പ്രവാചകനെ പിൻപറ്റുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
ഈ പരമ്പരയിൽ നമ്മൾ കൈകാര്യം ചെയ്ത ഭൂരിഭാഗം ഗുണങ്ങളും റസൂൽ(സ) യുടെ വ്യക്തിത്വത്തിൽ ഉൾചേർന്ന് നിൽക്കുന്നതാണ്. അതു കൊണ്ട് നിങ്ങളുമായി ഒരു ഖുർആനിക വചനം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അല്ലാഹു പറയുന്നു: قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ “(പ്രവാചകരേ പറയുക) നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. അപ്പോൾ അല്ലാഹു നിങ്ങളെ സ്നേഹിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.”
പ്രവാചകൻ്റെ പെരുമാറ്റം അത്രമേൽ ഹൃദ്യമായതായിരുന്നു. വിശുദ്ധ ഖുർആൻ തന്നെ പറയുന്നത്: وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീർച്ച. ഭൂലോകത്തെ മറ്റാരെക്കാളും മികച്ച സ്വഭാവമാണ് അല്ലാഹു പ്രവാചകന് സമ്മാനിച്ചത്. നമ്മുടെ ജീവിതത്തിൻ്റെ മുഴുവൻ മേഖലകളിലും മാതൃകയാക്കാൻ പറ്റുന്ന ചെറുതും വലുതുമായ ധാരാളം കാര്യങ്ങൾ അവിടത്തെ ജീവിതത്തിൽ കാണാൻ സാധിക്കും.
അതേസമയം, റസൂലുമായി ബന്ധപ്പെട്ട മറ്റൊരു സംഗതി സൂചിപ്പിക്കാനാണ് ഇന്ന് ആഗ്രഹിക്കുന്നത്. പ്രവാചകൻ്റെ ഒരു ജീവിതചര്യയെ പുനരുജ്ജീവിപ്പിക്കുന്നതിനെ പറ്റിയും അതിൻ്റെ മഹത്ത്വതെ പറ്റിയും പ്രവാചകൻ ഓർമിപ്പിക്കുന്നുണ്ട്. പ്രവാചകൻ്റെ ചര്യയിൽപെട്ട ധാരാളം സംഗതികൾ നമുക്കിടയിൽ തന്നെയുള്ള ആളുകൾ വ്യാപകമായി ചെയ്യുന്നത് കാണാം. എന്നാൽ അവയൊന്നും പ്രവാചക സുന്നത്ത് എന്ന നിലയിലോ ഒരു വേള മതപരമായ പ്രവൃത്തി എന്ന നിലക്ക് പോലും പലരും മനസ്സിലാക്കുന്നില്ല. എന്നാൽ ഇത്തരം പ്രവാചകചര്യ റസൂലിൻ്റെ സുന്നത്താണ് എന്ന് മനസ്സിലാക്കി കൊണ്ട് നാം ചെയ്യാൻ തുടങ്ങുമ്പോൾ പ്രവാചകൻ്റെ ഒരു സുന്നത്ത് പുനരുജ്ജീവിപ്പിക്കുന്നതിന് തുല്യമാണത്. പ്രവാചകൻ അനുഷ്ഠിച്ചു പോന്ന ഒരു കർമം ജീവിതത്തിലുണ്ടാവുക എന്നത് അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്.
അതോടൊപ്പം തന്നെ അല്ലാഹുവുമായിട്ടുള്ള ബന്ധത്തിൽ പ്രവാചകനെ നമുക്ക് പിൻപറ്റാൻ സാധിക്കുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കണം. അതേ സമയം നമ്മൾ എത്ര തന്നെ പ്രയത്നം നടത്തി അല്ലാഹുവിനെ ആരാധിച്ചാലും റസൂൽ അല്ലാഹുവിനെ ആരാധിച്ചത് പോലെ ആരാധിക്കാൻ നമുക്ക് സാധിക്കില്ല. ആളുകളോട് എത്ര തന്നെ കരുണയും കാരുണ്യവും ഉദാരതയും സൗമ്യതയും ഈ പുസ്തകത്തിൽ നാം പരാമർശിച്ച മറ്റ് ഗുണങ്ങൾ പ്രകടിപ്പിച്ചാലും പ്രവാചകൻ്റെ അത്രത്തോളമെത്താൻ നമുക്ക് സാധ്യമല്ല. അതു കൊണ്ടാണ് അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാൻ നിങ്ങൾ പ്രവാചകനെ പിൻപറ്റണം എന്ന് പറഞ്ഞ ആയത്ത് അല്ലാഹു സുന്ദരമായി അവസാനിപ്പിക്കുന്നത് അല്ലാഹു നിങ്ങളുടെ പോരായ്മകൾ പരിഗണിച്ചും പരിഹരിച്ചും തരുന്ന ഗഫാറും റഹീമുമാണ് എന്ന് പറഞ്ഞു കൊണ്ടാണ്.
പ്രവാചകനോളം അമലുകളുടെ കാര്യത്തിൽ ഉന്നതി പ്രാപിക്കാൻ നമുക്ക് കഴിയില്ലെങ്കിലും നമ്മുടെ പരിശ്രമങ്ങൾ കാരണം അല്ലാഹു നമ്മെ സ്നേഹിക്കും. അത് അല്ലാഹുവിങ്കൽ നിന്ന് നമുക്ക് ലഭിക്കുന്ന ആദരവ് കൂടിയാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നാം ചെയ്യുന്ന ഒരു സംഗതിയേയും ചെറുതായി കാണാൻ പാടില്ല, അത് എത്ര ചെറുതാണെങ്കിലും. നമ്മൾ പുനരുജ്ജീവിപ്പിക്കുന്നത് എത്ര ചെറിയ സുന്നത്താണെങ്കിലും അല്ലാഹുവിൻ്റെ അടുക്കലിൽ നിന്ന് നമുക്ക് ലഭിക്കുന്ന പ്രതിഫലം ഒട്ടും ചെറുതല്ല. ഈ പുസ്തകത്തിൽ നാം പരാമർശിച്ച ഗുണങ്ങളെല്ലാം റസൂലിനോളം അല്ലാഹുവിനോട് അടുക്കാനുള്ള മാർഗമാണ്. പൂർണ്ണമായും റസൂലിനോളം നമുക്ക് വളരാൻ സാധ്യമല്ലെങ്കിലും.
അല്ലാഹു പ്രവാചകനെ പോലെയാവാൻ നമ്മെ സഹായിക്കുകയും ജന്നാത്തുൽ ഫിർദൗസിൽ വെച്ച് പ്രവാചകനെ കണ്ടു മുട്ടാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം