വിനയാന്വിതരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
മുൻകഴിഞ്ഞ അധ്യായങ്ങളിൽ സാധാരണ നെഗറ്റീവ് അർത്ഥങ്ങളിൽ മാത്രം ഉപയോഗിച്ചു വരുന്ന കാര്യങ്ങളായ സ്വയം പെരുമ, അഭിമാനബോധം തുടങ്ങിയവയെ പറ്റി പ്രതിപാദിച്ചിരുന്നു. കഴിഞ്ഞ അധ്യായത്തിലാവട്ടെ സൗമ്യതയെ പറ്റിയാണ് സൂചിപ്പിച്ചത്. ഈ മൂന്ന് ഗുണങ്ങളും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹുവിന് ഇഷ്ടമുള്ള കൂട്ടർ ആരൊക്കെയാണെന്ന് പ്രതിപാദിക്കുന്ന സുന്ദരമായ ഒരു ആയത്ത് ഇങ്ങനെയാണ്, “വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കിൽ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവർ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും.” (മാഇദ:54)
അല്ലാഹുവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും അവൻ തിരിച്ചും അതേപോലെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ ഗുണങ്ങളായി അല്ലാഹു എണ്ണി പറയുന്നത്, അവർ വിശ്വാസികളോട് വിനയം പ്രകടിപ്പിക്കുന്നവരും സത്യനിഷേധികളുടെ മുന്നിൽ പ്രതാപം കാണിക്കുന്നവരുമാണ് എന്നതാണ്. മാത്രമല്ല തങ്ങളെ ആക്ഷേപിക്കുന്നവരുടെ ആക്ഷേപത്തെ അവർ തെല്ലും ഭയപ്പെടുന്നുമില്ല. കഴിഞ്ഞ അധ്യായത്തിൽ വിശ്വാസിയുടെ സ്വഭാവത്തിന് യോജിച്ച രീതിയിലും അല്ലാതെയും പെരുമ നടിക്കുന്നതിനെ പറ്റി സൂചിപ്പിച്ചിരുന്നു. എന്നത് പോലെ, വിനയത്തേയും അങ്ങനെ തന്നെ മനസ്സിലാക്കണം. അസ്ഥാനത്ത് വിനയം കാണിക്കുന്നതിലൂടെ സ്വയം നിന്ദ്യൻ ആയേക്കാം. ആരോഗ്യകരമായ വിനയത്തേയും നിന്ദ്യതയിലേക്ക് എത്തിക്കുന്ന അനാരോഗ്യകരമായ വിനയത്തേയും വേർതിരിച്ചു കൊണ്ട് ഇമാം ഗസ്സാലി(റ) ഒരു അധ്യായം തന്നെ രചിച്ചതായി കാണാം. “അവർ വിശ്വാസികളോട് വിനയം കാണിക്കുന്നവരാണ്” എന്ന് പ്രതിപാദിച്ചതിന് ശേഷം “സത്യനിഷേധികളോട് പ്രതാപം കാണിക്കുന്നവരായിരിക്കും” എന്നാണ് ആയത്തിൻ്റെ ബാക്കി ഭാഗം. സത്യനിഷേധികളോട് പ്രതാപം കാണിക്കുന്നവരാണ് എന്നതിൻ്റെ അർത്ഥം അവരോട് അനാദരവ് കാണിക്കുകയോ അപമര്യാദയായി പെരുമാറുകയോ ഉപദ്രവം ചെയ്യുകയോ ചെയ്യുന്നവരാണ് എന്നൊന്നുമല്ല. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവിശ്വാസികളുടെ മുന്നിൽ അവർ തങ്ങളുടെ ഇസ്ലാമിനേയും വിശ്വാസത്തേയും അടിയറവ് വെക്കുന്നവരല്ല എന്നാണ്.
ഈ രണ്ടു ഗുണങ്ങളേയും – വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നത് – വർത്തമാന കാലത്ത് എങ്ങനെയാണ് യഥാവിധി മനസ്സിലാക്കേണ്ടത് എന്ന് നോക്കാം. ഇന്ന് അവിശ്വാസികളോട് മാന്യമായി പെരുമാറുന്ന ധാരാളം ആളുകൾ വിശ്വാസികളുടെ ഇടയിലാവുമ്പോൾ തങ്ങളുടെ പെരുമാറ്റം വളരെ രൂക്ഷമാക്കുന്നത് കാണാം. ജോലി സ്ഥലങ്ങളിൽ വളരെ വിനയാന്വിതരായ പലരും പള്ളിയിൽ തനിക്ക് പരിചയമുള്ള ആളുകൾക്ക് ഇടയിലാവുമ്പോൾ പെരുമാറ്റത്തിൽ അഹങ്കാരം കടന്നുവരുന്നതായി കാണാം. വിശ്വാസികളോടുള്ള നമ്മുടെ പെരുമാറ്റം ഇങ്ങനെയാവരുത്. വിശ്വാസികൾക്കിടയിൽ അങ്ങേയറ്റം വിനയമുള്ളവരാവാനാണ് അല്ലാഹു പറയുന്നത്. വിനയത്തെ കുറിക്കാൻ അല്ലാഹു ذلة എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. താഴ്മ പ്രകടിപ്പിക്കുക, ചിറകുകൾ വിരിക്കുക തുടങ്ങിയ അർത്ഥങ്ങളിലാണ് ذلة എന്ന പദം ഭാഷയിൽ ഉപയോഗിക്കപ്പെടുന്നത്.
അതിനർത്ഥം അവിശ്വാസികളോട് വിനയം പ്രകടിപ്പിക്കാനേ പാടില്ല എന്നല്ല. മറിച്ച്, അവിശ്വാസികളുടെ മുന്നിലുള്ള വിനയം ഒരിക്കലും നിന്ദ്യതയിലേക്ക് എത്തരുത് എന്നാണ്. എന്നാൽ ചില ആളുകൾ, പൊതു ഇടങ്ങളിൽ നിന്ന് അവിശ്വാസികളുടെ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങുകയും ഒരു വേള അവിശ്വാസികളുടെ മുന്നിൽ തങ്ങളുടെ വിശ്വാസം ഒളിപ്പിച്ചു വെക്കാനും ഉപേക്ഷിക്കാനും വരെ മുതിരുകയും ചെയ്യുന്നു.
സത്യനിഷേധികളോട് പ്രതാപം കാണിക്കുക എന്നതിനർത്ഥം ക്രിസ്മസ് രാത്രിയിൽ നമ്മുടെ അയൽവാസിയുടെ വീട്ടിൽ ചെന്ന് വാതിൽ മുട്ടി നിങ്ങൾ ഈ ക്രിസ്മസ് അലങ്കാരങ്ങളൊക്കെ ഒഴിവാക്കണം എന്ന് കൽപിക്കാൻ നമുക്ക് അനുവാദം നൽകുന്നു എന്നല്ല. ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിച്ചേക്കാം. സത്യനിഷേധികളോട് പ്രതാപം കാണിക്കേണ്ടത് അങ്ങനെയല്ല. പകരം പെരുന്നാൾ ദിവസം നാം അവരിലേക്ക് ഇറങ്ങി ചെല്ലുകയും അഭിമാനത്തോട് കൂടി തന്നെ ഒരു മുസ്ലിം എന്ന നിലക്ക് നാം എങ്ങനെയാണ് വിശുദ്ധ റമദാനിൽ നോമ്പ് അനുഷ്ഠിച്ചതെന്നും അത് എങ്ങനെയാണ് നമ്മെ സംസ്കരിച്ചത് എന്നും പറയലും നമ്മുടെ ആഘോഷവേളയിൽ അവരുമായി സമ്മാനങ്ങളും സന്തോഷവും പങ്കുവെക്കലുമാണ്.
വിനയാന്വിതരായ വിശ്വാസികളെ കുറിച്ച് പറഞ്ഞതിന് ശേഷം അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും”
ഈ ആയത്തിനെ മുൻനിർത്തി കൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം(റ) പ്രത്യേകം പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകാരം മേൽ സൂചിപ്പിച്ച സൂക്തത്തിൽ അല്ലാഹു ”അവർ സത്യനിഷേധികളുടെ ആക്ഷേപത്തെ ഭയപ്പെടില്ല” എന്ന് പറയുന്നതിന് പകരം “അവർ ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും” എന്നാണ് പറഞ്ഞത്. അങ്ങനെ പറയാനുള്ള കാരണം ഒരു പക്ഷെ വിശ്വാസികളിൽ തന്നെയുള്ള ധാരാളം ആളുകൾ പല കാരണങ്ങളാൽ നമ്മെ അധിക്ഷേപിച്ചേക്കാം എന്നതുകൊണ്ടാണ്. അവിശ്വാസികളായ നമ്മുടെ സുഹൃത്തുകൾക്ക് കുഴപ്പമില്ലാത്തതും അവർ പൊരുത്തപ്പെടുന്നതുമായ ധാരാളം കാര്യങ്ങളോട് ഒരു പക്ഷെ നമ്മുടെ കുടുംബ ബന്ധുക്കളും മറ്റും നീരസം പ്രകടിപ്പിച്ചേക്കാം. അതുകാരണം നമുക്ക് തന്നെ ഇസ്ലാമികമായ ചില കർമങ്ങൾ ചെയ്യാൻ അപമാനം തോന്നിയേക്കാം. എന്നാൽ അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കിയവർ “അവർ ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും”. മുസ്ലിം സമുദായത്തിന് അകത്തുള്ളവർക്കോ പുറത്തുള്ളവർക്കോ അവരെ അവരുടെ വിശ്വാസിത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ സാധ്യമല്ല. അവരുടെ ധാർമിക വിശുദ്ധിയും പെരുമാറ്റവും സൽസ്വഭാവവും അല്ലാഹു ഇഷ്ടപ്പെടുന്ന ഗുണങ്ങളും അവരിൽ നിന്ന് ഇല്ലാതാക്കാൻ ആരുടേയും ആക്ഷേപങ്ങൾക്ക് സാധ്യമല്ല.
വിനയം പ്രകടിപ്പിക്കേണ്ടുന്ന ഇടങ്ങളിൽ മാത്രം പ്രകടിപ്പിക്കുക എന്നത് എല്ലാവർക്കും സാധ്യമാവുന്ന കാര്യമല്ല. അത്തരം ആളുകൾ വളരെ ചുരുക്കമാണ്. അല്ലാഹു നമ്മെ അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം