നിന്നെ പ്രഘോഷിക്കും നാവിനെ ശിക്ഷിക്കരുതെ- 11

إلهي لا تعذب لساناً يُخبر عنك، ولا عيناً تنظر إلى علوم تدلّ عليك، ولا يداً تكتب حديث رسولك فبعزتك لا تدخلني النار
“നാഥാ, നിന്നെ പ്രഘോഷിക്കും നാവിനെയും നിന്നെ ദൃശ്യമാക്കുന്നൊരറിവ് നുകരും മിഴികളെയും നിൻ്റെ ദൂതന്റെ വചസ്സുകളെഴുതുന്ന കരങ്ങളേയും നീ ശിക്ഷിക്കരുതേ. നിൻ്റെ പ്രഭാവത്താൽ നീ എന്നെ നരകത്തീയിൽ പ്രവേശിപ്പിക്കാതിരിക്കേണമേ.”
ഇമാം ഇബ്നുൽ ജൗസി (റ) ഇസ്ലാമിക ലോകത്തെ വളരെ പ്രസിദ്ധനായ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. പ്രവാചകന്റെ വഫാത്തിന് ശേഷം വർഷങ്ങളോളം ജീവിച്ച അദ്ദേഹമൊരു സൂഫിയും നിരവധിയാളുകളുടെ അധ്യാപകനുമായിരുന്നു. സ്വർഗത്തെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം വിദ്യാർഥികളോട് ഇങ്ങനെ പറയുമായിരുന്നു: “നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയും അവിടെ എന്നെ കാണാതെ വരികയും ചെയ്താൽ എന്നെ പറ്റി ചോദിക്കുകയും എന്നെയും കൂടി സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ പറയുകയും വേണം.” ആയിരങ്ങൾ പങ്കെടുക്കുന്ന സദസ്സുകളിൽ അദ്ദേഹം സംസാരിക്കുമായിരുന്നു. അത്തരം സദസ്സുകളിൽ അദ്ദേഹം ഒച്ചത്തിൽ വിളിച്ചു പറയും: “അല്ലാഹുവേ, നീ എന്നെ നരകത്തിലിട്ട് ശിക്ഷിക്കരുതേ. കാരണം നീ എന്നെ ശിക്ഷിച്ചാൽ ഞങ്ങൾക്ക് അറിവു പകർന്നു തന്നയാളെ അല്ലാഹു ശിക്ഷിച്ചിരിക്കുന്നു എന്ന് എന്റെ വിദ്യാർഥികൾ പറയും.”
അദ്ദേഹം നടത്തിയ ഒരു പ്രാർത്ഥനയാണ് ഈ അധ്യായം. അദ്ദേഹം പ്രാർത്ഥിച്ചു:
إلهي لا تعذب لساناً يُخبر عنك، ولا عيناً تنظر إلى علوم تدلّ عليك، ولا يداً تكتب حديث رسولك فبعزتك لا تدخلني النار
“إلهي لا تعذب لساناً يُخبر عنك، ولا عيناً تنظر إلى علوم تدلّ عليك، ولا يداً تكتب حديث رسولك فبعزتك لا تدخلني النار
“നാഥാ, നിന്നെ പ്രഘോഷിക്കും നാവിനെയും നിന്നെ ദൃശ്യമാക്കുന്നൊരറിവ് നുകരും മിഴികളെയും നിൻ്റെ ദൂതന്റെ വചസ്സുകളെഴുതുന്ന കരങ്ങളേയും നീ ശിക്ഷിക്കരുതേ. നിൻ്റെ പ്രഭാവത്താൽ നീ എന്നെ നരകത്തീയിൽ പ്രവേശിപ്പിക്കാതിരിക്കേണമേ.”
താൻ മുനാഫിഖ് ആണോ എന്ന് നിരന്തരം സംശയിക്കാൻ മാത്രം അല്ലാഹുവിനെയും നരകത്തെയും ഭയപ്പെട്ടിരുന്നു ഇമാം ഇബ്നുൽ ജൗസി (റ). അദ്ദേഹത്തിന്റെ ഈ ഭയത്തിൽ നിന്നാണ് മേലുദ്ധരിച്ച പ്രാർത്ഥനയിലെ ഓരോ കാര്യങ്ങളും അല്ലാഹുവിനോട് ആവിശ്യപ്പെടുന്നത്. അദ്ദേഹം ഇങ്ങനെ കൂടി പറയാറുണ്ടായിരുന്നു: “അല്ലാഹുവേ, ഞാൻ നിന്നെ പറ്റിയാണ് ആളുകൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത്, അതു കൊണ്ട് നാളെ പരലോകത്ത് എന്നെ നാണം കെടുത്തരുതേ. നീ എന്നെ നാണം കെടുത്തുന്ന പക്ഷം നിന്നെ പറ്റി ഞാൻ പറഞ്ഞു കൊടുത്ത ആളുകൾ എന്നെ പറ്റി മോശം പറയും, ഞാൻ നിന്റെ മാർഗത്തിലേക്കും സ്വർഗത്തിലേക്കുമാണ് ആളുകളെ നയിക്കുന്നത് അതുകൊണ്ട് നിന്നെ പറ്റി ഞാൻ പറഞ്ഞു കൊടുത്ത ആളുകൾ സ്വർഗത്തിൽ എന്നെ തിരയുന്ന അവസ്ഥ ഉണ്ടാക്കല്ലെ നാഥാ.
നമ്മുടെ നല്ല അമലുകൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നമുക്ക് കഴിയണം, ചെയ്ത അമലുകൾ ഒരിക്കലും നമ്മളിൽ അഹങ്കാരമോ ഗർവ്വോ ഉണ്ടാക്കരുത്. അമലുകൾ നമ്മെ കൂടുതൽ കൂടുതൽ വിനയമുള്ളവരാക്കണം. വിനയാന്വിതരായി തന്നെ നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.
ചെയ്തു കൂട്ടിയ അമലുകൾ എപ്പോഴെങ്കിലും നമ്മളിൽ അഹങ്കാരം ഉൽപാദിപ്പിക്കുന്നുവെങ്കിൽ ആ അമലുകളിലുണ്ടായ പോരായ്മകളെ കുറിച്ച് നാം ബോധവാന്മാരാവുക. അതിനോടൊപ്പം ജനങ്ങളിൽ ഏറ്റവും മികച്ചവർ നമ്മളല്ല എന്ന് സ്വയം മനസ്സിലാക്കി അല്ലാഹുവിലേക്ക് കൂടുതൽ കൂടുതൽ അടുക്കാൻ ശ്രമിക്കുക. അല്ലാഹു ഒരുക്കി വെച്ച സ്വർഗ്ഗ പൂന്തോപ്പുകളിലേക്ക് ആളുകളെ ക്ഷണിക്കുക എന്നത് വളരെ മഹത്തരമായ കാര്യമാണ്. അല്ലാഹു അവന്റെ കാരുണ്യം അവർക്ക് മേൽ ചൊരിയുകയും അവരെ നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യും.
നമ്മുടെ ഈമാൻ നഷ്ടപ്പെടാതെ തന്നെ മറ്റുള്ളവരെയും ഈമാൻ ഉള്ളവരാക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. അവൻ നമ്മുടെ ഹൃദയങ്ങൾ നേരായ പാതയിലാക്കട്ടെ. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് നമുക്ക് സ്വർഗം നൽകട്ടെ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1