പരീക്ഷണം നൽകിയ പദവികൾ – 13
اللهم إن كنت بلغت أحدا من عبادك الصالحين درجة ببلاء فبلغنيها بالعافية
“അല്ലാഹുവേ, നിന്റെ സച്ചരിതരായ അടിമകളിൽ ആരെയെങ്കിലും നീ പരീക്ഷണം നൽകി കൊണ്ട് ഒരു പദവിയിൽ എത്തിച്ചുവെങ്കിൽ, ആ പരീക്ഷണം കൂടാതെ തന്നെ സൗഖ്യത്തോടു കൂടി എന്നെയും ആ പദവിയിലെത്തിക്കേണമേ.”
പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടുമ്പോൾ, എന്തുകൊണ്ടായിരിക്കും നാം പരീക്ഷണത്തിന് വിധേയരാകുന്നത് എന്ന് നാം സ്വയം ചോദിക്കാറുണ്ട്. പരീക്ഷണ ഘട്ടങ്ങളിൽ പ്രവാചകൻ (സ) പഠിപ്പിച്ച രീതിയിൽ നാം പ്രവർത്തിച്ചാൽ വലിയ പ്രതിഫലങ്ങളാണ് നമ്മെ കാത്തു നിൽക്കുന്നത്. കഷ്ടതകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയ ആളുകളൾക്ക് മേൽ അല്ലാഹു കാരുണ്യം വർഷിക്കുന്ന ധാരാളം സംഭവങ്ങൾ നാം കേട്ടതാണ്. അല്ലാഹുവിന്റെ പ്രീതി നേടാനാനുള്ള ഒരേയൊരു മാർഗ്ഗം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമ അവലംബിക്കലാണോ എന്ന് പോലും നാം ചിലപ്പോൾ സംശയിച്ചു പോവും. അതായത് പരീക്ഷണങ്ങള് അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കാനുള്ള അവസരങ്ങളാണ്. റസൂൽ പഠിപ്പിക്കുന്നത് അല്ലാഹു അവന് സ്നേഹമുള്ളവരെ പരീക്ഷിക്കും എന്നാണല്ലോ.
വലിയ പരീക്ഷങ്ങളും പ്രതിസന്ധികളും തരണം ചെയ്തവർക്ക് മാത്രമേ അല്ലാഹുവിന്റെ സ്നേഹം ലഭിക്കുകയുള്ളു? എന്നത് വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്. പരീക്ഷണം നേരിട്ടവരും നേരിടാത്തവരും പരലോകത്ത് മുഖാമുഖം കാണുന്ന സന്ദർഭത്തെ പറ്റി റസൂൽ വിശദീകരിക്കുന്നത് നോക്കൂ. പരീക്ഷണങ്ങൾക്കൊന്നും വിധേയരാവാത്ത അഹ്ലുൽ ആഫിയയിൽ പെട്ട ആളുകൾ, ധാരാളം പരീക്ഷണങ്ങൾക്ക് അടിക്കടി വിധേയരായ അഹ്ലുൽ ബലാഇൽ ഉൾപ്പെട്ട ആളുകൾക്ക് അല്ലാഹു പ്രതിഫലങ്ങൾ നൽകുന്നത് കാണുമ്പോൾ ആശ്ചര്യപ്പെട്ട് കൊണ്ട് അവർ ആഗ്രഹിക്കുക ഭൂമിയിലേക്ക് തന്നെ തിരിച്ച് പോയി തങ്ങളുടെ തൊലി മുറിച്ചു കളഞ്ഞാലോ എന്നെത്രെ. അതു കാരണമുള്ള വേദനക്ക് അല്ലാഹു പ്രതിഫലം നൽകുമല്ലോ എന്നവർ ആഗ്രഹിക്കും. അതു കൊണ്ട് അല്ലാഹുവിനെ കുറിച്ചുള്ള ബോധം പരീക്ഷണങ്ങളെ മുൻനിർത്തി സവിശേഷമായി നമുക്ക് ഉണ്ടാവണം. സുകൃതവാൻമാരുടെ കർമ്മങ്ങൾക്കും അവർ അനുഭവിക്കുന്ന പരീക്ഷണങ്ങൾക്കും ഒരുപോലെ പ്രതിഫലം നൽകുന്നവനാണ് അല്ലാഹു. അപ്പോൾ ഉയർന്നു വരുന്ന ചോദ്യം പരീക്ഷണങ്ങൾ നേരിടാതെ അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റടുക്കൽ നിന്നുള്ള പ്രതിഫലങ്ങളും നേടിയെടുക്കാൻ കഴിയില്ലേ എന്നതാണ്. പ്രത്യേകിച്ചും വിശുദ്ധ ഖുർആനിലെ ഈ പ്രാർത്ഥന,
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില് നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ..” (2:201)
ഈ പ്രാർത്ഥനയെ മേൽ സൂചിപ്പിച്ച സംഗതികളുമായി ചേർത്ത് വെച്ച് കൊണ്ട് എങ്ങനെ മനസ്സിലാക്കാം എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഈ ചോദ്യം അങ്ങനെ നിലനിൽക്കുമ്പോൾ തന്നെയാണ് സലാം ബിൻ അബീ മുത്വീഅ് (റ) നടത്തിയ ഒരു പ്രാർത്ഥന ഈ അധ്യായത്തിൽ നാം ചർച്ചക്ക് എടുക്കുന്നത്. അദ്ദേഹം പ്രാർത്ഥിച്ചു:
اللهم إن كنت بلغت أحدا من عبادك الصالحين درجة ببلاء فبلغنيها بالعافية
“അല്ലാഹുവേ, നിന്റെ സച്ചരിതരായ അടിമകളിൽ ആരെയെങ്കിലും നീ പരീക്ഷണം നൽകി കൊണ്ട് ഒരു പദവിയിൽ എത്തിച്ചുവെങ്കിൽ, ആ പരീക്ഷണം കൂടാതെ തന്നെ സൗഖ്യത്തോടു കൂടി എന്നെയും ആ പദവിയിലെത്തിക്കേണമേ.”
അല്ലാഹു ഇഹത്തിലും പരത്തിലും ഏറ്റവും മികച്ച ജീവിതം നൽകാൻ കഴിയുന്നവനാണ്. അതുകൊണ്ട് അല്ലാഹുവിനോട് പ്രശ്നങ്ങളും പരീക്ഷങ്ങളും നൽകണേ എന്ന് പ്രാർത്ഥിക്കുന്നതിന് പകരം നമ്മെ തേടിയെത്തുന്ന പരീക്ഷണങ്ങളിൽ ക്ഷമ അവലംബിക്കുകയും അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കുകയുമാണ് വേണ്ടത്. പരീക്ഷണങ്ങൾ നിങ്ങളെ തേടി വരുമ്പോൾ ക്ഷമയുള്ളവരാവുക. അങ്ങനെ ക്ഷമ അനുഭവിക്കുന്ന വേളയായിരിക്കും നാം അല്ലാഹുവുമായിട്ട് ഏറ്റവും അടുക്കുന്ന നേരം. അതുപോലത്തന്നെ, പ്രാർത്ഥിക്കുമ്പോൾ കാരുണ്യവാനായ നാഥാനോടാണ് ഞാൻ ചോദിക്കുന്നത് എന്ന ബോധത്തിൽ ഏറ്റവും നല്ലത് മാത്രം ചോദിക്കാൻ നാം ശ്രമിക്കണം.
അല്ലാഹു പരലോകത്തും ഇഹലോകത്തും നമുക്ക് ഏറ്റവും മികച്ച ജീവിതം പ്രധാനം ചെയ്യുമാറാകട്ടെ. അവൻ നമ്മെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യട്ടെ. ക്ഷമയുടെയും സഹനത്തിന്റെയും ഏറ്റവും ഉന്നതമായ രൂപം നമ്മിൽ ഉണ്ടാവാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
വിവ – ടി.എം ഇസാം
📲 വാട്സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1