നോമ്പുകാരന് വിനോദങ്ങളിലേർപ്പെടാമോ?
ചോദ്യം- നോമ്പുകാരൻ നാടകം, സിനിമ തുടങ്ങിയ കലാപരിപാടികൾ കണ്ടാസ്വദിക്കുന്നതിലും കാരംസ് മുതലായ കളികളിലേർപ്പെടുന്നതിലും
വിരോധമുണ്ടോ ?
ഉത്തരം : ഇസ്ലാമിൽ വ്രതാനുഷ്ഠാനമെന്നാൽ ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല അല്ലാഹുവിനോടുള്ള ഭക്തിയും ആത്മശുദ്ധീകരണത്തിന്നുള്ള അഭിവാഞ്ഛയുമാണ് വ്രതത്തിന്റെ കാതൽ. അന്നപാനീയങ്ങളുപേക്ഷിക്കുക വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യരൂപം മാത്രമേ ആകുന്നുള്ളൂ. ഭക്തിയിൽ നിന്നും ആരാധനയിൽ നിന്നും മുക്തമായ നോമ്പ് ഉൾക്കാമ്പില്ലാത്ത പുറം തോടു മാത്രമാണ്. അതിനാൽ യഥാർത്ഥ നോമ്പുകാരൻ ചെയ്യേണ്ടത് വ്രതവേള എങ്ങനെയെങ്കിലും തള്ളിനീക്കുകയല്ല, പ്രത്യുത, ഭക്തിയോടെ ആരാധനാ കർമങ്ങളിലേർപ്പെടുക. ഖുർആനും സുന്നത്തും മറ്റു ഇസ്ലാമിക സാഹിത്യങ്ങളും പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുക, ദിക്കുകളും തസ്ബീഹുകളും ചൊല്ലിക്കൊണ്ടിരിക്കുക, ആത്മപരിശോധന നടത്തി മുമ്പ് ചെയ്തുപോയ തെറ്റു കളിൽ ആത്മാർത്ഥമായി പശ്ചാത്തപിക്കുക, നിശാവേളകളിൽ ദീർഘനേരം നമസ്കരിക്കുക എന്നിവയിലൊക്കെയാണ് നോമ്പുകാരൻ ഏർപ്പെടേണ്ടത്.
നിരർഥകമായ വിനോദങ്ങളും വിനോദങ്ങളും നോമ്പിന്റെ ആന്തര സത്തയോടു പൊരുത്തപ്പെടുന്നതല്ല. നോമ്പുകാരൻ ഏർപ്പെടുന്ന വിനോദങ്ങളും തമാശകളും അനഭിലഷണീയങ്ങൾ കൂടിയാണെങ്കിൽ അയാളുടെ നോമ്പ് തികച്ചും പാഴ് വേലയായിത്തീരുന്നു. നബി(സ) പറയുന്നു.
വ്രതം ഒരു പരിചയാകുന്നു. നിങ്ങളിലൊരുവന്ന് നോമ്പുനാളായാൽ അവൻ അസഭ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യാതിരിക്കട്ടെ. അവനോട് ആരെങ്കിലും ശകാരിക്കുകയോ ശണ്ഠകൂടുകയോ ചെയ്താൽ തന്നെ അവൻ പറയട്ടെ- ഞാൻ നോമ്പുകാരനാണ്. “ഒരുവൻ വ്യാജഭാഷണവും കർമവും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അന്നവും വെള്ളവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന്ന് ഒരു താൽപര്യവുമില്ല.
നോമ്പുകാരനെ സംബന്ധിച്ചേടത്തോളം സിനിമ, നാടകം, ക്യാരംസ് എന്നിവക്ക് പ്രത്യേകം ഒരു വിധിയില്ല. നോമ്പിന്റെ നേരത്തെ സൂചിപ്പിച്ച ആന്തര സത്തയോടു പൊരുത്തപ്പെടാത്തതെന്നും നോമ്പുകാരന് വർജ്യമാണ്. സിനിമയും നാടകവും നോമ്പുകാരനിൽ ഭക്തിയും അറിവും ആത്മവിശുദ്ധിയും വർധിപ്പിക്കാനുതകുന്നതാണെങ്കിൽ അഭിലഷണീയവും അല്ലെങ്കിൽ വർജ്യവുമാകുന്നു. എന്നാൽ ഒരാൾ അഭിലഷണീയമല്ലാത്ത കർമങ്ങളിലോ കളിതമാശകളിലോ ഏർപ്പെട്ടതുകൊണ്ട്, കർമശാസ്ത്രപരമായി അയാളുടെ നോമ്പ് അസാധു വാകുന്നില്ല. അതായത് നിയമത്തിന്റെ ദൃഷ്ടിയിൽ അയാൾ നോമ്പുകാരൻ തന്നെ ആയിരിക്കും. ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും പാരത്രിക പ്രതിഫലത്തെയുമാണ് അതു ബാധിക്കുക. നോമ്പുപേക്ഷിച്ചതിനുള്ള ശിക്ഷ യിൽ നിന്നു രക്ഷപ്പെടാമെന്നെങ്കിലും അത്തരം നോമ്പുകാർക്കും പ്രതീക്ഷിക്കാവുന്നതാണ്.