ഖുർആനും റമദാനും

شَهۡرُ رَمَضَانَ ٱلَّذِیۤ أُنزِلَ فِیهِ ٱلۡقُرۡءَانُ.. (വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ… ( ബഖറ 185 ) റമദാൻ മാസത്തെ കുറിച്ച് അല്ലാഹു പരാമർശിക്കുന്ന വിശുദ്ധ ഖുർആനിലെ ഏക സൂക്തമാണിത്. റമദാൻ എന്ന പദം തന്നെ അല്ലാഹു ഈ ഒരൊറ്റ സ്ഥലത്ത് മാത്രമാണ് പ്രയോഗിച്ചിട്ടുള്ളത്.വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാൻ മാസത്തിൽ നിർബന്ധമായും അനുഷ്ഠിക്കേണ്ട ഒരു കർമ്മമാണ് നോമ്പ് എന്നത്. ആ നോമ്പിനെ കുറിച്ചും അതിൽ കടന്നുവരുന്ന ലൈലത്തുൽ ഖദറിനെ കുറിച്ചുമെല്ലാം വ്യത്യസ്ത ഭാഗങ്ങളിൽ അല്ലാഹു സൂചിപ്പിക്കുന്നുണ്ട്. പക്ഷെ റമളാൻ എന്ന മാസത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ഈ ഒരൊറ്റ സ്ഥലത്ത് മാത്രമാണ്. റമദാൻ എന്ന പദം കൊണ്ടുള്ള വിവക്ഷ ഭാഷാ പണ്ഡിതന്മാർ സൂചിപ്പിക്കുന്നത്, رمض എന്നാൽ- شدة الحار (കഠിനമായ ചൂട് )എന്നതാണ്. ഈ പദത്തിന്റെ مبالغة യാണ് അതിന്റെ തീവ്രമായ രൂപമാണ് رمضان എന്ന പദം സൃഷ്ടിക്കുന്നത്. ( അതി കഠിനമായ ചൂട് ). ഭൂമിശാസ്ത്രപരമായി റസൂൽ നിൽക്കുന്ന പ്രദേശം മക്ക കൊടും ചൂടുള്ള പ്രദേശമാണ്. മനുഷ്യന് ആരാധിക്കുവാൻ ഉള്ള കേന്ദ്രമാക്കി ആ ഭവനത്തെ അല്ലാഹു തിരഞ്ഞെടുത്തതിലുള്ള യുക്തി വളരെ മനോഹരമാണ്. ഹജ്ജിനും ഉംറക്കും വേണ്ടി ഒരാൾ അങ്ങോട്ട് പുറപ്പെടുന്നുവെങ്കിൽ അതു മാത്രമായിരിക്കും അയാളുടെ ലക്ഷ്യം. അല്ലാതെ അവിടെ പ്രകൃതിരമണീയമായ മറ്റ് കാഴ്ചകൾക്കും ഉല്ലാസത്തിനും വേണ്ടി അങ്ങോട്ടേക്ക് ആരും പോകാറില്ല. അതേസമയം ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ വർണ്ണാലങ്കാരമായ ടൂറിസ്റ്റ് സ്പോർട്ടുകൾ ധാരാളം ഉണ്ട്.പക്ഷേ ഈ സ്ഥലത്ത് ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് തീർത്ഥാടനത്തിന് മാത്രമായിരിക്കും.വളരെ വ്യവസ്ഥാപിതമായി അല്ലാഹു ഈ പ്രദേശത്തെ പോലും തിരഞ്ഞെടുത്തിരിക്കുന്നത്. അറേബ്യ തന്നെ ഏറ്റവും കൊടുംചൂടിൽ എത്തുന്ന സമയത്തായിരുന്നു റമദാൻ കടന്നുവരുന്നതും.ഈ വരണ്ടുണങ്ങിയ പ്രദേശത്തെ ആണ് അല്ലാഹു ഈമാനിന്റെ ജലനിരപ്പു കൊണ്ട് കൈപിടിച്ചുയർത്താൻ നോക്കിയത്. വറ്റി വരണ്ടുപോയ മനസ്സുകളിലേക്ക് ഖുർആൻ ആകുന്ന ജലം അല്ലാഹു ഇറക്കുകയായിരുന്നു. ഒടുവിൽ ആ ജനത്തെ വരൾച്ചയിൽ നിന്നും വളർച്ചയിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു വിശുദ്ധ ഖുർആൻ ചെയ്തത്. ഹിദായത്താകുന്ന ശമനമാണ് ഖുർആൻ അവർക്ക് സമ്മാനിച്ചത്. ഖുർആനിൽ വ്യത്യസ്ഥ സ്ഥലങ്ങളിൽ അല്ലാഹു വിശുദ്ധ ഖുർആനെ മഴയോട് ഉപമിക്കുന്നതായി കാണാൻ സാധിക്കും. ആ ഉപമ തന്നെ വളരെ വിശദീകരണാർഹമാണ്. ആകാശ ലോകത്ത് നിന്ന് അല്ലാഹു നമുക്കയച്ച ഒരു കാർഗോ എന്ന രൂപത്തിലാണ് നാം മനസ്സിലാക്കേണ്ടത്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വ്യക്തി ഒരു കത്തയച്ചാൽ വളരെ ആകാംക്ഷയോടെയാണ് നാമത് തുറന്ന് നോക്കുക, വല്ലാത്ത ആർത്തിയോടെ കത്തിലെ ഒരോ വരികളിലൂടെയും നാം സഞ്ചരിക്കും. എന്നാൽ വിശുദ്ധ ഖുർആനാകുന്ന കാർഗോ നമുക്ക് ലഭിച്ചട്ട് 14 നൂറ്റാണ്ടിലധികമായി. അത് മനസ്സിലാക്കാൻ ഒരു പാട് സ്രോതസ്സുകൾ ലഭ്യമായിട്ടും വേണ്ട പോലെ ആരും പരിഗണിച്ചില്ല .
യഥാർതത്തിൽ ഖുർആൻ ആവിശ്യപ്പെടുന്ന പഠനം എന്നത്: ” كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ مُبَـٰرَكࣱ لِّیَدَّبَّرُوۤا۟ ءَایَـٰتِهِۦ وَلِیَتَذَكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ ” (നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി.)
[Surah Sâd: 29]. പ്രപഞ്ച നാഥന്റെ വചനങ്ങളുടെ പിറകിലൂടെ സഞ്ചരിച്ച് അതിന്റെ ആന്തരിക പൊരുത്തവും ബന്ധവും മനസ്സിലാക്കാനാണ് ഖുർആൻ ആവിശ്യപ്പെടുന്നത്. മാത്രവുമല്ല, هدا للناس എന്നാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകമായി സത്യവിശ്വാസികളോടൊ ഏതെങ്കിലും വിഭാഗക്കാരോടൊ അല്ല , മറിച്ച് ഒഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത്. സൂറ: ബഖറ യുടെ തന്നെ തുടക്കത്തിലും അല്ലാഹു സൂചിപ്പിക്കുന്നതായി കാണാം. പ്രപഞ്ചമഖിലം അടക്കി ഭരിക്കുന്ന അല്ലാഹു തന്ന വലിയൊരു മൂല്യവത്തായ ഗിഫ്റ്റാണ് ഖുർആൻ. നല്ല അറിവും വിവേകവുമുള്ള ഒരാൾക്ക് ഹിദായത്ത് കിട്ടണമെന്നില്ല. അത് അല്ലാഹു കൊടുക്കേണ്ടതാണ്. പക്ഷെ അറിവും ബുദ്ധി വൈഭവും കൊണ്ട് തന്റെ നാഥനിലേക്ക് എത്താനാണ് ഒരു മനുഷ്യൻ ശ്രമിക്കേണ്ടത്. ചരുക്കത്തിൽ ‘ഹിദായത്ത്’ എന്നുള്ളത് ലോക മനുഷ്യർക്ക് അല്ലാഹു നൽകിയ ഗിഫ്റ്റാണ്. ആ കനപ്പെട്ട ഗിഫ്റ്റ് നമുക്ക് തന്ന മാസമാണ് റമദാൻ.
വചനത്തിന്റെ തൊട്ടടുത്ത ഭാഗത്ത് അല്ലാഹു പറയുന്നത്: وَبَیِّنَـٰتࣲ مِّنَ ٱلۡهُدَىٰ.. ” വളരെ തെളിഞ്ഞ തെളിവുകളുള്ള ഖുർആൻ” , സൻമാർഗ്ഗത്തിന്റെ സുവ്യക്തമായ തെളിവുകൾ കൊണ്ടുവന്ന ഗന്ഥം.
മുൻകാല പ്രവാചകന്മാർക്ക് അല്ലാഹു നിരവധി മുഅ്ജിസത്തുകൾ നൽകിയതായി കാണാം. മുഅ്ജിസത്തുകളും അതുപോലെ തന്നെ ഗ്രന്ഥവും ഇവ രണ്ടും വേറെ ആയിട്ടാണ് അല്ലാഹു നൽകിയത്. അതേസമയം റസൂൽ (സ) യുടെ കാര്യത്തിലേക്ക് നാം വരുമ്പോൾ തീർച്ചയായും അല്ലാഹു നിരവധി മുഅ്ജിസത്തുകൾ നൽകിയിട്ടുണ്ട് പക്ഷെ, ഏറ്റവും വലിയ മുഅ്ജിസത് പ്രവാചകന് ലഭിച്ചത് വിശുദ്ധ ഖുർആനാകുന്ന ഗ്രന്ഥം തന്നെയായിരുന്നു. ഖുർആന്റെ മുഅ്ജിസത്ത് തന്നെ മറ്റൊരു വിഷയമാണ്. അതുകൊണ്ട് തന്നെ ഖുർആനെ ഒരാൾ എത്ര ആഴത്തിൽ പഠനം നടത്തുന്നുവോ അത്രയും ദൃഷ്ടാന്തങ്ങൾ ഖുർആൻ സ്വയം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. അതിന്റെ ദൈവികതക്ക് സ്വയം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി തെളിവുകൾ അത് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. അല്ലാഹു ഇവിടെ ഉപയോഗിച്ച മറ്റൊരു പദമാണ് ‘فرقان ‘ ” സത്യത്തേയും അസത്യത്തേയും വളരെ കൃത്യമായി വേർതിരിച്ചു കാണിക്കുന്ന ഗ്രന്ഥം.
വിശുദ്ധ ഖുർആനിൽ فرق എന്ന പദം മൂസ (അ) യുടെ ചരിത്രത്തിൽ അല്ലാഹു ഉപയോഗിക്കുന്നതായി കാണാം. ഉദാ: സൂറ: ബഖറയിൽ:
وَإِذۡ فَرَقۡنَا بِكُمُ ٱلۡبَحۡرَ فَأَنجَیۡنَـٰكُمۡ.. മൂസ (അ) ആ കടൽ രണ്ടായി പിളർത്തിയ സംഭവം. അപ്പോൾ രണ്ടാക്കി മാറ്റുക, സത്യവും അസത്യവും, നെല്ലും പതിരും വേർതിരിച്ചു കാണിക്കുന്നതിനുളള ഗ്രന്ഥം. കടലും കരയും വേർതിരിച്ച പോലെ. ഖുർആനിന്റെ പ്രഥമ അഭിസംബോധിതരായ അറബികളോട് റസൂൽ (സ) ഖുർആനാകുന്ന പ്രബോധനം സംസാരിക്കുമ്പോൾ അപ്പോൾ തന്നെ അവർക്ക് ആ വേർതിരിവ് മനസ്സിലായിരുന്നു. അവിടെ നിലവിലുണ്ടായിരുന്ന ഭാഷാ നിപുണൻമാരെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഒരു സുപ്രഭാതത്തിൽ പ്രവാചകൻ അവരോട് സംസാരിക്കുന്നത്. ചുരുക്കത്തിൽ ഖിയാമത്ത് നാൾ വരെ വരാനിരിക്കുന്ന ഏതൊരാൾക്കും സത്യം അല്ലെങ്കിൽ അസത്യം തിരഞ്ഞെടുക്കാനുള്ള ചോയ്സ് അല്ലാഹു ഖുർആനാകുന്ന ഗ്രന്ഥം കൊണ്ട് തന്നിരിക്കുന്നു.