നിവയും പരാമർശിക്കപ്പെട്ടു.തുടർന്ന് ജുമുഅ നമസക്കാരം. ശേഷം പതിവ് പോലെ മയ്യത്തുകൾക്കു വേണ്ടിയുള്ള നമസ്ക്കാരവും. അധികപേരും പള്ളിയിൽ തന്നെ തങ്ങുകയാണ്. മറ്റുള്ളവർ പുറത്തേക്ക്. ജുമുഅക്ക് ശേഷം സ്വന്തം നാടുകളിലേക്കു തിരിക്കുന്നവരും പുറത്തിറങ്ങിയവരിലുണ്ട്.പെരുന്നാളിനേക്ക് സ്വദേശത്ത് എത്താനാഗ്രഹിച്ചവർ. ഞങ്ങളുടെ കെട്ടിടത്തിൽ നിന്ന് ഒരു ഒമാനി സംഘവും ഇങ്ങനെ നാടു പിടിക്കാൻ പുറപ്പെട്ടു. അവരിൽ മിക്കവർക്കും മലയാളികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് മനസ്സിലായത്. പലർക്കും കോഴിക്കോടും കൊച്ചിയും മൂന്നാറുമെല്ലാം മനപാഠം. ഒരു ഒമാനി ലിഫ്റ്റിൽക്കയറി അതിൻ്റെ സ്വിച്ച് ബോർഡിൽ ഒന്ന് മുതൽ 10 വരെ മലയാളത്തിലുണ്ട് എണ്ണുന്നു.
നാഥൻ എല്ലാവരുടേയും സൽപ്രവർത്തികൾ സ്വീകരിക്കട്ടെ എന്ന് ഞങ്ങൾ പരസ്പരംപ്രാർഥിച്ച് അവരെ യാത്രയാക്കി. ഇനി വൈകീട്ട് ഹറമിലേക്കും നാളെ ദൈവിക വിധിയുണ്ടെങ്കിൽ മദീനയിലേക്കും പ്രയാണം. ചുട്കാറ്റിന്നൊലികളും ജറാ ദെന്ന കിളികളും ഇടക്കിടക്ക് കച്ചോട സംഘങ്ങൾ പോകുന്ന പാതകളും മുന്നിൽ.
( 29-4-2022, വെള്ളി, മക്ക )