ധനം അല്ലാഹുവിന്റേത്; മനുഷ്യൻ കൈകാര്യ കർത്താവ് മാത്രം

പൈസ മനുഷ്യനുള്ളത് ; മനുഷ്യൻ പൈസക്കുള്ളതല്ല എന്നർഥം വരുന്ന ഒരു ഉറുദു ചൊല്ലുണ്ട്. ധനം ജൈബിലാവണം , ഖൽബിലാവരുത് എന്ന അർഥത്തിൽ ഒരറബി ചൊല്ലുമുണ്ട്. രണ്ടു ചൊല്ലും നമ്മോട് പറയുന്നത് നാം നമ്മുടെ കൈയ്യിലുള്ള ധനത്തിന്റെ അടിമകളാവരുത് എന്ന് തന്നെയാണ്. المال مال الله ، والإنسان خليفة الله والخلق عيال الله എന്ന് ഇസ്ലാമിസ്റ്റുകളുടെ ഒരു മുദ്രാവാക്യമാണ്. ‘പണം അല്ലാഹുവിന്റെത് , മനുഷ്യൻ അവന്റെ പ്രതിനിധി, സൃഷ്ടികൾ അവന്റെ കുടുംബവും .’ നാം പ്രഘോഷണം നടത്താനുദ്ദേശിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം വന്നിട്ടുള്ള ഈ മുദ്രാവാക്യത്തെ ഇസ്ലാമിക ലോകം മുഴുവൻ ഏറ്റെടുത്തിരുന്നെങ്കിൽ ലോകത്തെവിടെയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അനായാസം കഴിയുമായിരുന്നു. ധനം ഒരിടത്ത് കെട്ടിക്കിടക്കുന്നതാവരുത് എന്നത് ഇസ്ലാമിക ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാനമായാണ് ഖുർആൻ പഠിപ്പിക്കുന്നത്.
كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاءِ مِنكُمْ 59:7 Fluidity/ ദ്രവത്വമാണ് ധനത്തിന്റെ അടിസ്ഥാനം ; Carnality /ജഡികത്വം ഒരിടത്തുള്ള സാമ്പത്തിക മന്തിനും (inflation/ പണപ്പെരുപ്പം ) മറ്റൊരു സ്ഥലത്തെ ബലഹീനത ( crisis/ പ്രതിസന്ധി ) ക്കും ഇടവെക്കുമെന്ന് ലോകത്തിന്റെ അസന്തുലിത സാമ്പത്തിക വളർച്ചയും വിളർച്ചയും നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.
പണമാണ് മനുഷ്യജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകം. അതുകൊണ്ടാണ് അതിനെ ദൈവികമായ മാർഗദർശനത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിപ്പിക്കാൻ കഴിയും, അല്ലെങ്കിൽ ദുരിതത്തിന്റെയും വ്യതിചലനത്തിന്റെയും കുറ്റകൃത്യത്തിന്റെയും പാതയിലൂടെ സഞ്ചരിപ്പിക്കാനും കഴിയും.. അതിനാൽ, ജീവിതത്തെ നിയന്ത്രിക്കുന്ന ഭരണഘടനയായ വിശുദ്ധ ഖുർആൻ വിശ്വാസികളുടെ ദാമ്പത്തിക ജീവിതത്തെയും സാമ്പത്തിക വളർച്ചയെയും ഒരുപോലെ കൈകാര്യം ചെയ്യുന്നത്. വിശ്വാസികൾ പണവുമായുള്ള സാധാരണ മനുഷ്യബന്ധം സ്ഥാപിക്കുന്നതിലും അത് സമ്പാദിക്കുന്നതിൽ പാലിക്കേണ്ട നൈതികതയും അതിലെ സുതാര്യതയും നിലനിർത്തുന്നതിലും ഖുർആൻ ശ്രദ്ധിക്കുന്നുണ്ട്.
സ്രഷ്ടാവിന്റെ സമഗ്ര വികസന തത്വമനുസരിച്ച് ഈ പ്രപഞ്ചത്തിൽ മനുഷ്യജീവിതം ശരിയായ രീതിയിൽ സുഗമമാക്കുന്നതിന് ചില പ്രത്യേക നിർദ്ദേശങ്ങൾ കൂടിയേ തീരൂ. മനുഷ്യന്റെ സാമ്പത്തിക ജീവിതം നിർമ്മിക്കാനും നന്നാക്കാനും അതിനുള്ള വഴിയൊരുക്കാനും അത്തരം ചില നിർദ്ദേശങ്ങൾ അനിവാര്യമാണ്. ശരിയായ ഗതാഗത നിയന്ത്രണത്തിന് ചില പ്രത്യേക നിർദ്ദേശങ്ങളുള്ളത് പോലെ ചില Dos and Donts/ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും സാമ്പത്തിക വിഷയങ്ങളിലും ഖുർആൻ നിർദേശിക്കുന്നുണ്ട്.
ഇസ്ലാമിക സാമ്പത്തിക ചിന്തകനും അസ്ഹർ സർവകലാശാലയിലെ ഇസ്ലാമിക് ഇക്കണോമിക്സ് പ്രൊഫസറും ഈയിടെ നിര്യാതനുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹലീം ഉമർ(1942 – 2020 CE)
മനുഷ്യനും പണവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിലും പണത്തിന്റെ അത്ഭുത പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിലും വിശുദ്ധ ഖുർആനിലെ ശൈലിയെ കുറിച്ച് തന്റെ ഗ്രന്ഥങ്ങളിലെല്ലാം വിശദമായി പരാമർശിക്കുന്നുണ്ട്.
മനുഷ്യർക്ക് പ്രയോജനകരമായ എല്ലാ സാമ്പത്തിക ചർച്ചയും ഖുർആനിൽ വന്നിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദാരിദ്രം, സാമ്പത്തിക സ്ഥിരത, ഭൂമിയുടെ പുനർനിർമ്മാണം എന്നിങ്ങനെ പല പേരുകളിലും നടത്തുന്നത് ധനതത്വ ചർച്ചകളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം പണം / മാൽ എന്ന പദം ഖുർആനിൽ 86 തവണ വ്യത്യസ്ത സംയോജന / നിഷ്പന്ന രൂപങ്ങളിൽ വ്യക്തമായി ഖുർആൻ പരാമർശിച്ചിട്ടുണ്ട്. കൂടാതെ നന്മ/ ഖൈർ, ദൈവകൃപ / ഫദ്ലുല്ലാഹ്, നല്ല കാര്യങ്ങൾ / ത്വയ്യിബാത് തുടങ്ങിയ പര്യായപദങ്ങളാലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പണത്തിന്റെ തരങ്ങൾ – സ്രോതസ്സുകൾ – കടലുകൾ, നദികൾ , കര, മറ്റു ജലസ്രോതസ്സുകൾ, അവയിൽ അടങ്ങിയിരിക്കുന്ന സമ്പത്ത്, കാർഷിക, ധാതു, കന്നുകാലി സമ്പത്ത് എന്നിവ മുഴുവൻ ഖുർആൻ പരാമർശിച്ചിട്ടുണ്ട്.
സമ്പാദ്യം, ചെലവ്, വികസനം, സകാത്, സ്വദഖ, മറ്റു ചെലവഴിക്കലുകൾ , അളവെടുപ്പ്, തൂക്കം, അനന്തരാവകാശം, സാമ്പത്തിക ഇടപാടുകൾ, വാങ്ങൽ , കൊടുക്കൽ തുടങ്ങിയ അനുബന്ധ ഇടപാടുകൾ തുടങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട വിധികളെ വ്യക്തമാക്കുകയും നിജപ്പെടുത്തുകയും ചെയ്യുന്ന നിരവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. വിൽപന, പാട്ടത്തിനെടുക്കൽ, പണയപ്പെടുത്തൽ, കടങ്ങൾ, ദ്രോഹകരമായ സാമ്പത്തിക തിരിമറികളുടെ നിരോധനം, പലിശ, ജനങ്ങളുടെ പണം അന്യായമായി ദക്ഷിക്കൽ , മോഷണം, അവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയ ജൈവികമായ സാമ്പത്തിക ചർച്ചകളെല്ലാം ചേർത്ത് വെച്ചാൽ ഏതാനും വാള്യങ്ങളുള്ള ഗ്രന്ഥങ്ങൾ തന്നെ രചിക്കാനുള്ള സ്റ്റഫ് ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഖുർആൻ നല്കുന്നുണ്ട്.
وآتوهم من مال الله الذي آتاكم എന്നതാണ് ആ വിഷയത്തിലെ കേന്ദ്ര ആയത്. ‘അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള അവന്റെ സമ്പത്തിൽ നിന്ന് അവർക്ക് നിങ്ങൾ നൽകി സഹായിക്കുകയും ചെയ്യുക ‘ 24:33
ധനം പ്രതിഫലദായകം ശിക്ഷാ കാരണവും
പാപമുക്ത ജീവിതം വരിച്ച്,പാപമോചനം തേടുന്നതിൽ ഉറച്ചുനിൽക്കുന്നവർക്ക് ഭൗതികമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരുമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഖുർആനിലുണ്ട്. ഉദാ:-
അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു.
അവൻ നിങ്ങൾക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും. 71: 10-12
തിന്മയും കഷ്ടതയും വിപത്തും പെയ്തിറക്കി പരീക്ഷണത്തിലകപ്പെടുത്താനും അവനാവും .
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. 2:155
വിശുദ്ധ ഖുർആൻ പണത്തെ ഖൈർ / നന്മ എന്ന് വിശേഷിപ്പിക്കാറുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു. ഖുർആൻ പറയുന്നു:
“തീർച്ചയായും, മനുഷ്യനെ നന്മയോടുള്ള സ്നേഹം തീവ്രമാണ്.” 100: 8
“നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ, അയാൾ ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാൻ നിങ്ങൾ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ഒരു കടമയത്രെ അത്. “2:180
നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. 2:215
മുപ്പത്തിയാറ് സൂക്തങ്ങളിൽ ആത്മാവ്, കുട്ടികൾ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് സ്വത്തിനെ / മാൽ പരാമർശിക്കുന്ന വാക്യങ്ങളിൽ സ്വത്തിനെ കുറിച്ചുള്ള പരാമർശം ആദ്യത്തിലാണ് വന്നിട്ടുള്ളത്.
‘സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിൻറെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർമ്മങ്ങളാണ് നിൻറെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതും.’ 18:46
ഇസ്ലാമിലെ ഏറ്റവും മികച്ച സംഗതികളിലൊന്നായ ജിഹാദിനെ പരാമർശിച്ചപ്പോഴും ശാരീരികമായ ജിഹാദ് പറയുന്നതിന് മുമ്പ് സമ്പത്ത് കൊണ്ടുള്ള ജിഹാദിനെയാണ് അല്ലാഹു എടുത്ത് പറഞ്ഞത് :
തങ്ങളുടെ സ്വത്തുക്കളും, ദേഹങ്ങളുംകൊണ്ട് സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാൾ അല്ലാഹു പദവിയാൽ ശ്രേഷ്ഠ രാക്കിയിരിക്കുന്നു 4:95
നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് സന്ദേഹപ്പെടാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ (ധർമ്മ) സമരം ചെയ്യുകയും ചെയ്യുന്നവർ മാത്രമാകുന്നു. അക്കൂട്ടർ തന്നെയാണ് സത്യവാന്മാർ. 49:15
പ്രാതിനിധ്യ സ്വത്ത്
മനുഷ്യജീവിതത്തിൽ പണത്തിന്റെ പ്രാധാന്യവും ഭൂമിയുടെ പുനർനിർമ്മാണത്തിലും വികസനത്തിലും അതിന്റെ പങ്കും കണക്കിലെടുക്കുകയും മറ്റുള്ളവരുടെ പണം അതിക്രമിച്ച് അന്യായമായി ഭക്ഷിക്കുന്നതിനെ ഖുർആൻ വിലക്കുകയും ചെയ്യുന്നു:
അന്യായമായി നിങ്ങൾ അന്യോന്യം സ്വത്തുക്കൾ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽ നിന്ന് വല്ലതും അധാർമ്മികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്. 2:188
ധനത്തെ വളരെ നിസ്സാരമായി കൈകാര്യം ചെയ്യുന്നത് കർശനമായി നിരോധിക്കുന്നു :
അല്ലാഹു നിങ്ങൾക്ക് ഒരു നിലനിൽപ് (മാർഗം) ആക്കിത്തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കളെ നിങ്ങൾ ഭോഷൻമാർക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതിലൂടെ [അതുവഴി] നിങ്ങൾ അവർക്ക് ഉപജീവനം നൽകുകയും, അവർക്ക് വസ്ത്രം നൽകുകയും ചെയ്യുവിൻ, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിൻ. 4:5
പണം ലൗകിക ജീവിതത്തിന്റെ അലങ്കാരമാണ്, അത് നിയമാനുസൃതമായിരിക്കുന്നിടത്തോളം അത് ആസ്വദിക്കാനുള്ള മനുഷ്യന്റെ അവകാശം ധാർമികമാണ്. പണത്തോടുള്ള മനുഷ്യന്റെ സ്നേഹം സഹജമായ സ്നേഹമാണെന്ന് ഖുർആൻ സ്ഥിരീകരിക്കുന്നു
പണത്തോടുള്ള സ്നേഹമുള്ളതോടാപ്പം അത് ചെലവഴിക്കുന്ന 2:177
അതോടൊപ്പം പരീക്ഷണമാണതെന്ന് മുന്നറിയിപ്പ് നൽകുന്നു : നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്. 54:15
ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. 63: 9
ഈ വാക്യങ്ങൾ പണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നില്ല.ഹലാലായി പണം എങ്ങനെ ഉണ്ടാക്കാമെന്നാണ് പഠിപ്പിക്കുന്നത്. അതോടൊപ്പം പണത്തിന്റെ പവിത്രതയും പരിശുദ്ധിയും അത് നിഷിദ്ധമാവുന്ന ഇടങ്ങളും ക്ലിപ്തപ്പെടുത്തുന്നു. അതിന്റെ സംരക്ഷണവും നിക്ഷേപവും ബോധപൂർവ്വമായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു.
ധൂർത്ത് ഒഴിവാക്കി പകരം മിതമായ തോതിൽ ചെലവഴിക്കുന്ന രീതി ( اقتصاد / Economics ) ഇസ്ലാം പഠിപ്പിക്കുന്നു. പണം ഇരുതല മൂർച്ചയുള്ള വാളാണ്. അത് ജീവിതം സ്ഥാപിക്കാനാണ് ഉപയോഗിക്കേണ്ടത്. ജീവൻ നശിപ്പിക്കാൻ ഉപയോഗിച്ചാലത് തിന്മയാണ്. അതിനാൽ, വിശുദ്ധ പണത്തിന്റെ ഹാനികരമായ ഉപയോഗത്തിനെതിരെ ഖുർആൻ മുന്നറിയിപ്പ് നൽകുന്നു.
‘നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിൻ; നിങ്ങളെ അവൻ ഏതൊന്നിൽ പ്രാതിനിധ്യം നൽകപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതിൽനിന്ന് നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ. എന്നാൽ, നിങ്ങളിൽനിന്ന് യാതൊരുവർ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവർക്ക് വലുതായ പ്രതിഫലമുണ്ട്. 57:7
അല്ലാഹു മൂന്ന് കാര്യങ്ങൾ നിങ്ങൾക്കായി ഇഷ്ടപ്പെടുകയും മൂന്നെണ്ണം നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു എന്ന് പറയുന്ന വിശദമായ ഹദീസിൽ വെറുക്കുന്ന സംഗതിയായി നബി (സ) എടുത്തു പറഞ്ഞ ഒരു സംഗതി പണം പാഴാക്കലാണ്. പണം സ്വന്തമായാലും സമൂഹത്തിന്റെതായാലും വെറുതെ നശിപ്പിച്ച് കളയാനുള്ളതല്ല എന്ന വലിയൊരു സാമ്പത്തിക അച്ചടക്കമാണ് നബി പഠിപ്പിക്കുന്നത്.
സകാത് / സ്വദഖ / ഇൻഫാഖ് / ഖർദുൻ ഹസൻ
ഖുർആനിലെ നൂറ്റി മുപ്പത് വാക്യങ്ങളിൽ നിർബന്ധ ബാധ്യതയായ സകാതിന്റെ പ്രാധാന്യത്തിലൂന്നി സംസാരിക്കുന്ന ഖുർആൻ എൺപത്തിരണ്ട് സ്ഥലങ്ങളിൽ നമസ്കാരത്തോട് ചേർത്താണ് പറഞ്ഞിട്ടുള്ളത് أقاموا الصلاة وآتوا الزكاة പോലെ( നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന) .. ഇതിന്റെ വിശദീകരണങ്ങൾ ഹദീസ് / ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ലഭ്യമാണ്.
ഏതാണ്ട് അതേ അർഥത്തിലും അതോടൊപ്പം ഐശ്ചികദാനം എന്ന അർഥത്തിലും ഖുർആൻ ഉപയോഗിച്ച പദമാണ് സ്വദഖ .സകാതിന്റെ അർഹരായ ആളുകളെ എണ്ണിപ്പറയുന്നയിടത്ത് സ്വദഖാത് എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് കൊണ്ട് ആ പദം നിത്യദാനം എന്ന് പരിഭാഷപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ പദമാണത്. അഥവാ നിർബന്ധവും ഐശ്ചികവുമായ ദാനങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന വഴക്കമുള്ള പദമാണിത്.
ദാനധർമ്മങ്ങൾ ( നൽകേണ്ടത് ) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിൻറെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ( ഇസ്ലാമുമായി ) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ ( മോചനത്തിൻറെ ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവർക്കും, അല്ലാഹുവിൻറെ മാർഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കൽ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. 9:60
ഭാഷാശാസ്ത്രജ്ഞർ പറയുന്നതുപോലെ ഒരു വിശ്വാസി തന്റെ പണത്തിൽ നിന്ന് സ്വമേധയാ നൽകുന്നതാണ് സ്വദഖ . അല്ലാഹുവോട് അടുക്കുക എന്ന ഉദ്ദേശ്യത്തോടെ പണത്തിൽ നിന്ന് നൽകുന്നതിനെ മാത്രമല്ല സ്വദഖ എന്ന് പറയുന്നത്. പ്രത്യുത എല്ലാ സത്പ്രവൃത്തികളെയും സൂചിപ്പിക്കുന്ന പദമാണത്.’എല്ലാ നന്മയും സ്വദഖയാണ് كل معروف صدقة ഈ ഹദീസ് സൂചിപ്പിക്കുന്നത് ഒരു വ്യക്തി ചെയ്യുന്നതോ പറയുന്നതോ ആയ എല്ലാ നല്ല കാര്യങ്ങളും അവനുവേണ്ടി സ്വദഖയായി രേഖപ്പെടുത്തപ്പെടുന്നു എന്നാണ് സ്വഹീഹുൽ ബുഖാരിക്ക് വിശദീകരണ ഗ്രന്ഥമെഴുതിയിട്ടുള്ള ഇമാം ഇബ്നു ബത്ത്വാൽ ( D 449 AH / 1057 CE )പറഞ്ഞത്
വളരെ വിപുലമായ മറ്റൊരു ഓഹരിയാണ് ഖുർആൻ പറയുന്ന ഇൻഫാഖ്. അതിനു യാതൊരു പരിധിയുമില്ല. സമൂഹത്തിന്റെ ആവശ്യം പൂർത്തീകരിക്കുന്നതിന് എത്ര അളവിൽ നല്കേണ്ടതുണ്ടോ അത്രയും അളവിൽ ഇൻഫാഖ് ചെയ്യാൻ ഇസ്ലാമിക സമൂഹം – ധനികരാവട്ടെ അല്ലാത്തവരാവട്ടെ – ബാധ്യസ്ഥരാണ്. ആ വാക്കിന് ‘ചെലവഴിക്കൽ’ എന്നാണ് ഭാഷാർഥം. 57 ആയതുകളിലായി 72 നിഷ്പന്നപദങ്ങളിലൂടെ ആവർത്തിച്ച് ആവർത്തിച്ച് വന്ന പദമാണ് ഇൻഫാഖ് . മകീ സൂറകളിൽ പോലും പതിനൊന്ന് സ്ഥലങ്ങളിൽ ഈ പദം വന്നിട്ടുണ്ട്.
ഖർദ് ഹസൻ എന്നത് എപ്പോഴെല്ലാം സമൂഹത്തിന് മുന്നിലെ ആവശ്യങ്ങൾ നിറവേറ്റാൻ ,പ്രധാനമായും ക്ഷേമ ആവശ്യങ്ങൾക്കായി നൽകുന്ന വായ്പയാണത്. കടം വാങ്ങുന്നയാൾ കടം വാങ്ങിയ തുക പലിശയില്ലാതെ തിരിച്ചടച്ചാൽ മതിയാകും. എന്നാൽ ഖുർആൻ പ്രോത്സാഹിപ്പിക്കുന്ന ഖർദുൻ ഹസൻ സ്വർഗമാവുന്ന പകരം മാത്രം ആഗ്രഹിച്ച് വിശ്വാസി അല്ലാഹുവിന് നല്കുന്ന സദ് ദാനമാണ് / നല്ല കടമാണത് . ഖുർആൻ 2: 245, 5:12, 57:11, 18, 64:17, 73:20 എന്നിവയിലെല്ലാം ഈ കടം എടുത്തു പറയുന്നുണ്ട്. അവന്റെ മാർഗത്തിൽ നമ്മുടെ കയ്യിലുള്ള ധനവും മറ്റു വിഭവങ്ങളും പകുത്തു നല്കാൻ (ഖർദുൻ ഹസൻ ) ആവശ്യപ്പെടുകയാണ് ഉപരിസൂചിത സൂക്തങ്ങൾ. നമ്മുടെ കയ്യിലുള്ളതിൽ ഏറ്റവും നല്ല ഭാഗം മുറിച്ച് നമ്മുടെ സമൂഹത്തിൽ പകുത്ത് നൽകുന്ന രീതിയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ഈ ഫണ്ട് റൈസിങ് സിസ്റ്റം.
മനുഷ്യനിലുള്ള ലുബ്ധ് ഇല്ലാതാക്കുവാനുള്ള വ്യത്യസ്തമായ ചെലവഴിക്കൽ രീതികളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വിശ്വാസിയുടെ ഹൃദയം ധനത്തിൽ കെട്ടിപ്പൂട്ടിയിടൽ നിഷിദ്ധമായത് പോലെ അവന്റെ ധനവും ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവരുതെന്നും മനസ്സാ – വാചാ – കർമണാ ഒഴുകുന്ന നദി കണക്കെയായിരിക്കണം അവനും അവന്റെ സമ്പത്തുമെന്നാണ് ഈ നാല് ഘട്ടങ്ങളിലുള്ള ചെലവഴിക്കലുകൾ പഠിപ്പിക്കുന്നത് കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്ന മഖാസ്വിദ്. വ്യക്തിയുടെ വിശുദ്ധിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ഒരുപോലെ സാധ്യമാവുന്നതാണ് ഇസ്ലാമിലെ സാമ്പത്തിക നിർവഹണം / financial governance. അത് വ്യക്തിപരമായി നിർവ്വഹിക്കുന്നതിലൂടെ വിശുദ്ധിയോ അഭിവൃദ്ധിയോ ഉണ്ടാക്കുന്നതിന് പകരം മുതലാളിമാരോടുള്ള വിധേയത്വമുണ്ടാക്കാനേ ഉപകരിക്കൂ എന്നതിന് നമ്മുടെ നാട്ടിലെ സകാത് സിസ്റ്റം തന്നെ ഏറ്റവും വലിയ തെളിവ്.
ഈ നാല് സംവിധാനങ്ങളും നമ്മിലെ ശുഹ്ഹുന്നഫ്സിനെ/ ലുബ്ധതയെ അതിജയിക്കാനായി റബ്ബ് ബോധപൂർവ്വം നിശ്ചയിച്ച് തന്ന ഇടങ്ങളാണ്. റമദാനിനെ അത്തരം ചെലവഴിക്കലുകൾക്ക് ഓഡിറ്റിങിനുള്ള അവസരമാക്കാവുന്നതാണ്. നബി (സ) റമദാൻ മാസത്തിലെ ദാനധർമങ്ങൾക്ക് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും അവസാന പത്തിൽ വീശിയടിക്കുന്ന കാറ്റിനെ പോലെ ആയിരുന്നുവെന്നും ഹദീസുകളിൽ കാണാം.
اللهم إني أعوذ بك من الجبن، وأعوذ بك من البخل، وأعوذ بك من أن أرد إلى أرذل العمر، وأعوذ بك من فتنة الدنيا، وعذاب القبر. അല്ലാഹുവേ, ഭീരുത്വത്തിൽ നിന്നും പിശുക്കിൽ നിന്നും , നികൃഷ്ടമായ രീതിയിൽ ആയുസ് നീളുന്നതിൽ നിന്നും ഈ ലോകത്തിന്റെ പരീക്ഷണങ്ങളിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു എന്ന പ്രാർഥന പല വിഷയങ്ങളും നമ്മെ ഓർമിപ്പിക്കുന്ന കൂട്ടത്തിൽ പിശുക്കിൽ നിന്നും മുക്തനാവേണ്ടതുണ്ടെന്ന ബോധം നമ്മിൽ സജീവമാക്കും. ( തുടരും )