പ്രാർത്ഥിക്കുന്നവരെ അല്ലാഹു ഇഷ്ട്ടപ്പെടുന്നു
അല്ലാഹു പ്രകീർത്തനങ്ങളെ ഇഷ്ടപ്പെടുന്നതിനെ കുറിച്ചാണ് കഴിഞ്ഞ അധ്യായത്തിൽ പ്രതിപാദിച്ചത്. എന്നാൽ അല്ലാഹു കേവലം പ്രകീർത്തനങ്ങളെ മാത്രമല്ല ഇഷ്ടപ്പെടുന്നത്. അഥവാ സനാഉം ത്വലബുമായി, അവനെ പ്രകീർത്തിച്ചു കൊണ്ട് അവനോട് ആവശ്യങ്ങൾ ചോദിച്ചു കൊണ്ട് ദുആ ചെയ്യുന്നതും അവൻ ഏറെ ഇഷ്ടപ്പെടുന്നു.
ഒരു ഉദാഹരണമെടുക്കാം, പിശുക്കനായ ഒരാളോട് ധാരാളമായി ആവശ്യങ്ങൾ ചോദിച്ചാൽ സാധാരണ അവർക്ക് നമ്മോടുള്ള ഇഷ്ടം നിലച്ചുപോകും. അതുമല്ലെങ്കിൽ അവർ നമ്മോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും. നമ്മൾ ചോദിക്കുന്ന ആവശ്യങ്ങളുടെ എണ്ണം കൂടും തോറും ആളുകൾ നമ്മിൽ നിന്ന് അകന്ന് കൊണ്ടേയിരിക്കും. ഒരുപക്ഷെ നമ്മൾ അത്തരം ആളുകളോട് സംസാരിക്കുന്നതും അവരുടെ വിളികൾക്ക് മറുപടി നൽകുന്നതിൽ നിന്നും വിരമിക്കും. എന്നാൽ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവനെ പ്രകീർത്തിക്കുമ്പോഴും വാഴ്ത്തുമ്പോഴും മാത്രമല്ല അവനോട് ആവശ്യങ്ങളും സഹായങ്ങളും ചോദിക്കുമ്പോൾ വരെ അവൻ നമ്മിലേക്ക് കൂടുതൽ അടുത്തു കൊണ്ടേയിരിക്കുന്നു. അല്ലാഹുവിനെ മനുഷ്യനിൽ നിന്ന് വേർതിരിക്കുന്ന അവിശ്വസനീയമായ ഒരു ഗുണമാണിത്.
കഴിഞ്ഞ അധ്യായത്തിൽ ഉദ്ധരിച്ച “നിൻ്റെ നാഥൻ പ്രകീർത്തിക്കപ്പെടാൻ ഇഷ്ടപ്പെടുന്നു” എന്ന ഹദീസിന് സമാന ആശയമുള്ള മറ്റൊരു ഹദീസ് ഇമാം തിർമിദി റിപ്പോർട്ട് ചെയ്യുന്നതായി കാണാം:
“അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ നിന്ന് നിങ്ങൾ ചോദിക്കുക. കാരണം അല്ലാഹുവിനോട് ചോദിക്കുന്നത് അവൻ ഇഷ്ടപ്പെടുന്നു. ആരാധനയുടെ ഏറ്റവും ഉത്തമമായ രൂപം അല്ലാഹുവിൽ നിന്നുള്ള മറുപടിക്കായി പ്രതീക്ഷയോട് കൂടിയുള്ള കാത്തിരിപ്പാണ്.”
ആത്മാർത്ഥമായി അല്ലാഹുവിനോട് ആവശ്യങ്ങൾ ചോദിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. സൂറ: അൽ ബഖറയിൽ ഇങ്ങനെ കാണാം.
“എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാൻ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാനുത്തരം നൽകും”. (അൽബക്കറ:186)
പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിൻ്റെ സാമിപ്യമാണ്. “ഞാൻ അടുത്തുതന്നെയുണ്ട്” അതാണ് പ്രാർത്ഥന മുഖേന വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം.
പ്രാർത്ഥനയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവുമായിട്ട് നമുക്ക് നേർക്ക് നേരെ ബന്ധമുണ്ടാകുന്നു എന്നതും നമ്മുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു നാഥൻ നമുക്കുണ്ട് എന്നതുമാണ്.
അല്ലാഹു നമുക്ക് അവനോടു ചോദിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നു എന്നതിന്റെ അർത്ഥം നമ്മൾ അല്ലാഹുവുമായി അടുപ്പത്തിലാണ് എന്നാണ്. നാമെത്ര അകലത്തിൽ ആണെങ്കിലും, നാം എത്ര വലിയ പാപിയാണെങ്കിലും അല്ലാഹു നമ്മുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. എത്ര വലിയ അനുഗ്രഹമാണ് അത്.
ഇബ്നു അതാഇല്ല പറഞ്ഞ സുന്ദരമായ ഒരു കാര്യം നോക്കൂ:
“എപ്പോഴൊക്കെ അല്ലാഹു നിന്റെ നാവിനെ അവനോട് ദുആ ഇരക്കാൻ വേണ്ടി അഴിച്ചു വിടുന്നുവോ അപ്പോഴെല്ലാം നീ മനസിലാക്കണം അത് അല്ലാഹു നിനക്ക് പലതും തരാൻ ഉദ്ദേശിക്കുന്നത് കൊണ്ടാണ്.” അല്ലാഹു നിനക്കൊന്നും തരാതിരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ നിന്നെ പ്രാർത്ഥിക്കാൻ അനുവദിക്കുമായിരുന്നില്ല. അല്ലാഹു പ്രാർത്ഥനക്കു മറുപടി നൽക്കാൻ ആഗ്രഹിക്കുന്നു.
പ്രാർത്ഥനയുടെ ഏറ്റവും വലിയ സമ്മാനമാകട്ടെ അല്ലാഹു നമ്മെ കേൾക്കാൻ തയാറാവുന്നു എന്നതും അത് മുഖേന നാം അവനോട് അടുക്കുന്നു എന്നതുമാണ്.
“നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്.”
(അൽബക്കറ:186)
അതുകൊണ്ട് നമ്മൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ അല്ലാഹു നമുക്ക് രണ്ട് സമ്മാനങ്ങൾ നൽകുന്നു. അല്ലാഹു നമ്മോട് അടുത്തവനാകുന്നു എന്നതാണ് ഒന്നാമത്തെ സമ്മാനമെങ്കിൽ രണ്ടാമതായി നമ്മുടെ ഇഹ- പര ജീവിതങ്ങൾ പരിഗണിച്ച് ഏറ്റവും ഉപകാരപ്രദമായത് അവൻ നമുക്ക് പ്രാർത്ഥനയുടെ ഉത്തരമെന്നോണം കനിഞ്ഞരുളി നൽകുന്നു.
“അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.” (അൽബക്കറ:186)
റസൂൽ(സ) “അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്ന് നിങ്ങൾ ചോദിച്ചു കൊള്ളുക” എന്ന് പറയാനുള്ള കാരണം അല്ലാഹു ചോദിക്കപ്പെടാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.
അല്ലാഹുവിനെ നിരന്തരം വാഴ്ത്തുകയും അവനോടു ചോദിക്കുകയും ചെയ്തു കൊണ്ട് നാവും ഹൃദയവും അവനുമായി ബന്ധിപ്പിച്ചവരുടെ കൂട്ടത്തിൽ അവൻ നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ. ( തുടരും )
വിവർത്തനം – ടി.എം ഇസാം